വിൻ്റേജ് മോഹന്‍ലാൽ, ശോഭനയ്ക്കൊപ്പമുള്ള കോംബോ വീണ്ടും ഹിറ്റ്! നിഗൂഡതകളുമായി 'തുടരും'; ആദ്യ പ്രേക്ഷക പ്രതികരണം
എമ്പുരാന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ സ്റ്റൈലിഷ് ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതിന് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തി. െൈക്രം ത്രില്ലറായി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന സിനിമയാണ് ഇന്ന് റിലീസിനെത്തിയിരിക്കുന്നത്.
പതിയെ കത്തി തുടങ്ങുന്ന രീതിയിലാണ് ചിത്രത്തിന്റെ തുടക്കം. ആദ്യ പകുതി കഴിയുമ്പോള്‍ ഫീല്‍ ഗുഡ് മൂവിയാണെന്ന പ്രതീതിയാണ് നല്‍കുന്നത്. മോഹന്‍ലാലിന്റെ തിരിച്ച് വരവ്, പഴയ മോഹന്‍ലാലിനെ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വിന്റേജ് മോഹന്‍ലാലിനെയാണ് തുടരും എന്ന ചിത്രത്തിലൂടെ കാണാന്‍ സാധിക്കുന്നത്. ശോഭന-മോഹന്‍ലാല്‍ കൂട്ടുകെട്ടിനും പ്രതീക്ഷിച്ചത് പോലെ സ്വീകാര്യത ലഭിച്ചു. ഇരുവരുടെയും കോംബോ മികച്ചതാണെന്ന കമന്റുകളാണ് വരുന്നത്.

മോഹന്‍ലാല്‍ സാധാരണക്കാരനായൊരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇതിനകം സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറും മറ്റുമൊക്കെ ചിത്രത്തില്‍ നിഗൂഡതകള്‍ ഒളിപ്പിച്ച ഫീല്‍ തന്നിരുന്നു. തിയേറ്ററുകളിലേക്ക് എത്തിയ സിനിമയുടെ പ്രധാന ഭാഗവും അവസാന ഭാഗത്തേക്കാണ് വെച്ചിരിക്കുന്നത്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും നായിക, നായകന്മാരായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയോടെയാണ് തുടരും തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമ റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് വരുന്ന അഭിപ്രായം ശ്രദ്ധേയമാവുകയാണ്.
സിനിമയുടെ റിലീസിനെ കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നതിങ്ങനെയാണ്... 'പ്രിയപെട്ടവരെ... തുടരും എന്ന നമ്മുടെ ചിത്രം നാളെ മുതല്‍ നിങ്ങളുടെ അടുത്തുള്ള പ്രദര്‍ശന ശാലകളിലേക്ക് എത്തുകയാണ്... ഈ മൂന്നാമൂഴത്തില്‍ എന്റെ സിനിമാ യാത്രയ്ക്ക് കൂട്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹന്‍ലാല്‍ സാറും, ശോഭന മാമും കൂടെയുണ്ട് എന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം...

മലയാളികള്‍ കണ്ടു വളര്‍ന്ന ആ ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്, നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലേക്ക് ഈ സിനിമ കാണാന്‍ എല്ലാവരും എത്തും എന്ന പ്രതീക്ഷയില്‍, അതിലുപരി സിനിമ ഇഷ്ടമായാല്‍ നിങ്ങള്‍ മറ്റുള്ളവരോട് ഈ സിനിമ കാണാന്‍ പറയും എന്ന വിശ്വാസത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങള്‍ ഒരുമിച്ചു കണ്ട, മെനെഞ്ഞെടുത്ത ഞങ്ങളുടെ സ്വപ്നം നിങ്ങളെ ഏല്‍പ്പിക്കുകയാണ്.
പേരെടുത്ത പറയണ്ട ഒരുപാട് പേരുകള്‍ ഉണ്ട് എനിക്ക് ഒപ്പം ഈ സിനിമയ്ക്ക് വേണ്ടി രാപ്പകല്‍ മനസ് കൊണ്ടും ശരീരം കൊണ്ടും പണി എടുത്തവര്‍, സ്‌നേഹിച്ചവര്‍, കരുതലായി നിന്നവര്‍. പക്ഷേ മൂന്നു പേരുകള്‍ പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ പറ്റില്ല. സുനിലേട്ടാ, രഞ്ജിത്തേട്ടാ, ലാലേട്ടാ ഒരു പക്ഷേ എന്നേക്കാളും/ഞങ്ങളെക്കാളും മുന്‍പ് ഒരുപാട് കാലമായി ഈ സിനിമ സ്വപ്നം കണ്ടത് നിങ്ങളാണ്.
ഇത്ര കാലം നിങ്ങള്‍ ഈ സിനിമയോട് നല്‍കിയ സ്‌നേഹത്തിന് പ്രതിഫലമായി സിനിമ നിങ്ങളെ, നമ്മളെ സ്‌നേഹിക്കുന്ന ദിനങ്ങള്‍ക്കായി സ്‌നേഹത്തോടെ നമുക്ക് തുടരാം.. അല്ല തുടരണം. എന്ന് സ്വന്തം, തരുണ്‍ മൂര്‍ത്തി!.' എന്നും പറഞ്ഞാണ് സംവിധായകൻ എഴുത്ത് അവസാനിപ്പിക്കുന്നത്.
എമ്പുരാന്‍ പോലെ ബിഗ് മാസ് ചിത്രമല്ലെങ്കിലും കുടുംബപ്രേക്ഷകരെ ഏറെ സ്വാധീനിക്കുന്ന ചിത്രമായിരിക്കും തുടരുമെന്നാണ് ആദ്യ കഴിഞ്ഞ ശേഷമുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. അവധിക്കാലമായതിനാൽ തിയേറ്ററിൽ മോശമില്ലാത്ത രീതിയിൽ ചിത്രം പ്രദർശിപ്പിക്കാനും സാധിക്കുമെന്ന് ഉറപ്പായി.


Click it and Unblock the Notifications











