»   » റിയലിസത്തിന്റെ ഏക ജാലകത്തിൽ പോത്തേട്ടൻ ബ്രില്ല്യൻസ്: ശൈലന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ!

റിയലിസത്തിന്റെ ഏക ജാലകത്തിൽ പോത്തേട്ടൻ ബ്രില്ല്യൻസ്: ശൈലന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം - ഇതിലും വലിയ ഒരു പരസ്യവാചകം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് നൽകുവാനില്ല. പോത്തേട്ടൻസ് ബ്രില്യൻസ് എന്ന് പേരുകേട്ട ദിലീഷ് പോത്തന്റെ സംവിധാന മികവും പൂർണതയ്ക്ക് അടുത്തുനിൽക്കുന്ന ഫഹദ് ഫാസിലിന്റെ പ്രകടനവുമായിരുന്നു മഹേഷിൻറെ പ്രതികാരത്തിന്റെ ഹൈലൈറ്റ്.

മഹേഷിന്റെ പ്രതികാരം വലിയ ഒരു ഉത്തരവാദിത്തമാണ് ദിലീഷ് പോത്തനിൽ ഉണ്ടാക്കിയിരിക്കുന്നത്. ഏതാണ്ട് അതേ ടീമുമായി ദിലീഷ് പോത്തൻ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുമ്പോൾ ആ പ്രതീക്ഷകൾ നിറവേറിയോ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശൈലൻ എഴുതുന്ന റിവ്യൂ.

ചില ഓർമ്മകൾ

സാജിദ് യാഹ്യ എന്ന സിനിമാപ്രാന്തൻ സംവിധാനം ചെയ്ത "ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം (ഇടി)" എന്ന അസഹനീയമായ സിനിമയിൽ കാസറഗോഡ് ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ ഉള്ള ഒരു അധോഗതി പിടിച്ച പോലീസ് സ്റ്റേഷനിൽ ഇരുന്ന് സുനിൽ സുഖദയും മോളി കണ്ണമാലിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഒരു കള്ളനെ പിടിച്ചിരുത്തി പഴംചക്ക തീറ്റിക്കുന്ന ഒരു സീനുണ്ട്. ഇന്ന് "തൊണ്ടിമുതലും ദൃക്സാക്ഷിയും" എന്ന പോസിറ്റീവ് അഭിപ്രായങ്ങൾ മാത്രം കേൾപ്പിക്കുന്ന പോത്തേട്ടൻ ബ്രില്ല്യൻസ് തിയേറ്ററിൽ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ആ സീനുകൾ വെറുതെ ഓർത്തു..

ഒരു സംശയം ഇതാണ്

കഴിഞ്ഞ വർഷം തന്നെ തിയേറ്ററിൽ എത്തിയ ആക്ഷൻ ഹീറോ ബിജു, കിസ്മത്ത് എന്നീ സിനിമകളിൽ മലയാള സിനിമ ഇതുവരെ കാണാത്ത വിധം റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരുന്നു.. ചിലർക്കൊക്കെ "തൊണ്ടിമുതൽ" കണ്ടപ്പോൾ ആക്ഷൻ ഹീറോ ബിജുവിനെ കിണറ്റിൽ ഇടാൻ തോന്നി എന്ന് എഫ് ബിയിൽ കണ്ടിരുന്നു.. പക്ഷെ, എനിക്ക് തോന്നിയ സംശയം അതല്ല, ഈ ദിലീഷ് പോത്തൻ, സജീവ് പാഴൂർ, ശ്യാം പുഷ്കരൻ എന്നീ ആളുകളൊന്നും മേല്പറഞ്ഞ മൂന്നുസിനിമകളും കണ്ടിട്ടുണ്ടാവില്ല എന്നുണ്ടാവുമോ എന്നത് മാത്രമാണത്.

പോത്തേട്ടൻസ് ബ്രില്യൻസ്

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റസിനിമകൊണ്ട് പോത്തേട്ടൻ ബ്രില്ല്യൻസ് എന്നൊരു പ്രയോഗം തന്നെ മലയാളികൾക്കിടയിൽ ഉണ്ടാക്കി എടുത്ത സംവിധായകൻ ആണ് ദിലീഷ് പോത്തൻ. പറയത്തക്ക ഒരു കഥയുമില്ലാതെ പരിചരണത്തിലെ മാന്ത്രികതയും കാസ്റ്റിംഗിലെ അന്യൂനതയും കൊണ്ടായിരുന്നു പോത്തേട്ടൻ മഹേഷിൽ ബ്രില്ല്യൻസും വിസ്മയവും കാണിച്ചത്.

മഹേഷ് നൽകിയ പ്രതീക്ഷകൾ

പോത്തേട്ടനൊപ്പം രചയിതാവ് ശ്യാം പുഷ്കരന്റെ നെയ്തുനെയ്തുനെയ്ത് ഇഴകൾ പാകിപ്പോവുന്ന, സമാനതകളില്ലാത്ത തിരക്കഥാവൈഭവവും മഹേഷിന്റെ നട്ടെല്ലായിരുന്നു.. അതുകൊണ്ടുതന്നെ ആണ് "തൊണ്ടിമുതലും ദൃക്സാക്ഷിയും" 2017 ൽ കാണികൾ ഏറ്റവും പ്രതീക്ഷയർപ്പിച്ച് ചിത്രമായി മാറിയതും.. ഓവർഹൈപ്പ് സിനിമയ്ക്ക് വിനയായി എന്നുതന്നെ വേണം പറയാൻ..

മാന്ത്രികതയില്ലാത്ത റിയലിസം

ആദ്യചിത്രം പോലൊന്ന് തീർത്തും അസാധ്യമായത് കൊണ്ടാവും പോത്തേട്ടൻ ഇത്തവണ സജീവ് പാഴൂർ എന്ന തിരക്കഥാകൃത്തിനെ കൂട്ടുപിടിച്ച് ശ്യാം പുഷ്കരനെക്കൊണ്ട് സംഭാഷണമെഴുതിച്ച് ഒരു പോലീസ് സ്റ്റേഷന്റെ റിയലിസത്തിലേക്കാണ് ക്യാമറ തുറക്കുന്നത്.. ക്രാഫ്റ്റിൽ കുറയൊന്നും പറയാനില്ലാത്ത ഒരു മനോഹരസിനിമയായി "തൊണ്ടിമുതലും ദൃക്സാക്ഷിയും" അവസാനിക്കുമ്പോഴും മഹേഷിൽ റിയലിസത്തിന് അകമ്പടിയായുണ്ടായിരുന്ന മാന്ത്രികത ഈ സിനിമയിൽ തെല്ലുപോലും കണ്ടെടുക്കാനില്ല എന്നതാണ് സത്യം.

തവണക്കടവിൽ നിന്നുള്ള തുടക്കം..

മഹേഷ് കാണുമ്പോൾ മറ്റ് പൂർവഭാരങ്ങൾ ഒന്നുമില്ലായിരുന്നെങ്കിൽ "തൊണ്ടിമുതൽ" കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവും കിസ്മത്തും മുതൽ ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിമിനെ വരെ ഓർത്തെടുക്കേണ്ടിവരുന്നത് മറ്റൊരു ദുര്യോഗം. ഇടുക്കിയെയും ഹൈറേഞ്ചിനെയും പാട്ടിൽ പാടിപ്പുകഴ്ത്തിക്കൊണ്ട് തുടങ്ങിയ ആദ്യ ചിത്രത്തിന്റെ ഹാങ്ങോവറിൽ വൈക്കത്തിന്റെ അങ്ങാടിയും ചുറ്റുവട്ടവും കാണിച്ചുകൊണ്ടാണ് തൊണ്ടിമുതൽ തുടങ്ങുന്നത്..

ആകെയുള്ള ഒരു ബ്രില്യൻസ് ഇതാണ്

വൈപ്പിനിൽ നിന്നും കൊച്ചിയിലെ തുണിക്കടയിലേക്ക് സെയിൽസ് ഗേളായി എന്നും ബോട്ടിൽ കായലുകടന്ന് പോവുന്ന പഴയൊരു റസൂലിന്റെ അന്നയെ ഓർമ്മപ്പെടുത്തുന്ന നായിക തവണക്കടവിൽ നിന്നും വൈക്കത്തേക്ക് എന്നും ജങ്കാർ കടന്നു പോവുകയും നായകനുമായി പ്രണയത്തിലാവുകയും ചെയ്യുന്നു.. നായകൻ ഈഴവനാണെന്നതും പ്രകാശ് എന്ന പേരുള്ള അയാൾ സുരാജ് വെഞ്ഞാറമൂട് ആണെന്നതുമാണ് ഈ ഘട്ടത്തിൽ പോത്തേട്ടൻ കാഴ്ചവെക്കുന്ന ഒരു ബ്രില്ല്യൻസ്

ഷേണിയിലെ പോലീസ് സ്റ്റേഷൻ

ഈഴവനായ നായകൻ നായരായ നായികയെ കല്യാണം കഴിച്ചതിനെ തുടർന്ന് ജാതിക്കുഴപ്പങ്ങൾ കാരണം കാസറഗോഡേക്ക് നാടുവിട്ട് അവിടെ
പുകയിലകൃഷി ചെയ്ത് ജീവിതം കരുപ്പിടിക്കാൻ താലിമാല പണയം വെക്കാനായി കെ എസ്‌ ആർ ടി സി ബസിൽ പോകുന്നതിനിടെ ബസിൽ വച്ച്
നായികയുടെ കഴുത്തിൽ നിന്ന് അത് മോഷണം പോവുകയും പിടികൂടിയ മോഷ്ടാവിനെയും കൊണ്ട് ബസ് ഷേണി എന്ന സ്ഥലത്തുള്ള പോലീസ്
സ്റ്റേഷനിൽ എത്തിക്കുന്നതാണ് പടത്തിന്റെ രണ്ടാം ഘട്ടവും തുടർന്നുള്ള എല്ലാ ഘട്ടവും..

ആരെയും കുറ്റം പറയാനാകില്ല

പോലീസ് സ്റ്റേഷന്റെ യഥാതഥചിത്രീകരണമാണ് ഹൈലൈറ്റ് എന്ന് സാരം. എബ്രിഡ് ഷൈൻ, ഷാനവാസ് ബാവക്കുട്ടി എന്നീ ഗഡികൾ
ഒരുകൊല്ലം മുൻപെ കയർ നീട്ടിയെറിഞ്ഞു എന്നതും അത് മലയാളികൾ മുൻപെ പോയിക്കണ്ടു എന്നതും ആരുടെയും കുറ്റമേയല്ല..

സാങ്കേതികമികവ്...

ക്രിയേറ്റീവ് ഡയറക്ടർ എന്നൊരു പോസ്റ്റ് തന്നെ മലയാളത്തിൽ ഇതാദ്യമായി സൃഷ്ടിച്ച് അതിൽ ശ്യാം പുഷ്കരനെ നിയമിച്ച് രാജീവ് രവി എന്ന നമ്മുടെകാലത്തിന്റെ മാന്ത്രികസംവിധായകനെ ക്യാമറയും ഏൽപ്പിച്ചുകൊണ്ടുള്ള ദിലീഷ് പോത്തന്റെ തൊണ്ടിമുതൽ മെയ്കിംഗ് കുറ്റങ്ങളൊന്നും പറയാനില്ലാത്തതാണ്.. ഓരോ ഫ്രെയ്മുകളും സമ്പൂർണമാണ്. അടൂരിന്റെയൊക്കെ ആദ്യകാല മാസ്റ്റർപീസുകളെ വെല്ലുന്ന പെർഫെക്ഷൻ എന്നുതന്നെ പറയാം.. അതുകൊണ്ട് തന്നെ ഹാർഡ് കോർ സിനിമാസ്വാദകർക്ക് സ്ക്രിപ്റ്റിന്റെ ഫ്രെഷ്നസില്ലായ്മയെ അവഗണിച്ചുകൊണ്ടുള്ള ഒരു മസ്റ്റ് വാച്ച് ഫിലിം തന്നെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും..

സുരാജും ഫഹദും

നാഷണൽ അവാർഡ് വിന്നറായ സുരാജിന്റെയും അക്കൊല്ലത്തെ സ്റ്റേറ്റ് അവാർഡ് വിന്നറായ ഫഹദിന്റെയും തദനുസരണമായ പ്രകടനമികവാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.. പ്രസാദ് എന്ന തവണക്കടവുകാരന്റെ നിസ്സഹായതയും ജാള്യവും നന്മയും ഗതികേടുകളും മറ്റെല്ലാ വൈക്ലബ്യങ്ങളും സുരാജിൽ ഭദ്രം..‌ ഐഡന്റിറ്റി ഇല്ലാത്ത പ്രകാശൻ എന്നു തന്നെ പേര് അവകാശപ്പെടുന്ന മാലമോഷ്ടാവ് ഒരു ടിപ്പിക്കൽ ഫഹദ് ഫാസിൽ കഥാപാത്രമാണ്.. ഇത്തരം മാർജിനലൈസ്ഡ് ക്യാരക്റ്ററുകളായി ജീവിക്കാൻ കഴിയുന്ന ഇയാളെപ്പിടിച്ച് സവിധായകർ എന്തിനാണ് സിൽമാനായകനും അതിനായകനുമാക്കാൻ മെനക്കെടുന്നത് എന്നാണ് എനിക്ക് മനസിലാവാത്തത്

നിമിഷയും വെട്ടുകിളിയും മറ്റും

നിമിഷ സജയൻ എന്ന പുതുമുഖമാണ് സുരാജിന്റെ നായികയായ ശ്രീജയാകുന്നത്.. മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരുതരം ബോഡി ലാംഗ്വേജും അഭിനയഭാഷയുമാണ് നിമിഷയുടേത്.. മഹേഷിന്റെ ജിംസിയെ വെല്ലുന്ന ബ്രില്ല്യൻസ്..സത്യൻ അന്തിക്കാടിന്റെ പഴയ സിനിമകളിൽ കോമാളി എന്ന് വിശേഷിപ്പിക്കാവുന്ന ചെറുറോളുകൾ ചെയ്തിരുന്ന വെട്ടുകിളി പ്രകാശ് എന്ന നടന്റെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള തിരിച്ചുവരവ് ശ്രീജയുടെ അച്ഛനായ ശ്രീകണ്ഠൻ ആയിട്ടാണ്..

കാസ്റ്റിങും കാരക്ടറൈസേഷനും

അലൻസിയർ മുതൽ സകല പോലീസുകാരിലും നൂറുകണക്കിന് ക്യാരക്റ്ററുകളിലും പോത്തേട്ടന്റെ കാസ്റ്റിംഗ് ബ്രില്ല്യൻസ് മഹേഷിന്റെ പ്രതികാരത്തിന്റെ തുടർച്ചയായിക്കിടക്കുന്നുണ്ട്.. പടത്തിന്റെ പ്രധാന എന്റർടൈന്മെന്റ് വാല്യൂവും കാസ്റ്റിംഗിലും ക്യാരക്റ്ററൈസേഷനിലും അധിഷ്ഠിതമാണ് താനും..

English summary
Thondimuthalum Driksakshiyum movie review by Shailan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam