twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വല്ല്യേട്ടന്‍: പാണ്ഡവരുടെ പരകായപ്രവേശം

    By Staff
    |

    വല്ല്യേട്ടന്‍: പാണ്ഡവരുടെ പരകായപ്രവേശം

    സംവിധാനം: ഷാജി കൈലാസ്
    രംഗത്ത്: മമ്മൂട്ടി, മനോജ് കെ. ജയന്‍, സിദ്ദിഖ്, സുധീഷ്, വിജയകുമാര്‍, ശോഭന തുടങ്ങിയവര്‍
    സംഗീതം: മോഹന്‍ സിതാര

    പറഞ്ഞു മടുത്ത, കേട്ടു തഴമ്പിച്ച കഥ തന്നെയാണ് ഷാജി കൈലാസിന്റെ മമ്മൂട്ടി ചിത്രമായ വല്ല്യേട്ടന്റെയും പ്രമേയം. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയും മാധവനുണ്ണി എന്ന കഥാപാത്രത്തിന്റെ അതിമാനുഷികതയും.

    അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുന്നതിന് സാക്ഷിയാകേണ്ടി വന്ന അറയ്ക്കല്‍ മാധവനുണ്ണിക്ക് അമ്മാവന്‍ പട്ടേരി കുട്ടിക്കൃഷ്ണന്റെ (നാരായണന്‍ നായര്‍) കുടുംബത്തോട് തീരാത്ത പകയാണ്. 14-ാം വയസ്സില്‍ നാടുവിട്ട മാധവനുണ്ണി നിയമത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ട വീട് അമ്മാവനില്‍ നിന്ന് തിരിച്ചു പിടിക്കുന്നു. സഹോദരങ്ങളായ രഘു (സിദ്ദിഖ്), അപ്പു (വിജയകുമാര്‍), മോന്‍ കുട്ടന്‍ (സുധീഷ്), അനുജനെപ്പോലെ കരുതുന്ന ദാസന്‍ (മനോജ് കെ. ജയന്‍), കാര്യസ്ഥന്‍ രാമന്‍ കുട്ടി (ഇന്നസെന്റ്) എന്നിവരോടൊപ്പമാണ് മാധവനുണ്ണി തറവാട്ടില്‍ തിരിച്ചെത്തുന്നത്. ആഞ്ജാനുവര്‍ത്തിയായി ഡിവൈഎസ്പി മുഹമ്മദ് ഇല്ല്യാസും (ക്യാപ്റ്റന്‍ രാജു).

    എന്നാല്‍ മാധവനുണ്ണിയോടെതിര്‍ക്കാന്‍ പട്ടേരി കുട്ടിക്കൃഷ്ണന് പ്രായം അനുവദിക്കുന്നില്ല. പകരം മകന്‍ പട്ടേരി ശിവരാമനാണ് (സായികുമാര്‍) മാധവനുണ്ണിക്കെതിരെ കരുക്കള്‍ നീക്കുന്നത്. നെടുങ്ങാടി (ഭീമന്‍ രഘു), മമ്പറം ബാവ (എന്‍.എഫ്. വര്‍ഗ്ഗീസ്) എന്നിവരാണ് പ്രധാന സഹായികള്‍.

    മാധവനുണ്ണിക്ക് സഹോദരങ്ങള്‍ ജീവനാണ് എന്നറിയാവുന്നതുകൊണ്ടുതന്നെ അനുജന്മാരെ ഉന്നം വെച്ചുകൊണ്ടാണ് എതിര്‍പക്ഷം തന്ത്രങ്ങള്‍ നെയ്യുന്നതത്രയും. അപ്പുവിനു വേണ്ടി ഒരാളെ കൊന്നതിന്റെ പേരില്‍ അറസ്റിലായ റൗഡി പപ്പന്റെ (കലാഭവന്‍ മണി) സഹോദരി മായ (പൂര്‍ണിമാ മോഹന്‍) മാധവനുണ്ണിയുടെ വീട്ടിലാണ് താമസം. ഒരിക്കല്‍ മാധവനുണ്ണിയുടെ ഒരനുജനെ വകവരുത്താന്‍ മമ്പറം ബാവ അയച്ച കൂലിക്കൊലയാളി മായയെ അറയ്ക്കല്‍ തറവാട്ടുകുളത്തില്‍ വെച്ചു മുക്കിക്കൊല്ലുന്നു.

    കൊലപാതകത്തിന് ദാസന്‍ അറസ്റിലാവുകയും ദാസനെ രക്ഷിക്കാന്‍ മാധവനുണ്ണി സഹോദരന്‍ രഘുവിനോടാവശ്യപ്പെട്ടതനുസരിച്ച് രഘു അങ്ങനെ ചെയ്യുന്നു. ദാസനോടുള്ള ഈ അമിതവാത്സല്യം മുതലെടുക്കാന്‍ ശിവരാമന്‍ ഉറച്ചു. രഘുവിനെ ജാമ്യത്തിലെടുത്ത ശിവരാമന്‍ അറയ്ക്കല്‍ തറവാട്ടില്‍ കുടുംബകലഹത്തിന്റെ വിത്തിടാന്‍ ശ്രമിക്കുന്നു. എന്നാല്‍ കാര്യസ്ഥന്‍ രാമന്‍കുട്ടി തന്റെ ജാരസന്തതിയാണ് ദാസനെന്ന് വെളിപ്പെടുത്തുന്നതോടെ പ്രശ്നം രമ്യതയില്‍ എത്തുന്നു.

    സഹോദരങ്ങളുടെയും ജയിലില്‍ നിന്നിറങ്ങിയ പപ്പന്റെയും സഹായത്തോടെ മാധവനുണ്ണി മായയുടെ കൊലയാളിയെ കണ്ടെത്തുകയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ശിവരാമനാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഒടുവില്‍ ശിവരാമനെ അടിച്ചു നിരപ്പാക്കി മാപ്പും നല്‍കി തിരിച്ചു പോകുന്നു.

    ഷാജിയുടെ ഷോട്ട് മിക്സിംഗും അവതരണ രീതിയും അവസരോചിതമായ സ്ലോമോഷന്‍ രംഗങ്ങളും ചിത്രത്തിന്റെ പിരിമുറുക്കം നിലനിര്‍ത്തുന്നതില്‍ ഏറെ സഹായിച്ചു. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന മാധവനുണ്ണിയുടെ അടിത്തറ രഞ്ജിത്തിന്റെ തിരക്കഥ തന്നെ. എങ്കിലും ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം എന്നിവയില്‍ നിന്നും വ്യത്യസ്തമായ ഒരു നായകസങ്കല്പമോ പ്രമേയമോ മുന്നോട്ടുവെക്കാന്‍ രഞ്ജിത്തിനായില്ല.

    വല്ല്യേട്ടന്‍ റോളുകള്‍ തന്റെ കൈയില്‍ ഭദ്രമാണെന്ന് മമ്മൂട്ടി ഒരിക്കല്‍ കൂടി തെളിയിച്ചു. അനുജന്മാരില്‍ ഞൊണ്ടിക്കാലനായി അഭിനയിച്ച സുധീഷ് തന്നെ മികച്ചു നിന്നത്. റൗഡി പപ്പന്‍ കലാഭവന്‍ മണിക്കു സ്ഥിരം മിമിക്രി വേഷങ്ങളില്‍ നിന്നുള്ള ഒരു മോചനമാണ്. സായികുമാറിന്റെ പട്ടേരി ശിവരാമനും മികച്ചു നിന്നു.

    നായികമാരെവെച്ച് തനിക്കൊന്നും ചെയ്യാനില്ലെന്നു ഷാജി കൈലാസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു വല്ല്യേട്ടനില്‍. ശോഭനയും പൂര്‍ണ്ണിമാ മോഹനും ധന്യയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എന്തോ ചടങ്ങു ചെയ്തു തീര്‍ക്കുന്നതുപോലെയാണ് തോന്നിയത്.

    നരസിംഹത്തിന്റെ ത്രസിപ്പിക്കുന്ന ജയത്തില്‍ നിന്നു ഷാജിയും രഞ്ജിത്തും മോചിതരായിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. സിംഹത്തിനു പകരം ആന. നരസിംഹം എന്ന പുരാണ കഥാപാത്രത്തിനു പകരം മഹാഭാരതത്തിലെ പാണ്ഡവരുടെ പരകായപ്രവേശം. ഗ്ലാമര്‍ നൃത്തരംഗങ്ങള്‍... അല്‍ഫോണ്‍സയ്ക്കു പകരം ഹസീന ബാനു. എന്തിന് ക്ലൈമാക്സില്‍ പോലും ആകപ്പാടെ ഒരു നരസിംഹമയം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X