»   » ദ ഗ്രേറ്റ് ഫാദര്‍ നിരൂപണം; ഈ അച്ഛന്‍ ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് പ്രേക്ഷകാഭിപ്രായം

ദ ഗ്രേറ്റ് ഫാദര്‍ നിരൂപണം; ഈ അച്ഛന്‍ ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് പ്രേക്ഷകാഭിപ്രായം

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിയ്ക്കും ദ ഗ്രേറ്റ് ഫാദര്‍ എന്ന വിശേഷണത്തോടെയാണ് ഇന്ന് (മാര്‍ച്ച് 30) ചിത്രം റിലീസ് ചെയ്തത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ് ശിവുയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അത്രയേറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.

മമ്മൂട്ടി ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്, ഗ്രേറ്റ് ഫാദര്‍ എല്ലാവരെയും സംതൃപ്തിപ്പെടുത്തുമെന്ന്


ആ കാത്തിരിപ്പിനെയും പ്രതീക്ഷകളെയും നിരാശപ്പെടുത്താതെ ഗ്രേറ്റ് ഫാദര്‍ എത്തി. ഹനീഫ് അദേനി എന്ന മികച്ച സംവിധായകന്റെ വിജയമാണ് ഗ്രേറ്റ് ഫാദര്‍ എന്ന് ഒറ്റവാക്കി പറയാം. മമ്മൂട്ടി എന്ന നടന്റെ താരപദവി പോലും അതിന് പിന്നിലാണ്.


കഥാ പശ്ചാത്തലം

ഡേവിഡ് നൈനാന്റെയും കുടുംബത്തിന്റെയും കഥയാണ് ദ ഗ്രേറ്റ് ഫാദര്‍. മകള്‍ സാറയുമായുള്ള അച്ഛന്റെ ബന്ധം. ഡേവിഡിന്റെ കുടുംബത്തില്‍ നടക്കുന്ന ഒരു സംഭവും അതിന്റെ കാരണങ്ങള്‍ തേടിപ്പോകുകയും ചെയ്യുകയാണ് ചിത്രം. ഒരു പ്രതികാര കഥയാണ്.


തിരക്കഥ സംവിധാനം

തീര്‍ച്ചയായും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഹനീഫ് അദേനി എന്ന നവാഗതനാണ്. എന്താണോ താന്‍ തിരക്കഥയില്‍ എഴുതിയത്, അതിന്റെ വ്യക്തമായ ചിത്രം ഹനീഫ് അദേനിയുടെ മനസ്സിലുണ്ടായിരുന്നു. തിരക്കഥാകൃത്ത് തന്നെ സംവിധായകാവുമ്പോഴുള്ള മികവാണ് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നത്. രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഹനീഫ് പുലര്‍ത്തിയ കയ്യടക്കമാണ് ഈ സിനിമയുടെ മികവിന്റെ ഏറ്റവും വലിയ കാരണം. അത്ര മികച്ച രീതിയില്‍ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ മികച്ച രീതിയില്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.


മമ്മൂട്ടിയുടെ പ്രകടനം

തീര്‍ച്ചയായും രണ്ടാമത്തെ പോയിന്റ് മമ്മൂട്ടി തന്നെയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ മുതല്‍ എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് അത് ഇവിടെയുണ്ട്. മമ്മൂട്ടി എന്ന നടന്റെ ഞെട്ടിക്കുന്ന മാസ്സ് അപ്പീല്‍ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത് ഡേവിഡായി തകര്‍പ്പന്‍ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. അത്രമാത്രം സ്‌റ്റൈലിഷായും അതേസമയം തന്നെ തീവ്രതയോടെയും കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.


സ്‌നേഹ

ഡേവിഡ് നൈനാന്റെ ഭാര്യയായ മിഷേല്‍ എന്ന കഥാപാത്രത്തെയാണ് സ്‌നേഹ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. അമ്മയായും ഭാര്യയായും തന്റെ കഥാപാത്രത്തോട് സ്‌നേഹ പൂര്‍ണമായും നീതി പുലര്‍ത്തി. കഥാപാത്രം ആവശ്യപ്പെടുന്ന പക്വത അതിന് നല്‍കിയതിലാണ് സ്‌നേഹയുടെ വിജയം.


ബേബി അനിഘ

അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മിയിലൂടെ തന്നെ കേരളക്കരയെ ഞെട്ടിച്ച ബാലതാരമാണ് ബേബി അനിഘ. മമ്മൂട്ടിയ്‌ക്കൊപ്പം അനിഘയുടെ രണ്ടാമത്തെ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ മകളായ സാറ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ബേബി അനിഘ അവതരിപ്പിച്ചത്. വികാരഭരിതമായ രംഗങ്ങളെല്ലാം വളരെ മിതത്വത്തോടെ തന്നെ അനിഘ കൈകാര്യം ചെയ്തു.


ആര്യ

വളരെ സപ്രധാനപ്പെട്ട ഒരു കഥാപാത്രമായി ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടെയായ തമിഴ് നടന്‍ ആര്യയും ഗ്രേറ്റ് ഫാദറില്‍ എത്തുന്നു. ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ആര്യ എത്തുന്നത്. ലുക്ക് കൊണ്ടും പ്രകടനം കൊണ്ടും ആര്യ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.


മറ്റ് കഥാപാത്രങ്ങള്‍

കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ഐഡന്റിറ്റി നല്‍കാനും കഥാസന്ദര്‍ഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകന്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറ്റവും വലിയ ഒരു കാര്യമാണ്. മിയ ജോര്‍ജ്, മാളവിക മോഹന്‍, ഷാം, ഐ എം വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, ഷാജോണ്‍, സുനില്‍ സുഗത, ബാലാജി ശര്‍മ എന്നിവരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.


ഛായാഗ്രാഹണ ഭംഗി

റോബി വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. സംവിധായകന്റെ കാഴ്ചയെ ആവാഹിക്കുകയായിരുന്നു റോബി എന്ന് പറയേണ്ടി വരും. അത്രയേറെ സിനിമയുടെ ആത്മാവിനെ തൊട്ടിരിയ്ക്കുന്നു. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലെത്തിക്കുന്നതില്‍ ഛായാഗ്രാഹകന്റെ പങ്ക് വളരെ വലുതാണ്.


മികച്ച സംഗീത സംവിധാനം

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ എനര്‍ജി ലെവല്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ വളരെ സുപ്രധാനമായ പങ്കാണ് വഹിച്ചത്. കേട്ട് മറക്കുന്ന പാട്ടുകളാണെങ്കിലും സിനിമയുടെ മൂഡിനൊപ്പം നില്‍ക്കുന്നു.


ചിത്രസംയോജനം

നൗഫല്‍ അബ്ദുള്ളയാണ് ചിത്രസംയോജനം നടത്തിയിരിയ്ക്കുന്നത്. പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാത്ത രീതിയില്‍ കത്രിക വച്ചതാണ് നൗഫലിന്റെ മിടുക്ക്. സാങ്കേതികമായും എന്റര്‍ടൈന്‍മെന്റായും ചിത്രം മികച്ച നില്‍ക്കുന്നതിന്റെ ക്രഡിറ്റിന്റെ പങ്ക് നൗഫലും അവകാശപ്പെട്ടതാണ്.


നിരാശപ്പെടുത്തില്ല

ചുരിക്കി പറഞ്ഞാല്‍ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ഒരിക്കലും പ്രേക്ഷരെ നിരാശപ്പെടുത്തില്ല. കട്ട മമ്മൂട്ടി ഫാന്‍സിനും കുടുംബ പ്രേക്ഷകര്‍ക്കും ചിത്ര ഒരുപോലെ സ്വീകാര്യമാവും എന്നതാണ് ഗ്രേറ്റ് ഫാദറിന്റെ മികവ്.
English summary
The Great Father first review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam