For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മദ്യപാനികളുടെ വിചിത്ര വൈകാരികതകളുമായി ജയസൂര്യയും 'വെള്ള'വും... ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Samyuktha Menon, Jayasurya, Saiju Kurup
  Director: Prajesh Sen

  ദീർഘമായ മുന്നൂറ്റി പതിനെട്ട് ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന മലയാള സിനിമ എന്ന വിശേഷണത്തോടെ ജയസൂര്യ നായകനായ 'വെള്ളം- ദി എസെന്‍ഷ്യല്‍ ഡ്രിങ്ക്‌-' ഇന്ന് റിലീസായി. പ്രജേഷ് സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന വെള്ളത്തിൽ സംയുക്ത മേനോൻ ആണ് നായിക. നിർമ്മാണം ഫ്രൻഡ്‌ലി പ്രൊഡക്ഷൻസ്.

  ഇൻഡ്യൻ ഫുട്‌ബോൾ ടീം നായകൻ വി പി സത്യന്റെ കഥ പറഞ്ഞുകൊണ്ട് ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും കഥാപാത്രവുമായ ക്യാപ്റ്റൻ സംവിധാനം ചെയ്ത് കൊണ്ട് മലയാളസിനിമയിൽ എത്തിയ ആളാണ് പ്രജേഷ് സെൻ. പ്രജേഷിന്റെ രണ്ടാമത്തെ ചിത്രം, അതും ജയസൂര്യ തന്നെ നായകനാവുന്ന രണ്ടാമത്തെ ചിത്രം. അക്കാരണം കൊണ്ടുതന്നെ വൻപ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന സിനിമയാണ് വെള്ളം. അതുകൊണ്ടുതന്നെയാവും കോഴിക്കോട് രാധ തിയേറ്ററിൽ രാവിലെ പത്ത് മുപ്പതിന് അത്യാവശ്യം ആളുകൾ ആദ്യ പ്രദർശനത്തിന് ഉണ്ടായിരുന്നു.

  കേരളത്തിലെ ഏതൊരു നാട്ടിൻപുറത്തും കാണും ടിപ്പിക്കൽ ആയ ഒരു മദ്യപാനി. മദ്യപാനി എന്ന് പറഞ്ഞാൽ പഴയ തലമുറയിൽ കാണപ്പെട്ടിരുന്ന ടൈപ്പ് അസ്സല് കള്ളുകുടിയൻ. ഇവിടെ അത് മുരളി ആണ്. മുരളി നമ്പ്യാർ എന്ന് എവിടെയോ അയാൾ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. പക്ഷെ, ആളുകൾക്കിടയിൽ അയാളുടെ പേര് വാട്ടർമാൻ എന്നാണ്. അത് തന്നെ സിനിമയുടെ ശീർഷകത്തിൽ സൂചിപ്പിക്കുന്ന വെള്ളവും..

  കണ്ണൂരിലെ ഏതോ ഉൾനാടൻ ഗ്രാമമാണ് സിനിമയുടെയും മുരളിയുടെ ജീവിതത്തിന്റെയും പശ്ചാത്തലം. വീട്ടുകാരെയും കുടുംബത്തെയും നാട്ടുകാരെയും സകലരെയും വെറുപ്പിച്ച് കൊണ്ട്, പ്രേക്ഷകന് പോലും അസഹനീയമായ വിധത്തിലുള്ള ഒരു അലമ്പ് ജീവിതം ആണ് മുരളിയുടെത്. അയാൾ മദ്യം കുടിക്കുകയല്ല, തിരിച്ച് മദ്യം അയാളെ കുടിക്കുകയാണ് എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്..

  മുരളി ഒരു കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതോടെ ആണ് സിനിമയ്ക്ക് തുടക്കമാവുന്നത്. കിണറ്റിൽ നിന്നും ഫയർഫോഴ്‌സും നാട്ടുകാരും കൂടി പൊക്കിയെടുത്ത് ആസ്പത്രിയിൽ എത്തിക്കുന്നതോടെ മുരളിയുടെ അതുവരെയുള്ള ജീവിതത്തിന്റെ ഫ്ലാഷ്ബാക്ക് കടന്നു വരുന്നു.. ഫ്ലാഷ്ബാക്ക് എന്നുപറഞ്ഞാൽ രണ്ടര മണിക്കൂർ നേരമുള്ള സിനിമയിൽ ഒരു മണിക്കൂർ നാല്പത് മിനിറ്റിലധികമുള്ള നെടുനീളൻ ഫ്ലാഷ്ബാക്ക്.. ബാക്കിയുള്ള കാൽമണിക്കൂർ നേരം കൊണ്ടാണ് ബാക്കി വഴിത്തിരിവെല്ലാം നടക്കുന്നത്.

  പൊതുവെ മദ്യപാനികളുടെ കഥ സ്ക്രിപ്റ്റിൽ അയക്കുമ്പോൾ അവർ അങ്ങനെ ആയിത്തീരാൻ ഒരു ശക്തമായതോ അല്ലെങ്കിൽ ദുർബലമെങ്കിലും ആയതോ ആയ ഒരു കാരണം കാണിക്കാറുണ്ട്. ഇവിടെ അങ്ങനെ ഒന്നുമില്ല. നമ്മൾക്ക് കാണിച്ചുതരുന്ന അങ്ങേ അറ്റം മുതൽ അയാൾ അങ്ങനെ ആണ്. ഫ്‌ലാഷ്ബാക്കിന്റെ ഉള്ളിൽ മറ്റൊരു ഫ്ലാഷ്ബാക്കും അതിൽ ഒരു പ്രണയവും ഒക്കെ കാണിച്ചു തുടങ്ങുമ്പോൾ നമ്മൾ കരുതും അതാവും ടിയാന്റെ ആൾക്കഹോളിസത്തിന് കാരണം എന്ന്. അപ്പൊ ദേ, ആ പ്രണയവും പൊളിഞ്ഞ് പോവുന്നത് ഇതേ അൽക്കഹോളിസത്താൽ തന്നെയാണ്. അടിപൊളി. ആ അർത്ഥത്തിൽ നോക്കുമ്പോൾ പ്ലോട്ടിനെ ക്ളീഷേ മുക്തം എന്നു പറയാം..

  അതുപോലെ തന്നെ, സാധാരണ ഗതിയിൽ , പ്രേക്ഷകന് മദ്യപാനിയായ നായകനോട് അല്പം സെന്റിയും പക്ഷപാതവും തോന്നത്തക്ക രീതിയിൽ ഉള്ള സന്ദർഭങ്ങളും സംഭാഷണങ്ങളും ഒളിഞ്ഞുകിടക്കുന്ന നന്മയുടെ കുഴിബോംബുകളും എല്ലാം ഇത്തരം സ്ക്രിപ്റ്റുകളിൽ എഴുത്തുകാരനും സംവിധായകനും ഉദാരമായി ഓഫർ ചെയ്യാറുണ്ട്. ഇവിടെ ആ ഭാഗവും ശൂന്യമാണ്. എപ്പോൾ കണ്ടാലും , നമ്മൾക്ക് മോന്ത പിടിച്ച് റോട്ടിൽ ഒരയ്ക്കാൻ തോന്നിപ്പിക്കും വിധത്തിലുള്ള തോന്നലുകളും കയ്യിലിരിപ്പുകളും മാത്രമേ മുരളിയിൽ ഉള്ളൂ.. മകളുടെയോ ഭാര്യയുടെയോ അമ്മയുടെയോ അച്ഛന്റെയോ ഓർമ്മകളിൽ പ്രകാശമാകുന്ന ഒരു നിമിഷം പോലും അയാൾക്ക് മദ്യപാനജീവിതത്തിൽ സംഭാവന ചെയ്യാൻ ആവുന്നില്ല.

  ക്യാപ്റ്റനുമായൊന്നും താരതമ്യം ചെയ്യാനില്ലെങ്കിലും ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ മികച്ച ഒരു ക്യാരക്ടർ ആണ് വാട്ടർമാൻ മുരളി. തൊണ്ണൂറു ശതമാനം ഭാഗത്തോളം അധികം വൈറ്റ് വാഷിംഗ് ഒന്നുമില്ലാത്ത ഒരു കഥാപാത്രം ആയിരുന്നിട്ടും ഇത്തരമൊരു റോൾ ഏറ്റെടുക്കാൻ ജയസൂര്യ കാണിച്ച സന്നദ്ധതയെ ചങ്കൂറ്റം എന്നും പറയാം.. മോഹൻലാൽ മുതൽ പൃഥ്വിരാജ് വരെ നല്ല എണ്ണം പറഞ്ഞ മദ്യപാനികളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ ക്യാരക്ടറുകളിൽ ഒന്നും ഉള്ള യാതൊരു ക്‌ളാസുമില്ലാത്ത ശുദ്ധ കൂതറ ആണ് മുരളി എന്നുകൂടി ഓർക്കണം.

  മുരളിയുടെ ഭാര്യയായ സുനിതയുടെത് ആണ് വെള്ളത്തിലെ മറ്റൊരു ശക്തമായ റോൾ. ഇന്റർവൽ വരെ നനഞ്ഞൊട്ടി നിന്ന സുനിത അതിന് ശേഷം അസാമാന്യമായ കരുത്ത് ആർജിക്കുന്നതും തീർത്തും ഫ്രഷ് എന്നു പറയാവുന്ന ചില മുഹൂർത്തങ്ങൾ മുന്നോട്ടു വെക്കുന്നതും കാണാനാവും. സംയുക്ത മേനോൻ ഗംഭീരമാക്കിയിട്ടുണ്ട് സുനിതയെ. ആദ്യപകുതി പിന്നിടുമ്പോൾ എന്തിന് ഇങ്ങനെയൊരു ക്യാരക്റ്റർ എന്ന് തോന്നിയടത്ത് നിന്ന് ഞെട്ടിക്കും വിധത്തിൽ സുനിതയെ എസ്റ്റാബ്ലിഷ് ചെയ്തെടുക്കാൻ സംയുക്തയ്ക്ക് സാധിക്കുന്നു..

  Vellam Malayalam Movie Review | Jayasurya | Samyuktha Menon | Prajesh Sen

  സിദ്ധിഖ്, ഇന്ദ്രൻസ്, നിർമ്മൽ, ശ്രീലക്ഷ്മി, സന്തോഷ് കീഴാറ്റൂർ തുടങ്ങി അരുൺ പുനലൂർ, മാഫിയാ ശശി വരെയുള്ള അറിയുന്നതും അറിയാത്തതുമായ ഒരുപാട് അഭിനേതാക്കൾ ഉണ്ട്. സംഗീതം ബിജിബാൽ, ഗാനരചന നിതീഷ് നടേരി, ഹരിനാരായണൻ . കേൾക്കാൻ സുഖമുണ്ട് രണ്ട് മൂന്ന് പാട്ടുകൾക്ക്..

  മുന്നിൽ വന്ന ക്യാപ്റ്റൻ എന്ന, ഒട്ടും കുറ്റം പറയാനാവാത്ത അതിഗംഭീര സിനിമ പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്ന പ്രതീക്ഷയുടെ അമിതഭാരം തന്നെയാണ് പ്രജേഷ്സെൻ- ജയസൂര്യ ടീമിന് വെള്ളത്തിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധി. ദുർബലവും ഉപരിപ്ലവവുമാണ് സ്‌ക്രിപ്റ്റ് എന്നതാണ് വെള്ളത്തിൽ എടുത്ത് പറയേണ്ട നെഗറ്റീവ്. തുടർച്ച കിട്ടാതെ ചിതറിക്കിടക്കുന്ന സീനുകൾ ആണ് അധികവും. അതിനെ, നേരത്തെ എഴുതിയ പോലെ, ക്ളീഷേകളിൽ നിന്നുള്ള വിടുതി ആയും വേണമെങ്കിൽ കാണാവുന്നതാണ്. മെലോഡ്രാമ തെല്ലൊന്നു നിയന്ത്രിച്ച് അരമണിക്കൂർ കൂടി ക്രോപ്പ് ചെയ്തിരുന്നെങ്കിൽ പടത്തിന്റെ ലെവൽ മാറിയേനെ. ക്യാരക്റ്ററുകളുടെ രൂപീകരണത്തിലും ഡെവലപ്പ്‌മെന്റ്റിലും കുറച്ചുകൂടി ശ്രദ്ധ ആവാമായിരുന്നു.

  ഇതൊക്കെ ആണെങ്കിലും 318 ദിവസങ്ങൾക്ക് ശേഷം റിലീസ് ചെയ്ത മലയാളസിനിമ എന്ന അധിക പരിഗണന കൊടുത്ത് തിയേറ്ററിൽ പോയിക്കണ്ട് പ്രോത്സാഹിപ്പിക്കാവുന്നതേ ഉള്ളൂ വെള്ളത്തെ.. ജയസൂര്യയ്ക്കും പ്രജേഷിനും വിജയാശംസകൾ.

  പച്ചവെള്ളം പോലെ വെള്ളം എന്ന് അടിവര.

  Read more about: review റിവ്യൂ
  English summary
  Vellam Review: Jayasurya Starring Vellam Movie Is A One Time Watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X