»   » മമ്മി വെറും ഡമ്മി! ആസ്വാദ്യത കമ്മി!! തീർന്നപ്പോൾ ചമ്മി!!! ശൈലന്റെ ദി മമ്മി റിവ്യൂ വായിക്കാം!!!

മമ്മി വെറും ഡമ്മി! ആസ്വാദ്യത കമ്മി!! തീർന്നപ്പോൾ ചമ്മി!!! ശൈലന്റെ ദി മമ്മി റിവ്യൂ വായിക്കാം!!!

By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ദി മമ്മി ചലച്ചിത്ര ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രവും തീയറ്ററിലെത്തി. ദി മമ്മി എന്ന് തന്നെയാണ് ചിത്രത്തിനും പേര്. ടോം ക്രൂയിസാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. 2ഡി, 3ഡി, ഐമാക്‌സ് 3ഡി തുടങ്ങിയ ഫോര്‍മാറ്റുകളിലെത്തിയ ദി മമ്മി പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ? ശൈലന്റെ റിവ്യൂ വായിക്കാം....

ദി മമ്മിയുടെ ചരിത്രം

1999 ൽ തിയ്യേറ്ററുകളിൽ ഓളമായിരുന്ന ദി മമ്മി (സംവിധാനം സ്റ്റീഫൻ സൊമ്മേഴ്സ്) കണ്ടപ്പോൾ അന്നുപോലും അതൊരു സംഭവമായി തോന്നിയിരുന്നില്ല.. പക്ഷെ, ബോക്സോഫീസിൽ തകർത്തുവാരിയ ആ സിനിമയ്ക്ക് തുടർന്ന് ഹോററിലുപരി കോമഡി ഫീൽ ചെയ്തിരുന്ന ഒട്ടനവധി സീക്വലുകളും അഡാപ്റ്റഡ് പതിപ്പുകളും വരികയുണ്ടായി.. പലതും തിയേറ്ററുകളിൽ അസ്സൽ ദുരന്തങ്ങൾ ആയിരുന്നു.. അതൊന്നും പോരാഞ്ഞിട്ടാണ് യൂണിവേഴ്സൽ പിക്ചേഴ്സ് മമ്മി സീരീസിന് ഒരു റീബൂട്ട് വേർഷൻ ഇറക്കാൻ തീരുമാനിച്ചത്..

ടോം ക്രൂയിസ് എന്ന ഹൈലൈറ്റ്

ആ തീരുമാനത്തിന്റെ പരിണതഫലമാണ് ഇന്ന് തിയേറ്ററിലെത്തിയ ദി മമ്മി (2017) എന്ന പുതിയ ചിത്രം. ഡാർക്ക് യൂണിവേഴ്സ് കാറ്റഗറിയിൽ പെടുത്തി യൂണിവേഴ്സൽ നിർമ്മിച്ചിരിക്കുന്ന ആദ്യചിത്രമായ ദി മമ്മിയുടെ ഏറ്റവും വല്യ ആകർഷണം 1932 മുതൽ വന്ന പലതരം മമ്മിചിത്രങ്ങളായിരുന്നില്ല മറിച്ച് ടോം ക്രൂയിസിന്റെ സാന്നിധ്യമായിരുന്നു.. ഇതുവരെയുള്ള മമ്മിപ്പടങ്ങളിൽ നിരാശമാത്രം കണ്ടെത്താനായ എന്നെപ്പോലുള്ളവരെപ്പോലും തിയേറ്ററിലേക്ക് എത്തിക്കാവുന്ന ഒരു ഹൈലൈറ്റ് ആയിരുന്നു ടോം ക്രൂയിസ്.

പാതിവെന്ത മെഷ് അപ്പ്

കഷ്ടമെന്ന് പറയട്ടെ, പടം കണ്ടുതീരുമ്പോളും ഈ നടന്റെ സാന്നിധ്യമെന്നതിലുപരി ഉള്ളടക്കപരമായി കനത്ത നിരാശതന്നെയാണ് സമ്മാനിക്കുന്നത്.. നാളിതുവരെ ഇതേ ജോണറിൽ ഇറങ്ങിയ ഹോളിവുഡ് മസാലകളിൽ നിന്നും അടർത്തിയെടുത്ത ചീളുകൾ തുന്നിക്കെട്ടിയെടുത്ത് ചുട്ടെടുത്ത ഒരു പാതിവെന്ത മെഷ് അപ്പ് എന്നു പറയാം അലക്സ് കുർട്സ്മാൻ സംവിധാനം ചെയ്ത പുതിയ മമ്മിയെ.

ആളുകൂടിയാൽ പാമ്പ് ചാവൂല

സംവിധായകൻ ഉൾപ്പടെ 3 പേർ ചേർന്ന് കഥയും 4 പേർ ചേർന്ന് തിരക്കഥയും എഴുതി തയ്യാർ ചെയ്തതാണെങ്കിലും ആളുകൂടിയാൽ പാമ്പ് ചാവൂല എന്ന ചൊല്ലിനെ തീർത്തും അന്വർത്ഥമാക്കുന്നതാണ് പടത്തിന്റെ സ്ട്രക്ചർ.. സംവിധായകന്റെ കയ്യിലും കാര്യമായ മെയ്കിംഗ് മരുന്നുകളൊന്നുമില്ലാതായപ്പോൾ സ്വതേ ദുർബല പോരാത്തതിന് ഗർഭിണി കൂടിയായി മാറി.. ഒടുവിലൊക്കെയെത്തുമ്പോൾ മടുപ്പ് അതിന്റെ പരകോടിയിലാണ്.

അതിപ്രാചീനമായ ശവക്കല്ലറയിൽ തുടക്കം

ഇറാക്കിൽ യുദ്ധമുഖത്തുള്ള ടോം ക്രൂയിസും സംഘവും ബോംബ് സ്ഫോടനത്തിനിടെ മരുഭൂമിയിൽ രൂപപ്പെട്ട അഗാധ ഗർത്തത്തിൽ നിന്നും അതിപ്രാചീനമായ ഒരു ശവക്കല്ലറ കണ്ടെത്തുന്നതോടെ ആണ് മമ്മിക്ക് തുടക്കമാവുന്നത്. മെസപ്പെട്ടോമിയൻ സംസ്കൃതിയുടെ എല്ലാവിധ ആർഭാടങ്ങളുമുള്ള ആ ടോംബ് ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് മുൻപ് അടക്കം ചെയ്ത അഹ്മാനത് എന്നൊരു ഈജിപ്ഷ്യൻ രാജകുമാരിയുടെതാണ്.

ദി മമ്മിയുടെ സ്റ്റോറി ലൈൻ

ഗർത്തത്തിനടിയിൽ അത് പരിശോധിച്ചുകൊണ്ടിരുന്ന ക്രൂയിസിന്റെയും സംഘത്തിന്റെയും ബദ്ധപ്പാടുകൾക്കിടയിലുള്ള ഒരു വെടി അഹ്മാനത്തിനെ സ്വതന്ത്രയാക്കുന്നതിനെ തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ തുടർന്നുള്ള ഭാഗങ്ങൾ. ജീവനോടെ മമ്മിഫൈ ചെയ്തവളായിരുന്നു അഹ്മാനത്ത് എന്നത് അവളെ പ്രതികാരദാഹത്താൽ വർധിതവീര്യയാക്കുകയും സ്വതന്ത്രയാക്കിയവനാണ് ക്രൂയിസ് എന്നതിനാൽ അയാൾക്കവളൊരു ഒഴിയാബാധയാവുകയും ചെയ്യുന്നു.

സമയദൈർഘ്യം കുറഞ്ഞത് ഗുണമായി

സോഫിയ ബ്രൂടെല എന്ന നടിയാണ് അഹ്മാനത്ത്.. കൊള്ളാം അവർക്കൊരു പ്രാചീനരാജകുമാരിയുടെ വിച്ച് ലുക്കൊക്കെ ഉണ്ട്.. ഇന്റർവെലായപ്പോഴെയ്ക്കു മരുന്നൊക്കെ തീർന്നു എന്നതും അതിനുശേഷം കോട്ടുവായിട്ടിരിക്കണം എന്നതുമൊക്കെയാണ് മമ്മിയുടെ പ്രധാന അവശതകൾ.. ബ്രയാൻ ടെയിലറുടെ ബീജിയെം ആണ് കാണികൾക്ക് കുറച്ചെങ്കിലും ആശ്വാസമാവുന്നത്. സിനിമാറ്റോഗ്രഫിയും എഡിറ്റിംഗ് വർക്കുമാണ് മമ്മിയിൽ പോസിറ്റീവ് എന്നുപറയാവുന്ന രണ്ട് ഡിപ്പാർട്ട്മെന്റുകൾ.. പക്ഷെ തിയേറ്ററിൽ നിന്ന് ഇറങ്ങി വരുമ്പോൾ അതിനെക്കാളൊക്കെ വല്യ ഹൈലൈറ്റായി തോന്നുക 107മിനിറ്റ് എന്ന താരതമ്യേന കുറഞ്ഞ സമയത്തിലുള്ള മമ്മിയുടെ ദൈർഘ്യം തന്നെ ആണ്..

English summary
The Mummy movie review by Schzylan Sailendrakumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam