കാലംതെറ്റിയെത്തിയ സിനിമ
മുസ്ലിം പെണ്ണിന്റെ ജീവിതം തട്ടത്തിനുള്ളില്‍ ഒതുങ്ങാനുള്ളതല്ലെന്ന് വിശ്വസിക്കുന്നവളാണ് നൂര്‍ജഹാന്‍ എന്ന നൂറ (മംമ്ത). നക്ഷത്രങ്ങളെക്കുറിച്ചു പഠിക്കുന്ന അവള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് വായനയ്ക്കും സാമൂഹിക പ്രവര്‍ത്തനത്തിനുമാണ്. ക്രിസ്ത്യന്‍ മിഷണറി നടത്തുന്ന അനാഥാലയത്തിനു പണം കണ്ടെത്താന്‍ ഏറെ പണിപെടുന്നുണ്ട് അവള്‍. നൂറയുടെ ഉറ്റ സുഹൃത്ത് ഡോക്ടര്‍ ശിവപാര്‍വ്വതി (അര്‍ച്ചന കവി). കോഴിക്കോട് തളിയിലെ ബ്രാഹ്മണ കുടുംബം.
ഈ മൂന്നു ബന്ധത്തിലൂടെ മതസൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സംവിധായകനു സാധിച്ചു. കോഴിക്കോട് എന്നാല്‍ മതസൗഹാര്‍ദത്തിന്റെ നാടാണല്ലോ. പിന്നെ ബിരിയാണിയുടെയും. അതിനായി നായകന്‍ ഷാജഹാ (ക്രിഷ് സത്താര്‍)ന്റെ സഹോദരി സൈനബ (കനിഹ)യുണ്ട്. കോഴിക്കോട് കുറ്റിച്ചിറയിലെ കുടുംബത്തിലെ സൈനബ കുടുംബ പുലര്‍ത്തുന്നത് കാറ്ററിങ് നടത്തിയാണ്. ഷാജഹാന്റെയും സൈനബയുടെയും പിതാവ് കോഴിക്കോട്ടെ വലിയ പാട്ടുകാരനായിരുന്നു. അങ്ങനെ ബാബുരാജുമെല്ലാം വളര്‍ത്തിയ കോഴിക്കോടന്‍ സംഗീതവും സിനിമയില്‍ കൊണ്ടുവരാന്‍ സാധിച്ചു.

വലിയ വീട്ടില്‍ പിറന്ന നൂറ ഷാജഹാനെ ഇഷ്ടപ്പെടുന്നത് അവന്റെ സംഗീതം കേട്ടിട്ടാണ്. ഷാജഹാനെ ഏറെക്കാലം ചുറ്റിച്ച ശേഷമാണ് അവരുടെ പ്രണയം സഫലമാക്കുന്നത്. പ്രണയത്തിനു ശേഷം വിവാഹം. തുടര്‍ന്ന് നൂറ ഗര്‍ഭിണിയാകുന്നു. എന്നാല്‍ വളരെ കോംപ്ലിക്കേഷന്‍ നിറഞ്ഞ ഗര്‍ഭമായിരുന്നു. ചിലപ്പോള്‍ നൂറയുടെ മരണം വരെ സംഭവിച്ചേക്കാം. ആ ഗര്‍ഭം ഒഴിവാക്കാന്‍ ഡോക്ടര്‍ (നെടുമുടി) ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നൂറ സമ്മതിക്കുന്നില്ല.
പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറ മരിക്കുമെന്ന ഘട്ടം വന്നപ്പോള്‍ ഷാജഹാന്‍ ബൈക്കെടുത്ത് പുറപ്പെടുന്നു. അതൊരു അപകടത്തില്‍ കലാശിക്കുന്നു. അതേ ആശുപത്രിയില്‍ ഷാജഹാനെ കൊണ്ടുവരുന്നു. ആരുടെയെങ്കിലും ഹൃദയം മാറ്റിവച്ചാല്‍ നൂറയെ രക്ഷിക്കാം. അപ്പോള്‍ അതിനു മാച്ച് ആയ ഒരു ഹൃദയം ലഭിക്കുന്നു. അതാണ് സിനിമയുടെ ടേണിങ് പോയിന്റ്.
മതേതരത്വം, അവയവദാനം, കോഴിക്കോടന്‍ സംഗീതം, ഭക്ഷണം ഇവയെല്ലാം ചേര്‍ന്നപ്പോള്‍ ടു നൂറ വിത്ത് ലവ് എന്ന സിനിമയായി. സി.എച്ച്. വടകരയുടെതാണ് കഥ. തിരക്കഥ ജി.എസ്. അനിലിന്റെതും. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങളും മോഹന്‍സിത്താരയുടെ ഈണവും വേറിട്ടുനില്‍ക്കുന്നതായി. സിനിമയില്‍ നിന്ന് പ്രേക്ഷക് ലഭിക്കുന്ന നല്ലതെന്നു പറയാവുന്നതും ഇതാണ്. അഴകപ്പന്റെ കാമറയും എടുത്തുപറയേണ്ടതാണ്. ഡോണ്‍ ബോസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ മുഹമ്മദ് അന്‍സാര്‍ ആണ് നിര്‍മാണം. മുകേഷ്, മാമുക്കോയ, ഇര്‍ഷാദ്, അംബിക, മധുപാല്‍, കോഴിക്കോട് ശാരദ, ബിയോണ്‍ നിയാസ് എന്നിവരാണ് മറ്റു താരങ്ങള്‍.


Click it and Unblock the Notifications











