തിങ്കള്‍ മുതല്‍ വെള്ളിവരെ... സീരിയല്‍ കാണാന്‍ തീയേറ്ററില്‍ പോണോ?
എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ, ഉറുമ്പിനെ കൊല്ലാന്‍ ബോംബ് വയ്ക്കണോ തുടങ്ങിയ ചോദ്യങ്ങളോട് ചേര്‍ത്തുവക്കാവുന്നതാണ് ' സീരിയല്‍ കാണാന്‍ തീയേറ്ററില്‍ പോകണോ ' എന്ന ചോദ്യവും. സിനിമ കാണാന്‍ പോകുന്നവര്‍ 'തിങ്കള്‍ മുതല്‍ വെള്ളിവരെ' കണ്ടാല്‍ ചോദിയ്ക്കാന്‍ സാധ്യതയുള്ള ചോദ്യം ഇത് തന്നെ ആയിരിയ്ക്കും.
ഗായികയും അവതാരകയും ആയ റിമി ടോമി ആദ്യമായി നായികാ വേഷത്തില്‍ എത്തുന്ന സിനിമ എന്നത് തന്നെയാണ് 'തിങ്കള്‍ മുതല്‍ വെള്ളി വരെ'യുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ അരങ്ങില്‍ മലയാളികളെ ഏറെ ചിരിപ്പിച്ച റിമി ടോമി വെള്ളിത്തിരയില്‍ അത്രയ്ക്കങ്ങ് 'ക്ലിക്ക്' അല്ല.

അടുത്തിടെയായി ഒരു വിജയ സിനിമ പോലും അവകാശപ്പെടാനില്ലാത്ത നടനാണ് ജയറാം. സീരിയല്‍ കഥയിലൂടെ വീണ്ടും ക്ലച്ച് പിടിക്കാമെന്ന ജയറാമിന്റെ മോഹവും വൃഥാവിലാകുമെന്ന് തന്നെയാണ് തോന്നുന്നത്.
സീരിയലിന്റെ കഥയെഴുത്തുകാരനായ ജയദേവന്‍ ചുങ്കത്തറയായിട്ടാണ് ജയറാം എത്തുന്നത്. ഒട്ടുമിക്ക ചാനലുകളിയേും എല്ലാ വിധത്തിലും ഉള്ള സീരിയലുകള്‍ക്കും കഥയെഴുതുന്നത് ഇദ്ദേഹം തന്നെ. 'സീരിയല്‍ ഭ്രാന്തി'യായ പുഷ്പല്ലി എന്ന നാട്ടിന്‍ പുറത്ത് കാരിയാണ് റിമി ടോമി. വിവാഹം കഴിയ്ക്കുകയാണെങ്കില്‍ അത് ജയദേവനെ മാത്രമായിരിക്കും എന്ന് പുഷ്പവല്ലി. ജയദേവനാണെങ്കില്‍ വിവാഹമേ വേണ്ടെന്ന് തീരുമാനിച്ച ആളും.

എങ്കിലും ജയദേവനനും പുഷ്പവല്ലിയും തമ്മിലുള്ള വിവാഹം നടക്കുന്നു. ആ വിവാഹവും അതിന് ശേഷമുള്ള അങ്കങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പുഷ്പവല്ലിയാണെങ്കില്‍ പഴയ ഉര്‍വ്വശി കഥാപാത്രങ്ങളെ അനുസ്മരിപ്പിയ്ക്കുന്ന ഒരു അസൂയക്കാരിയും.
മൊത്തത്തില്‍ സീരിയല്‍ മയമാണ് ഈ സിനിമ. സീരിയല്‍ ഭ്രാന്ത് എത്രത്തോളമെന്ന് കാണിയ്ക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ചെയ്യുന്ന കാര്യങ്ങള്‍ എത്രത്തോളം കടുത്തതാണെന്ന് സിനിമ കണ്ട് തന്നെ വിലയിരുത്താവുന്നതാണ്.

മെഗാസീരിയലുകളേയും സീരിയല്‍ കാണുന്നവരേയും സീരിയലിനെ എതിര്‍ക്കുന്നവരേയും ഒരുപോലെ വിമര്‍ശിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. പക്ഷേ അതെല്ലാം കാണിച്ചുകൂട്ടലുകള്‍ മാത്രമായി അവശേഷിയ്ക്കുന്നു.
കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനവും ദിനേശ് പള്ളത്തിന്റെ തിരക്കഥയും മലയാളിയ്ക്ക് ഒരു പുതുമയും സമ്മാനിയ്ക്കുന്നില്ല. തിരുവനന്തപുരം ശൈലി എന്ന പേരില്‍ അറിയുന്ന ഭാഷാ ശൈലിയുമായി വരുന്ന അനൂപ് മേനോനും, രചന നാരായണന്‍ കുട്ടിയും, കെപിഎസി ലളിതയും ഒക്കെ അവരുടെ റോളുകള്‍ നിര്‍വ്വഹിച്ചു എന്ന് പറയാം.

മനീഷ് നാരായണന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, ക്യാമറയില്‍ പതിഞ്ഞതെല്ലാം സിനിമയാണെന്ന് വിശ്വാസമുള്ളവര്‍ക്ക് ഈ സിനിമ കാണാം.


Click it and Unblock the Notifications











