twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വയംവരപ്പന്തല്‍: നിരാശപ്പെടുത്തുന്ന അനുഭവം

    By Staff
    |

    സ്വയംവരപ്പന്തല്‍: നിരാശപ്പെടുത്തുന്ന അനുഭവം

    സംവിധാനം: ഹരികുമാര്‍
    രംഗത്ത്: ജയറാം, ശ്രീനിവാസന്‍, ഇന്നസെന്റ്, സംയുക്താവര്‍മ്മ തുടങ്ങിയവര്‍
    സംഗീതം: ജോണ്‍സണ്‍

    അവതരണരീതിയിലും പ്രമേയത്തിലും വ്യത്യസ്തതയില്ലാതെ ശരാശരിയിലൊതുങ്ങുന്ന ചിത്രമാണ് ഹരികുമാര്‍ സംവിധാനം ചെയ്ത സ്വയംവരപ്പന്തല്‍. ശ്രീനിവാസന്റെ തിരക്കഥയെങ്കിലും തീരെ കെട്ടുറപ്പില്ല. പറഞ്ഞു മടുത്ത പ്രമേയവും ജയറാമിന്റെ ടൈപ്പ് കഥാപാത്രങ്ങളും പലപ്പോഴും കാണികളെ അലോസരപ്പെടുത്തുന്നു.

    അഞ്ചുപെങ്ങന്മാരുടെ പൊന്നാങ്ങളയായ ദീപുവിനെ (ജയറാം) നര്‍മ്മത്തിന്റെയും സെന്റിമെന്റ്സിന്റെയും ചേരുവകള്‍ ചേര്‍ത്താണ് ഹരികുമാറും ശ്രീനിവാസനും അവതരിപ്പിക്കുന്നത്. പെണ്ണുകാണല്‍ മഹാമഹം നടത്തി ക്ഷീണിച്ച ദീപുവിനുവേണ്ടി അവസാനം പെങ്ങന്മാരെല്ലാം ചേര്‍ന്നാണ് പ്രിയദര്‍ശിനിയെ കണ്ടെത്തിയത് (സംയുക്താവര്‍മ്മ).

    എന്നാല്‍ മാനസികവൈകല്യം ബാധിച്ചവളാണ് പ്രിയയെന്ന് വിവാഹത്തിനുശേഷമാണ് ദീപു അറിയുന്നത്. ഉടന്‍തന്നെ പ്രിയയെ അവളുടെ വീട്ടില്‍കൊണ്ടാക്കുന്നു. എന്നാല്‍ പ്രിയ ദീപുവിന്റെ എല്ലാമെല്ലാമായി മാറിക്കഴിഞ്ഞിരുന്നു. പെങ്ങന്മാരുടെ എതിര്‍പ്പിനെ വകവെക്കാതെ അവന്‍ പ്രിയയെയും കൂട്ടി ചികിത്സക്ക് പുറപ്പെടുന്നു.

    ആധുനിക രീതിയിലുള്ള മാനിസികരോഗാശുപത്രിയുടെ പടിയിലെത്തുന്നതോടെയാണ് ചിത്രത്തിന് അല്പമെങ്കിലും ജീവന്‍ വെക്കുന്നത്. മാനസികരോഗ ചികിത്സയില്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്ന ഡോക്ടറുടെ (ലാലു അലക്സ്) രോഗികളായി ശങ്കര്‍ഭാനു എന്ന ചിങ്ങവനം തങ്കപ്പനും (ഇന്നസെന്റ്) ജോണ്‍ മത്തായിയും (ശ്രീനിവാസന്‍) ഉണ്ട്. യോഗയും പ്രകൃതിചികിത്സയും എല്ലാം കൂടി ചേര്‍ന്ന ഒരു പ്രത്യേക ചികിത്സയിലൂടെ ഡോക്ടര്‍ പ്രിയയുടെ രോഗം ഭേദമാക്കുന്നു.

    എന്നാല്‍ വിവാഹത്തിനു മുമ്പ് തനിക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നുവെന്നും താന്‍ ദീപുവിനെ സ്നേഹിക്കുന്നില്ലെന്നും പ്രിയ വെളിപ്പെടുത്തുന്നു. സ്നേഹം പിടിച്ചുവാങ്ങേണ്ടതല്ലെന്ന വിശ്വാസക്കാരനായ ദീപു വീണ്ടും ഒരു ത്യാഗത്തിനൊരുങ്ങുന്നു. എന്നാല്‍ ദീപുവിന്റെ ജീവിതത്തില്‍ ഒരു കരടാകാതിരിക്കാനാണ് താന്‍ മുമ്പത്തെ പ്രണയത്തിന്റെ കഥ പറഞ്ഞതെന്നും തന്നെ കൂടെ കൊണ്ടുപോകണമെന്നും പറഞ്ഞ് പ്രിയ വീണ്ടും ദീപുവില്‍ തന്നെ ചെന്നുചേരുന്നു.

    സംവിധായകന്‍ ഹരികുമാറിനും തിരക്കഥാകൃത്ത് ശ്രീനിവാസനും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് സ്വയംവരപ്പന്തലില്‍ ഉയരാന്‍ സാധിച്ചിട്ടില്ല. സുകൃതം, ഉദ്യാനപാലകന്‍ എന്നീ ചിത്രങ്ങളില്‍ നിന്നും ട്രാക്ക് മാറ്റിച്ചവിട്ടിയ ഹരികുമാറിന്റെ ചുവടുവെപ്പുകള്‍ക്ക് തീരെ ബലം പോര. ശ്രീനിയില്‍ നിന്ന് പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നതൊന്നും നല്‍കാന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല. മറ്റു ചിത്രങ്ങളിലെന്ന പോലെ ഈ ചിത്രത്തിലും ശ്രീനിയുടേതായി ഒരു സന്ദേശമുണ്ട്: മനോരോഗികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തേണ്ടതല്ലെന്നും അവര്‍ക്കായി വളരെ സ്നേഹം നിറഞ്ഞ സാഹചര്യങ്ങള്‍ ഒരുക്കണമെന്നും.

    ജയറാം എത്രയോ തവണ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പ്രേതമാണ് ദീപു. സ്നേഹസമ്പന്നനും ത്യാഗധനനുമായ കുടുംബനാഥന്‍, സഹോദരന്‍, ഭര്‍ത്താവ്... സെന്റിമെന്റ്സ് രംഗങ്ങളില്‍ ജയറാം പലപ്പോഴും അതിരു കടക്കുന്നതായും അനുഭവപ്പെട്ടു. സംയുക്തയുടെ പ്രിയദര്‍ശിനി ശരാശരി ആണ്. മനോരോഗിയുടെ നിഷ്കളങ്കതയും മറ്റും ഭംഗിയാക്കിയെങ്കിലും ക്ലൈമാക്സ് രംഗത്തില്‍ കുറച്ച് ഓവറായിപ്പോയി.

    തിരക്കഥയില്‍ മികവ് പുലര്‍ത്താനായില്ലെങ്കിലും ശ്രീനിയുടെ ജോണ്‍മത്തായി കൊള്ളാം. ഇന്നസെന്റിന്റെ ചിങ്ങവനം തങ്കപ്പനും പ്രേക്ഷകര്‍ക്കിഷ്ടപ്പെടും. ചിത്രത്തിനു ജീവന്‍ വെക്കുന്നതുതന്നെ രണ്ടാംപകുതിയില്‍ ഇവര്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X