»   » ഹാർഡ്കോർ ഫാൻസിനിത് ഗ്രേറ്റ് ഫാദർ.. സാദാപ്രേക്ഷകന് വെറും ഡാഷ് ഫാദർ.. ശൈലന്റെ ഗ്രേറ്റ് ഫാദര്‍ റിവ്യൂ!!

ഹാർഡ്കോർ ഫാൻസിനിത് ഗ്രേറ്റ് ഫാദർ.. സാദാപ്രേക്ഷകന് വെറും ഡാഷ് ഫാദർ.. ശൈലന്റെ ഗ്രേറ്റ് ഫാദര്‍ റിവ്യൂ!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവ് എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് എന്ന് വരെ ആരാധകര്‍ പറയുന്നു. ടീസറുകളില്‍ മികച്ചൊരു ചിത്രത്തിന്റെ പ്രതീതി നല്‍കിയ ദി ഗ്രേറ്റ് ഫാദര്‍ പ്രതീക്ഷ നിലനിര്‍ത്തിയോ. ഏറ്റവും പുതിയ മമ്മൂട്ടിച്ചിത്രമായ ദി ഗ്രേറ്റ് ഫാദര്‍ റിവ്യൂ, ശൈലന്റെ വക...

ദി ഗ്രേറ്റ് ഫാദര്‍ ഒരു സമ്മിശ്ര അനുഭവം

ഫാന്‍സിന്റെ തള്ളിമറിക്കലുകളും ടീസറുകളും സ്റ്റില്ലുകളും സൃഷ്ടിച്ച അണ്ടര്‍വേള്‍ഡ് പ്രതിച്ഛായകളും കാരണം ഓവര്‍ഹൈപ്പില്‍ തിയേറ്ററിലെത്തിയ മമ്മൂട്ടിച്ചിത്രം ദി ഗ്രേറ്റ് ഫാദര്‍ പ്രതീക്ഷകളെ ആദ്യം പോസിറ്റീവായും പിന്നെ അതിനു വിപരീതമായും തകിടം മറിക്കുന്ന സമ്മിശ്രമായ തിയേറ്റര്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നു..


തുടക്കം ഗംഭീരം, കുറ്റം പറയാനില്ല

ബോംബെ അധോലോകത്തിന്റെ ടീസറും ഗെറ്റപ്പുകളും കണ്ട് ടിക്കറ്റെടുത്ത് കേറുന്ന പ്രേക്ഷകന് ആദ്യത്തെ അരമണിക്കൂര്‍ കാണാനാവുന്നത് ബില്‍ഡര്‍ ആയ ഡേവിഡ് നൈനാനും കൗമാരത്തിന്റെ തുടക്ക സ്റ്റേജിലുള്ള മകള്‍ സാറയുമായുള്ള ഹൃദ്യവും ആര്‍ദ്രവുമായ പിതൃ പുത്രീ ബന്ധമാണ്. പ്രായത്തെ മറികടക്കുന്ന മമ്മുട്ടിയുടെ സ്‌റ്റൈലിഷ് കോസ്റ്റ്യൂമുകളും അനിഖയുടെ അച്ഛനോടുള്ള താരാരാധനയും നന്നായിട്ട് വര്‍ക്കൗട്ട് ചെയ്തിട്ടുള്ള ആ എപ്പിസോഡ് കുറ്റം പറയാനില്ലാത്തത്രയ്ക്ക് മികച്ചതാണ്.


പതിയെ സാധാരണ ട്രാക്കിലേക്ക്

ദ ഗ്രെയ്റ്റ് ഫാദര്‍ എന്ന ടൈറ്റിലിനെ അസ്സലായി സ്ഥാപിച്ചെടുക്കുന്ന ഹനീഫ് അദേനി എന്ന റൈറ്റര്‍ കം ഡയറക്ടറെ നോക്കി കൊള്ളാലോ പുതുമുഖം എന്ന് ആരും പറഞ്ഞുപോവുന്ന നേരങ്ങളാണത്. അരമണിക്കൂർ കഴിയുമ്പോൾ സാറയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തവും അതിനെ തുടർന്ന് പ്രതികാരത്തിനായുള്ള ഡേവിഡിന്റെ ബാലിശമെന്നുതന്നെ പറയാവുന്ന ശ്രമങ്ങളുമാവുമ്പോൾ സിനിമ പറഞ്ഞുപഴകിയതും പ്രതീക്ഷിതവുമായ ട്രാക്കിലേക്ക് ദയനീയമായി വീണുപോവുകയാണ്..


ന്യൂനത ഇവിടെ തുടങ്ങുന്നു

സിനിമകളിൽ നൂറ്റൊന്നാവർത്തിച്ച സബ്ജക്റ്റ് ആണെങ്കിലും കേരളത്തിൽ ഈ നിമിഷം വരെ പ്രസക്തമായ ചൈല്‍ഡ് മൊളസ്‌റ്റേഷന്‍ എന്ന വിഷയത്തെ ഒട്ടും സീരിയസ് ആയിട്ടോ ടച്ചിങ് ആയിട്ടോ അല്ല ഹനീഫ് അദേനി സമീപിച്ചിരിക്കുന്നത് എന്നത് തന്നെയാണ്‌ ഗ്രെയ്റ്റ് ഫാദറിന്റെ പ്രധാന ന്യൂനത


സാമാന്യയുക്തിക്ക് നിരക്കുന്നതല്ല

മകൾക്ക് അപ്രതീക്ഷിത ഉപദ്രവം നേരിട്ട് കഴിഞ്ഞ് അവൾ ഔട്ട് ഓഫ് ഓർഡർ ആയിക്കഴിഞ്ഞ ശേഷവും ഡ്രെസ്സിലും ജാക്കറ്റിലും സൺഗ്ലാസിലും ശ്രദ്ധകേന്ദ്രീകരിക്കുകയും പോലീസ് അന്വേഷണത്തോട് പരിപൂർണമായി നിസ്സഹകരിക്കുകയും ഇന്‍വെസ്റ്റിഗേഷന്‍ ചാർജുള്ള ഓഫീസറോട് അനാവശ്യ ഈഗോ കാണിച്ച് അയാളെ വെല്ലുവിളിക്കുകയും ചെയ്യുന്ന നൈനാന്റെ പ്രവർത്തികൾ സാമാന്യയുക്തി വച്ച് ഒരിക്കലും മനസിലാക്കാൻ കഴിയുന്നവയല്ല..കേരളാ പോലീസ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് സംവിധായകന് യാതൊരു ധാരണയുമില്ലെന്ന് ഉറപ്പാക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ മൊത്തത്തിലുള്ള പോക്ക്


ഫാന്‍സിന് വേണ്ടിയുള്ള പടപ്പ്

അന്ധമായ ആരാധനയാല്‍ മമ്മുട്ടിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പ് കണ്ട് കോള്‍മയിര്‍ കൊള്ളുന്ന ഹാര്‍ഡ് കോര്‍ ഫാന്‍സിനെ മാത്രമേ സംവിധായകന്‍ മുന്നില്‍ കണ്ടിട്ടുള്ളൂ എന്ന് തോന്നുന്നു.. ഫാന്‍സ് ഷോകള്‍ക്കപ്പുറം രണ്ടാംദിനം മുതലുള്ള ഓഡിയന്‍സിനെ ഇംപ്രസ് ചെയ്യിക്കാന്‍ യാതൊരു ശ്രമങ്ങളും സ്‌ക്രിപ്റ്റില്‍ നടന്നതായി കാണുന്നില്ല


പുതിയ നിയമത്തിന്റെ യുക്തി പോലും

ക്ലാസ് റൂമിൽ സഹപാഠികളോട് സാറ പറയുന്ന അപ്പനെക്കുറിച്ചുള്ള വീരസാഹസികതള്ളുകഥകൾക്കപ്പുറം നൈനാന് ഒരു ബിൽഡർ എന്നതിലേറെ മറ്റെന്തെങ്കിലും ബാക്ഗ്രൗണ്ട് ഉള്ളതായി സ്ക്രിപ്റ്റിൽ എവിടെയും സൂചനകളില്ല. എന്നിട്ടും അയാൾ നിയമത്തെയും പോലീസിനെയും വെല്ലുവിളിച്ച് അത്യന്തം ദുരൂഹതകൾ ഉള്ള ക്രൂരനായ സീരിയൽ കില്ലറിനെ ഫോളോ ചെയ്യുന്നതൊക്കെ വച്ചു നോക്കുമ്പോൾ "പുതിയ നിയമം" അത്യന്തം യുക്തിഭദ്രമായ സിനിമയാണെന്ന് വളരെ വൈകിയവേളയിൽ നമ്മൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യും..


മമ്മൂട്ടിയുടെ ലുക്കും ഗെറ്റപ്പും സ്‌ക്രീന്‍ പ്രസന്‍സും

നെഗറ്റീവ്സ് ഒക്കെ വിട്ടാൽ, മമ്മുട്ടിയെന്ന താരത്തിന്റെ സമാനതകളില്ലാത്ത ലുക്കും ഗെറ്റപ്പും സ്ക്രീൻ പ്രസൻസും ആണ് ദി ഗ്രെയ്റ്റ് ഫാദറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.. ഒരിക്കലെങ്കിലും മമ്മുട്ടിയെന്ന മെഗാസ്റ്റാറിനെ ഇഷ്ടമായിരുന്നവർക്ക് അതിന്റെ പേരിൽ മാത്രം മറ്റെന്ത് തലവേദന സഹിച്ചും ഈ സിനിമ ഒരുവട്ടമൊക്കെ കണ്ടിരിക്കാം.. നടൻ എന്ന നിലയിലാകട്ടെ ഡേവിഡ് നൈനാൻ എന്ന ക്യാരക്റ്റർ അദ്ദേഹത്തിന്റെ തൊലിപ്പുറമെ പോവുന്ന ഒന്നാണ് താനും.


ആര്യയുടെ പോലീസ് കഥാപാത്രം

തമിഴ് താരം ആര്യയുടെ ആൻഡ്രൂസ് എന്ന പോലീസ് കഥാപാത്രവും ഗെരപ്പിൽ കിടുകിടിലനാണ്.. ആഗസ്റ്റ് ഫിലിംസിൽ പൃഥ്വിരാജിന്റെ പാർട്ട്ണർ കൂടിയായ ആയ പാവം ആര്യ തന്റെ ഇമേജ് നോക്കാതെ ഡേവിഡിന്റെ ഇമേജ് പെരുപ്പിക്കാൻ ഒടുവിൽ തന്റെ മാച്ചോ സ്റ്റൈൽ ബോഡിയെ പരിഹാസ്യമാക്കി ത്യാഗോജ്ജ്വലമായി വിട്ടുവീഴ്ച ചെയ്യുന്നുമുണ്ട്. സ്നേഹ ഏത് ദുരന്താവസ്ഥയിലും അരയിഞ്ച് കട്ടിയിലുള്ള ലിപ്സ്റ്റിക്ക് ഒഴിവാക്കാതെ ഡേവിഡിന് ചേർന്ന ഭാര്യ മിഷേൽ ആവുന്നുണ്ട്


ആവറേജ് പടം, അധികമില്ല

ഗോപിസുന്ദറിന്റെ ഗാനങ്ങളെക്കാള്‍ സുഷി ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് പടത്തിന്റെ നട്ടെല്ല്.. അത് ചിലപ്പോഴൊക്കെ ഡേവിഡിനെയും കവിഞ്ഞു നില്‍ക്കുന്ന താരമായും മാറുന്നുണ്ട്, സ്‌ക്രിപ്റ്റിങ്ങില്‍ വീക്ക് ആണെങ്കിലും മെയ്ക്കിംഗില്‍ ഹനീഫ് അദേനിയ്ക്ക് തന്റെ സ്‌റ്റൈലിഷ്‌നെസ്സ് പടത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ കഴിയുന്നുണ്ട് എന്നതാണ് പടത്തിന്റെ മറ്റൊരു ഹൈലൈറ്റ്.. ഈ പടത്തിന്റെ മറ്റൊരു ഹൈലൈറ്റ്.. ഗ്രെയ്റ്റ് ഫാദറിന്റെ പേരിലാവില്ല ഇനി വരാനുള്ള പടങ്ങളുടെ പേരിലാവും ഹനീഫ് അറിയപ്പെടുക എന്നുതോന്നുന്നു.


റേറ്റിങ് - ആവറേജ്


English summary
The Great Father movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam