For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാടകവും ജീവിതവും സിനിമയും കൂടിക്കുഴഞ്ഞ് വാസന്തി; സ്വാസിക ഒരേപൊളി — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5

  കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം നേടിയ സിനിമയാണ് വാസന്തി. വാസന്തി എന്ന ടൈറ്റിൽ റോൾ ക്യാരക്റ്ററിന്റെ പൂർണതയോടെയുള്ള പകർന്നാട്ടത്തിന് സ്വാസിക മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കുകയുണ്ടായി. തിയേറ്ററിൽ റിലീസ് ചെയ്യാനിരുന്ന വാസന്തി ഐ എഫ് എഫ് കെ യിൽ മലയാളംസിനിമാടുഡേ വിഭാഗത്തിൽ പ്രീമിയർ ചെയ്യുകയുണ്ടായി.

  അബദ്ധത്തിൽ സംഭവിച്ച ഒരു പുരസ്‌കാരപ്രഖ്യാപനമല്ല എന്ന് അടിവരയിടുന്ന ഒരു മികച്ച ദൃശ്യാനുഭവം ആണ് വാസന്തി എന്ന സിനിമയും അതിൽ വാസന്തിയായ് വന്ന് നിറഞ്ഞാടുന്ന സ്വാസികയുടെ തകർപ്പൻ പെർഫോമൻസും. നിറഞ്ഞ കയ്യടിയോട് കൂടിയാണ് ഐഎഫ്എഫ്‌കെ പ്രതിനിധികളുടെ നിറഞ്ഞ സദസ്സ് വാസന്തി കണ്ട് അവസാനിപ്പിച്ചത്.

  റഹ്‌മാൻ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ സഹോദരന്മാർ സ്‌ക്രിപ്റ്റ് എഴുതി , ചിത്രസംയോജനം നടത്തി, സംവിധാനം ചെയ്തിരിക്കുന്ന വാസന്തിയുടെ ഏറ്റവും വലിയ ഹൈലൈറ്റുകൾ അതിന്റെ ക്രാഫ്റ്റും സ്വാസികയുടെ അഭിനയമികവും ആണ്..

  കടപ്പുറത്ത് കെട്ടിയുണ്ടാക്കിയ ഒരു സ്റ്റേജിന് മുന്നിൽ നാടകം തുടങ്ങാനായി അക്ഷമയോടെ കാത്തുനിൽക്കുന്ന കുറെയധികം സാധാരണക്കാർ. ഓപ്പൺ സ്റ്റേജ് ആയതുകൊണ്ട് അവർ നിലത്ത് മണലിൽ പടിഞ്ഞിരിക്കുകയാണ്. അവർക്കിടയിലൂടെ ആണ് സുന്ദരിയായ ഒരു സ്ത്രീ -വാസന്തി-സ്റ്റേജിലേക്ക് നടന്നു കേറി പോവുന്നത്. സ്റ്റേജിൽ കയറിയ വസന്തിയെ കണ്ട് ബഹളം വച്ചു തുടങ്ങുന്ന കാഴ്ചക്കാരോട് വാസന്തി ഒരു കഥ പറഞ്ഞു തുടങ്ങുകയാണ്..

  അഞ്ചു ഖണ്ഡങ്ങളിലായി വാസന്തി എന്ന എലൈറ്റ്‌ സെക്‌സ് വർക്കർ തന്റെ കഥ സ്റ്റേജിൽ അവതരിപ്പിക്കുന്നതാണ് ഒറ്റവാചകത്തിൽ പറഞ്ഞാൽ , വാസന്തി എന്ന സിനിമയുടെ ഉള്ളടക്കം. തീർത്തും സാധാരണമായും ഉപരിപ്ലവമായും മാറുമായിരുന്ന ഈ സ്റ്റോറി ലൈനിനെ റഹ്‌മാൻ ബ്രദേഴ്‌സ് തങ്ങളുടെ സ്ക്രിപ്റ്റിംഗിന്റെയും മേക്കിംഗിന്റെയും ക്രാഫ്റ്റ് കൊണ്ട് അവിസ്മരണീയമാക്കി മാറ്റുന്നു.

  ഏതൊരു ലൈംഗിക തൊഴിലാളിക്കും പറയാനുള്ള പാട്ടേണിൽ തന്നെയാണ് വാസന്തിയുടെ ജീവിതവും. സെക്‌സ് വർക്കർ തന്നെയായ അമ്മയ്ക്കൊപ്പമുള്ള നിഷ്കളങ്ക ബാല്യം, രക്ഷപ്പെടാനായി പുറപ്പെട്ടു പോവുന്ന വഴികൾ, അതിനിടെ ജീവിതത്തിൽ കടന്നുവരുന്ന പുരുഷന്മാർ, അവരുടെ ക്യാരക്റ്ററുകൾ അങ്ങനെയങ്ങനെ. പക്ഷെ, ഇവിടെ അത് പറഞ്ഞിരിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്.

  ഓപ്പൺ സ്റ്റേജ്, ടെലിഫിലിം, സിനിമ, നാടകം എന്നിങ്ങനെയുള്ള സങ്കേതങ്ങളെല്ലാം വാസന്തിയുടെ ഓരോ എപ്പിസോഡിനും ഓരോ ഫ്ലേവർ നൽകാനായി ഉപയോഗിച്ചിരിക്കുന്നു. അവയ്ക്കിടയിൽ കഥ കേൾക്കാൻ വരുന്ന പ്രേക്ഷകന്റെ ജീവിതം കൂടി ഇടയ്ക്കൊക്കെ കൂടിക്കലരുന്നു . സിനിമയ്ക്കുള്ളിലെ നാടകമാണോ, നാടകത്തിലെ ജീവിതമാണോ, ജീവിതത്തിലെ നാടകങ്ങളാണോ എന്നൊക്കെ പലഘട്ടത്തിൽ പ്രേക്ഷകനിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധത്തിൽ ആണ് സംവിധായകർ വാസന്തിയുടെ ക്രാഫ്റ്റ് നെയ്തിരിക്കുന്നത്.

  സ്വാസികയുടെ പ്രകടനമികവിനെ കുറിച്ച് മുന്നേ പറഞ്ഞു. ഇതുവരെ അത്ര ശ്രദ്ധേയമായ റോളുകളിൽ ഒന്നും കണ്ടിട്ടില്ലാത്ത ആ നടിയുടെ കരിയറിനെ തന്നെ മാറ്റി മറിക്കാൻ പോന്ന ഹെവി ഐറ്റം ആണ് വാസന്തി. ഒരുപക്ഷേ, ബിരിയാണിയിലെ കനിയുടെ മിന്നും പെർഫോമൻസ് ജൂറിയ്ക്ക് മുന്നിൽ ഇല്ലായിരുന്നുവെങ്കിൽ മികച്ച ഒന്നാമത്തെ നടി തന്നെ ആവുമായിരുന്നു അവാർഡിൽ സ്വാസിക.

  സിജു വിൽസൻ, ശബരീഷ് വർമ്മ എന്നിവർ വാസന്തിയുടെ യാത്രയിൽ ഒപ്പമുണ്ടാകുന്ന രണ്ടു പുരുഷന്മാരുടെ ചെറിയ റോളുകളിൽ ഉണ്ട്. സിജു വിൽസൻ ഈ സിനിമയുടെ നിർമ്മാതാവ് കൂടി ആണ് എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഈയൊരു നീക്കം സിജുവിനോടുള്ള സ്നേഹം കൂട്ടുന്നു.. ഇവരുടെ ടീമിൽ ഉള്ള രാജേഷ് മുരുഗേശൻ ആണ് വാസന്തിയുടെ സംഗീതസംവിധാനം. അതും വാസന്തിക്ക് ഗുണകരമായിട്ടുണ്ട്.

  മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിഖില

  ഒടുവിൽ നാടകവും സിനിമയുമൊക്കെ കഴിഞ്ഞ് ബീച്ചിന്റെ അങ്ങേ അറ്റത്ത് വന്ന് നിർത്തുന്ന ആ ട്രാവലർ വാൻ കൂടി ആവുമ്പോൾ സംവിധായകരുടെ ഉദ്ദേശം പൂർണമാവും. സംവിധായകന്റെ സിനിമ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കുന്ന വാസന്തി റഹ്മാൻ ബ്രദേഴ്‌സിന്റെ സിഗ്നേച്ചർ പതിപ്പിച്ച് തന്നെയാണ് അവസാനിപ്പിക്കുന്നതും. ഇവരിൽ നിന്നും അടുത്ത സിനിമ ഉടൻ പ്രതീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു അത്.

  Read more about: review റിവ്യൂ
  English summary
  Vasanthi Malayalam Movie review: Swasika starrer is a movie with great visual experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X