For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  4.0/5
  Star Cast: Soubin Shahir, Samuel Abiola Robinson
  Director: Zakariya Mohammed

  സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ അഭിനയിച്ച സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാതലത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. സൗബിനൊപ്പം നൈജീരിയയില്‍ നിന്നുമെത്തിയ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മജീദിന്റെ (സൗബിന്റെ) ജീവിതത്തിലേക്ക് എത്തിയ സുഡാനിയെയും മറ്റും ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  സുഡാനി ഫ്രം നൈജീരിയ

  സുഡാനി ഫ്രം നൈജീരിയ

  സെവൻസ് കളിക്കാനായി ലോക്കൽ ഫുട്ബോൾ ക്ലബ്ബുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അല്ലാതെയും റാഞ്ചിക്കൊണ്ടുവന്ന് ചെലവുകൊടുത്ത് താമസിപ്പിച്ചിരിക്കുന്ന ആഫ്രിക്കൻ യുവാക്കൾ മലപ്പുറത്തെ ഗ്രാമങ്ങളിലെ ഒരു പതിവ് ദൃശ്യമാണ്. നാട്ടിൻപുറത്തെ കളിയുടെ അവിഭാജ്യഘടകമായി നാടിനോടിഴുകി ജീവിക്കുന്ന ഇവർ ഏതു രാജ്യക്കാരായാലും മലപ്പുറത്തുകാർ ഇവരെ പൊതുവെ വിളിക്കുന്നത് സുഡാനികൾ എന്നാണ്.. നൈജീരിയയിൽ നിന്നും വന്ന സാമുവൽ എന്നൊരു സുഡാനിയ്ക്ക് ഫുട്ബോൾ പ്രാന്തന്മാരായ ഒരു ഏറനാടൻ ഗ്രാമവും ക്ലബ്ബ് മാനേജരുടെ വീടും മറ്റുമായി ഉണ്ടായിവരുന്ന ആത്മബന്ധമാണ് പുതുമുഖസംവിധായകനായ സക്കറിയ ഒരുക്കുന്ന "സുഡാനി ഫ്രം നൈജീരിയ" എന്ന സിനിമയുടെ ഇതിവൃത്തം.

   മജീദും സാമുവലും..

  മജീദും സാമുവലും..

  സെവൻസ് മൽസരങ്ങളുടെ ആരവങ്ങളുടെയും അനൗൺസ്മെന്റുകളുടെയും പശ്ചാത്തലത്തിൽ ആണ് സിനിമ തുടങ്ങുന്നത്. എം വൈ സി എന്ന ലോക്കൽ ക്ലബ്ബിന്റെ മാനേജർ മജീദ് കളികളറാക്കാനായി കൊണ്ടുവന്ന ആഫ്രിക്കക്കാരിൽ ഒരാളാണ് സാമുവൽ അബിയോളാ റോബിൻസൺ . കളിക്കളത്തിലെ രോമാഞ്ചമായി മാറിക്കൊണ്ടിരിക്കുന്നതിനിടെ, മറ്റു മലയാളി കളിക്കൂട്ടുകാരോടൊപ്പം വാടകമുറിയിൽ താമസിച്ചിരുന്ന സാമുവൽ ബാത്ത്റൂമിൽ വീണു കാലുപൊട്ടുകയും മറ്റു പരിക്കുകൾ പറ്റുകയും ചെയ്യുന്നത് പടത്തിലെ വഴിത്തിരിവാണ്.. തുടർന്ന് സാമുവലിന്റെ ചികിൽസയുടെ ഉത്തരവാദിത്വം സ്പോൺസർ എന്ന് ലേബലുള്ള മജീദിൽ എത്തിച്ചേരുകയാണ്..

   വീട്ടിൽ ഒരു അതിഥി..

  വീട്ടിൽ ഒരു അതിഥി..

  കാലു ശരിയാവുന്നത് വരെ ഹോസ്പിറ്റലിൽ നിൽക്കുകയെന്നത് ലക്ഷക്കണക്കിന് രൂപ ചെലവുള്ള സംഗതിയായതിനാലും വിദേശികൾക്കായുള്ള നടപടിക്രമങ്ങൾ വ്യത്യസ്തമായതിനാലും തീർത്തും സാധാരണക്കാരനായ മജീദിന് സാമുവലിനെ തന്റെ ചെറിയവീട്ടിലേക്ക് കൊണ്ടുവരികയേ നിർവാഹമുണ്ടായുള്ളൂ.. ബെഡ് റെസ്റ്റിലായ സാമുവലിനോട് മജീദിന്റെ ഉമ്മയ്ക്കും അയൽക്കാരിയായ ബിയ്യുമ്മയ്ക്കും മറ്റു നാട്ടുകാർക്കുമൊക്കെ രൂപപ്പെട്ടുവരുന്ന വാൽസല്യവും ആത്മബന്ധവുമായിട്ടാണ് പടത്തിന്റെ ഒരു ട്രാക്ക് മുന്നോട്ട് നീങ്ങുന്നത്.. ആഗോളമാനവികത എന്നൊക്കെ അച്ചടിഭാഷയിൽ വായിച്ച് പരിചയിച്ച സംഗതി നേരിട്ടനുഭവിച്ച് മനസ് നിറയ്ക്കാവുന്ന സന്ദർഭങ്ങളാണിത്.. പരിക്കുപറ്റി കിടക്കുന്ന കുട്ടിയെന്ന നിലയിൽ സാമുവലിനോടുള്ള കരുതലും പരിചരണവും മലയാളസിനിമയ്ക്ക് അപരിചിതമായ സ്നേഹവ്യാകരണങ്ങളാൽ ആണ് സംവിധായകൻ നെയ്തെടുത്തിരിക്കുന്നത്.. അതുകൊണ്ടുതന്നെ സ്നേഹത്തിനും മാനുഷികവികാരങ്ങൾക്കും അങ്ങനെ ആഫ്രിക്കയെന്നും ഇൻഡ്യയെന്നുമുള്ള ഭേദമൊന്നുമില്ലെന്ന് അടയാളപ്പെടുത്തുന്ന ഈ ഭാഗം മനോഹരമാണ്..

  വിചിത്രമായ കുടുംബാന്തരീക്ഷങ്ങൾ..

  വിചിത്രമായ കുടുംബാന്തരീക്ഷങ്ങൾ..

  ചെറുപ്പത്തിലെ ഉപ്പ മരിച്ചുപോയ മജീദിന്റെ വീട്ടിൽ ഉമ്മ മാത്രമേ ഉള്ളൂ.. പക്ഷെ, അവർക്ക് ഇടക്കിടെ അതിഥിയായ് വന്നുപോകുന്ന ഒരു രണ്ടാം ഭർത്താവുണ്ട്.. കുട്ടിക്കാലം മുതലേ ജീവിതത്തിൽ ഉള്ള ഒരാളായിട്ടും അയാളെ ഒരിക്കലും ഉപ്പയായോ സ്റ്റെപ്പ് ഫാദറായോ അംഗീകരിക്കാനാവാത്ത മജീദിന്റെ അന്ത:സംഘർഷങ്ങളും അതുകാരണം ഉമ്മയോടുള്ള അകൽച്ചയുമാണ് പടത്തിന്റെ മറ്റൊരു ട്രാക്ക്.. മലയാളസിനിമകളീൽ തീർത്തും അപരിചിതമായ ഈയൊരു കുടുംബപശ്ചാത്തലവും നന്നായിട്ട് തന്നെ വർക്കൗട്ട് ചെയ്തെടുത്തിരിക്കുന്നു..
  ആഭ്യന്തരയുദ്ധത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട സാമുവൽ നാട്ടിലുള്ള നിരാലംബരായ അനിയത്തിമാരെയും മുത്തശ്ശിയെയും കുറിച്ചോർത്ത് കണ്ണീർ വാർക്കുകയും അയാളുടെ സ്വന്തം കഥ പങ്കുവെക്കുകയും ചെയ്യുന്നതോടെ പടത്തിന്റെ ലെവൽ പിന്നെയും മാറുന്നു.. ഘാനയിലോ നൈജീരിയയിലോ മറ്റോ ആയി ചിത്രീകരിച്ച സാമുവലിന്റെ ഓർമ്മകളിൽ വന്നുപോകുന്ന സീനുകൾ പടത്തിന് ഒരന്താരാഷ്ട്രമാനവും നൽകിയിരിക്കുന്നു..

   പെർഫക്റ്റ് ബ്ലെന്റിംഗ്..

  പെർഫക്റ്റ് ബ്ലെന്റിംഗ്..

  മേല്പറഞ്ഞ മൂന്നുട്രാക്കുകളും സെന്റിമെന്റ്സ് ഉള്ളതാണെങ്കിലും ഇതിനെ മൂന്നിനെയും കറക്റ്റായി ബ്ലെൻഡ് ചെയ്ത് മലപ്പുറം സാഹചര്യങ്ങളുടെ സരസതയിൽ ലളിതമായി മുന്നോട്ട് കൊണ്ടുപോയി 123 മിനിറ്റ് സമയത്തിൽ കയ്യടക്കത്തോടെ ക്രോപ്പ് ചെയ്തിരിക്കുന്നു സംവിധായകൻ സക്കറിയ. മുഷിപ്പിക്കുന്നില്ല എവിടെയും.. ആഫ്രിക്കയിൽ പോയി ഷൂട്ട് ചെയ്യുന്നുണ്ടെന്ന് കരുതി വലിച്ചുവാരി ആഫ്രിക്കൻ ദൃശ്യങ്ങൾ പടത്തിൽ കുത്തിക്കേറ്റാൻ ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.. നാട്ടിൽ കിലോമീറ്ററുകൾ കുടിവെള്ളത്തിനായി നടന്ന് ക്ഷീണിക്കുന്ന അനിയത്തിയെ ഓർത്ത് മജീദിന്റെ കൂട്ടുകാരൻ തുറന്നിട്ട വാട്ടർ ടാപ്പ് ചൂണ്ടിക്കാണിച്ച് രോഷാകുലനാകുന്ന സാമുവൽ പങ്കുവെക്കുന്ന ആകുലതകൾ നമ്മൾക്ക് ഉൾക്കൊള്ളാവുന്നതിനുമപ്പുറത്താണ്..

  സൗബിനും സാമുവലും മറ്റുള്ളവരും

  സൗബിനും സാമുവലും മറ്റുള്ളവരും

  പുതുമുഖങ്ങളുടെ സെവൻസ് ഉൽസവം എന്നുപറയാവുന്ന സിനിമയിൽ സൗബിൻ ഷാഹിർ ആണ് എടുത്തു പറയാനുള്ള ഏകതാരം.. സംഭാഷണങ്ങളിൽ ചിലയിടത്തൊക്കെ കൊച്ചിസ്ലാംഗ് നുഴഞ്ഞുകേറുന്നുണ്ടെങ്കിലും ഏറനാട്ടുകാരൻ മജീദിന്റെ സമ്മിശ്ര വികാര സമ്പുഷ്ടമായ ജീവിതം സൗബിൻ ഗംഭീരമാക്കി. ഇൻട്രോ സീനിൽ ഉൾപ്പടെ പലയിടത്ത് സൗബിന് നല്ല കയ്യടി കിട്ടുകയുമുണ്ടായി.. നൈജീരിയൻ ആക്റ്റർ സാമുവൽ അബിയോള റോബിൻസൺ ആണ് അതേപേരുള്ള "സുഡാനി ഫ്രം നൈജീരിയ" ആകുന്നത്. സാമുവലിന്റെ പ്രകടനം കാണികളുടെ മനസ്സുകവരും വിധമാണ്.. മറ്റേതെങ്കിലും വിദേശി മലയാളസിനിമയിൽ ഇത്ര മുഴുനീളവേഷത്തിൽ വന്ന് ശ്രദ്ധനേടിയിട്ടില്ലെന്ന് തോന്നുന്നു.. സ്ക്രീൻ നിറയെ ഉള്ള പുതുമുഖങ്ങളിൽ ആരും തന്നെ വെറുപ്പിക്കുന്നില്ല എന്നുമാത്രമല്ല മജീദിന്റെ ഉമ്മയായി വരുന്ന സാവിത്രി ശീധരനും അയൽക്കാരി ബിയ്യുമ്മയാവുന്ന സരസ ബാലുശ്ശേരിയുമൊക്കെ സ്വാഭാവികചലനങ്ങൾ കൊണ്ട് ഞെട്ടിക്കുകയും ചെയ്തു..

   മലപ്പുറത്തിന് മാത്രം സാധ്യമായ ചിലത്..

  മലപ്പുറത്തിന് മാത്രം സാധ്യമായ ചിലത്..

  ആദ്യമേ പറഞ്ഞപോൽ മലപ്പുറത്തെ ഗ്രാമങ്ങളെ വച്ച് മാത്രം ചിന്തിക്കാൻ സാധിക്കുന്ന ഒരു സിനിമയാണ്.. ഭീകരമായ മുൻ_വിധികളുള്ള മലപ്പുറത്തുകാരെ കുറിച്ചുള്ള പൊതുബോധത്തെ അഴിച്ചുപണിയാൻ പോന്ന നേർചിത്രണങ്ങളും സിനിമയുടെ ഒരു ഹൈലൈറ്റാണ്. (സദുദ്ദേശം വച്ചുള്ള അജൻഡയുമാവാം) മറ്റു ജില്ലക്കാർക്ക് ഇതിലെ സംസാരഭാഷ(സാഹചര്യങ്ങളും) എത്രത്തോളം കമ്യൂണിക്കേറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും സുഡാനിയുടെ വിജയപരാജയങ്ങൾ.. പക്ഷെ, ക്ലീഷെ എന്നുപറയാവുന്ന കഥാസന്ദർഭങ്ങളോ മസാലച്ചേരുവകളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത നൈജീരിയയിലെ സുഡാനി മുന്നോട്ടുവെക്കുന്ന ഫ്രെഷ്നെസ്സിനെയും വ്യത്യസ്തതയെയും കണ്ടില്ലെന്ന് നടിക്കാൻ ഏതു നാട്ടുകാരനുമാവില്ല.. സബ് ടൈറ്റിലോട്‌ കൂടി അയച്ചാൽ ഏത് രാജ്യത്തെ ചലച്ചിത്രമേളകളിലും സെലക്ഷൻ കിട്ടാനുംമാത്രം കെൽപ്പുള്ള കണ്ടന്റും ഉൾക്കരുത്തും ഇതിനൊപ്പമുണ്ട് താനും..

  ചുരുക്കം: മനുഷ്യ മനസ്സിനെയും സൗഹൃദങ്ങളെയും മനോഹരമായി വരച്ചു കാട്ടുന്ന ഒരു മികച്ച ചലച്ചിത്രാനുഭവമാണ് സുഡാനി ഫ്രം നൈജീരിയ.

  വിപ്ലവ സൂര്യനായി മമ്മൂക്ക വരുമ്പോള്‍, പരോള്‍ കണ്ടിറങ്ങുന്നവരുടെ ഹൃദയം നുറുങ്ങുമെന്ന് തിരക്കഥാകൃത്ത്!

  ബാലതാരമായി എത്തിയതാണെങ്കിലും ഇപ്പോള്‍ യുവതാരസുന്ദരിയാണ് മാനസ! നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് കാണാം..!

  English summary
  Sudani From Nigeria movie review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X