വലിയപെരുന്നാൾ വലിയ കളിയാണ്, ഷെയിൻ വിലസി മേയുന്നു — ശൈലന്റെ റിവ്യൂ
ശൈലൻ
രാവിലെ ഒൻപതരയ്ക്ക് വലിയപെരുന്നാള് കാണാൻ ഗോൾഡ് സൂക്കിൽ കയറിയിട്ട് തിരിച്ചിറങ്ങിയപ്പോൾ ഒരുമണിയാവാറായിരുന്നു. മൂന്നുമണിക്കൂർ പത്ത് മിനിറ്റ് സിനിമയുടെ ദൈർഘ്യവും ഇടവേളയും പരസ്യങ്ങളും ഒക്കെയാവുമ്പോൾ മൂന്നരമണിക്കൂർ! ഗോൾഡിൽ ആണെങ്കിൽ മെയിന്റനൻസ് എന്ന പേരിൽ ലിഫ്റ്റുകളും എസ്കലേറ്ററും ഒന്നും പ്രവർത്തിക്കുന്നില്ല. നാലാം നിലയിലുള്ള സ്ക്രീനിലേക്ക് കോണി കയറിയിറങ്ങി. എന്നിട്ട് പോലും വലിയ പെരുന്നാൾ ഒരു മോശം അനുഭവമായില്ല. മൂന്നര മണിക്കൂറിൽ ഒരിക്കൽ പോലും മുഷിച്ചിൽ സമ്മാനിച്ചതുമില്ല.
അതാണ് പറഞ്ഞത് വലിയ പെരുന്നാൾ ഒരു ചെറിയ കളിയല്ല വലിയകളിയാണെന്ന്. പറവയിലും അന്നയും റസൂലിലും സ്റ്റോപ്പ് വയലന്സിലും ഒക്കെ നമ്മൾ കണ്ട ഫോർട്ട് കൊച്ചിയുടെ കുറച്ചുകൂടി വിപുലമായൊരു പതിപ്പ്. ബൃഹദാഖ്യാനം. ഗാംസ്സ് ഓഫ് വസിപ്പൂർ പോലുള്ള സിനിമകളുടെ മിനിയേച്ചർ പതിപ്പ്.

പുതുമുഖമായ ഡിമൽ ഡെന്നീസാണ് വലിയ പെരുന്നാളിന്റെ സംവിധായകൻ. തൻസീഖ് അബ്ദുൽ സലാമിനൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിമൽ തന്നെ. പുതുമുഖത്തിന്റെ കയ്യറപ്പ് തെല്ലുമില്ലാത്ത സ്റ്റൈലൻ മെയ്ക്കിംഗാണ് പടത്തിന്റേത്. മാമാങ്കം പോലും തിയേറ്ററുകാരെയും കാണികളെയും ഭയന്ന് രണ്ടര മണിക്കൂറായി ക്രോപ്പ് ചെയ്യുന്നിടത്ത് ദൈർഘ്യമേറിയ ഡീറ്റൈലിംഗിലൂടെ വല്യ പെരുന്നാളിനെ മൂന്നേകാൽ മണിക്കൂർ വലിച്ചുനീട്ടുന്നതിന് ഡിമലിന് തെല്ലും മടി ഉണ്ടാവുന്നില്ല, പേടിയും.

ഒരു വാചകത്തിലോ ഏതാനും വാചകങ്ങളിലോ എടുത്തുപറയാൻ ഒരു കഥയോ പാരമ്പരാഗതമട്ടിൽ വികസിച്ചു വരുന്ന ഒരു കഥാഗതിയോ വലിയപെരുന്നാളിന് ഇല്ല. ഏതാനും വ്യക്തികളുടെ അല്ലെങ്കിൽ ഫോർട്ട് കൊച്ചി പോലൊരു പ്രദേശത്തിന്റെ ഏതാനും കാലത്തെ ജീവിതമാണത്. റിയലിസ്റ്റിക് ആയ ട്രീറ്റ്മെന്റിലൂടെ ആണ് ഡിമൽ സിനിമയെ വേറെ ലെവലാക്കി അടയാളപ്പെടുത്തുന്നത്.
ഈ ഏതാനും പേർക്കിടയിലെ നമ്മുടെ കേന്ദ്രകഥാപാത്രമാണ് അക്കർ അഥവാ അക്തർ. സ്വന്തമായി ഡാൻസും പാട്ടും നായികയും പ്രണയവുമെല്ലാമുണ്ടെങ്കിലും അവനും മേല്പറഞ്ഞ സമൂഹത്തിലെ ഒരു കണ്ണി മാത്രം. ജീവിക്കുന്ന സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടു അക്തറെന്ന ക്യാരക്ടറിന് സ്വാഭാവികമായ ഡാർക്ക് ഷെയിഡുകളും അധോലോകത്തിലേക്ക് ചായാനുള്ള പ്രവണതയുമുണ്ട്.

ഒരു ലാർജ് സ്കെയിൽ ഗോൾഡ് റോബറിയോടെയാണ് വലിയ പെരുന്നാളിന്റെ തുടക്കം. സ്വാഭാവികമായും അക്തറും 'ഡൂഡുകളും' അതിൽ പങ്കാളികളാണ്. തുടർന്നുള്ള സിനിമയിലും ഫ്ലാഷ്ബാക്കുകളിലുമായി കവർച്ചയുടെ അന്വേഷണം അന്തർലീനമായി കിടക്കുന്നു. ഒടുവിൽ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളിലൂടെ സിനിമ യൂ ടേൺ അടിച്ചുനിൽക്കുകയും ചെയ്യുന്നു. കൊച്ചിയുടെ അരികുജീവിതവും സംഭാഷണശൈലിയുമെല്ലാം പിടിച്ചെടുക്കുന്നതിൽ സിനിമ നന്നായി വിജയിക്കുന്നു. പേരറിയുന്നവരും അറിയാത്തവരുമായി നൂറുകണക്കിന് കഥാപാത്രങ്ങൾ. നൂറുകണക്കിന് മനുഷ്യരെ വളരെ ലൈവായി സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.

'നീയൊക്കെ മുംബൈയിലെ ഭായിമാരെ മാത്രമേ കണ്ടിട്ടുള്ളൂ, ഇവിടുള്ള ബാപ്പമാരെ നിനക്കറിയില്ല' എന്നും പറഞ്ഞ് ഖുറൈഷിയുടെ മകനെ വിരട്ടുന്ന ഇക്കാനെ ഒന്നും ജെമ്മത്ത് മറക്കൂല. നായകൻ എന്ന നിലയിൽ ഷെയിനിന്റെ അഴിഞ്ഞാട്ടമാണ് അക്തർ. പൊളി അഥവാ അൽ കിടു. പാട്ടും ഡാൻസും അധോലോകവും മുൻകോപവും മുൻകോപവും കലിപ്പും എല്ലാമുള്ള കൊച്ചിക്കാരൻ അക്കറായി ഷെയിൻ വിലസി മേയുകയാണ്.
മേക്കിംഗ് ഓഫ് സൂപ്പർ സ്റ്റാർ എന്നൊക്കെ പറയാം. ക്ളൈമാക്സിലെ അക്കറിന്റെ സംഭാഷണം സമകാലിക സഹചര്യങ്ങളിൽ ഷെയ്‌നിന്റെ മലയാളികളോടുള്ള നിലപാട് പറച്ചിലായും വായിച്ചെടുക്കാം (സിനിമ പണ്ടേ ഷൂട്ട് ചെയ്തതെങ്കിലും).

ജോസഫിലെ ജോസഫിനൊപ്പമുള്ള മൂന്നു പോലീസുകാരിൽ ഒരാളായിരുന്ന ഏലിയാ ജോണിന്റെ മെയിൻ വില്ലൻ ചെമ്പൻ പരീത് ബാബു ആയുള്ള കിണ്ണൻ പെർഫോമൻസ് വലിയ പെരുന്നാളിൽ കാണാം. അതേസമയം ജോജുവിന്റെ റോൾ ചെറുതാണ്. വൈകാരികത കൊണ്ട് അദ്ദേഹം അത് സമ്പനമാക്കുന്നു. വിനായകനായി തന്നെയുള്ള വിനായകന്റെയും ഹനുമന്ത ഷേണായി ആയുള്ള സൗബിന്റെയും ഗസ്റ്റ് റോളുകൾ രസകരമാണ്.

ഹിമിക ബോസാണ് നായിക. ഷെയിനുമൊത്തുള്ള യുഗ്മ – പ്രണയരംഗങ്ങൾ ക്യൂട്ടായിരിക്കുന്നു. മുൻപ് പറഞ്ഞപോലെ പേരറിയുന്നവരേക്കാൾ പേരറിയാത്തവരാണ് സിനിമയിൽ കയറി മേയുന്നത്. ബ്ലാക്ക് ഹ്യൂമറും ഡാർക്ക് ഷെയിഡുള്ള മാർജിനലൈസ്ഡ് ജീവിതങ്ങളും എത്രത്തോളം എല്ലാവർക്കും ഉൾക്കൊള്ളാനാവുമെന്ന് അറിയില്ല. വലിയ പെരുന്നാളിന്റെ വിജയത്തെക്കുറിച്ച് ഒരു പ്രവചനം അതിനാൽ അസാധ്യം. ഇഷ്ടപ്പെടുന്നവർക്ക് നന്നായി ഇഷ്ടമാവും അല്ലാത്തവർ പൊതിയാത്തേങ്ങയും കടിച്ചിരിക്കും.
വലിയ പെരുന്നാൾ ശരിയ്ക്കും വലിയ പെരുന്നാള് തന്നെയെന്ന് അടിവര.


Click it and Unblock the Notifications