»   » പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  വില്ലന്‍, ഉണ്ണികൃഷ്ണന്‍റെ പഴകിയ പഴങ്കഞ്ഞി; റിവ്യൂ കാണാം | filmibeat Malayalam

  Rating:
  3.0/5
  Star Cast: Mohanlal,Vishal,Manju Warrier
  Director: B. Unnikrishnan

  ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി പിറന്നു. റിലീസിന് മുമ്പ് തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കിയ ചിത്രം മോഹന്‍ലാല്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. ബിഗ് റിലീസായി എത്തിയ സിനിമ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. റോക്ക് ലൈന്‍ വെങ്കടേഷാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

  മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വില്ലനെ കാത്തിരുന്നത് മലയാളികള്‍ മാത്രമായിരുന്നില്ല. എന്നാല്‍ പ്രതീക്ഷിച്ച വിജയം സിനിമ കൈവരിച്ചിരുന്നോ എന്ന് അറിയാനായി ശൈലന്റെ റിവ്യൂ വായിക്കാം...

  വാനോളം പ്രതീക്ഷയുമായി വില്ലന്‍

  മോഹൻലാലിന്റെ സ്റ്റൈലൻ ഗെറ്റപ്പും വിശാൽ, ഹൻസിക എന്നീ വിലയേറിയ താരങ്ങളുടെ സാന്നിധ്യവും സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ 8കെ തള്ളലുകളും കാരണം ആരാധകരിൽ മാത്രമല്ല, മലയാളി പ്രേക്ഷകരിൽ മൊത്തം തന്നെയാണ് വാനോളം പ്രതീക്ഷയുയർത്തിയ സിനിമയാണ് വില്ലൻ.. എന്നാൽ, എന്നാൽ വില്ലനെന്ന പേരിന്റെ ഗാംഭീര്യവും നായകന്റെ ഗ്രേ ഷെയ്ഡിലുള്ള സ്റ്റില്ലുകളും കണ്ട് മാസിന്റെ വല്യാപ്പയാവുമെന്ന് കരുതി തിയേറ്ററിലെത്തിയ സകലരെയും പാതാളത്തോളം നിരാശപ്പെടുത്തുന്ന തരത്തിൽ ആവർത്തിച്ച് വിരസമായ ഒരു നനഞ്ഞ പടക്കത്തെ ആണ് ഇന്ന് സ്ക്രീനിൽ അനുഭവിക്കാൻ കഴിഞ്ഞത്.. ശോകം എന്ന് തന്നെ പറയാവുന്ന മുഴുനീള അന്തരീക്ഷത്തിൽ പലർ നിരാശ താങ്ങാനാവാതെ എഴുന്നേറ്റ് പോവുന്ന കാഴ്ചയ്ക്ക് പോലും വില്ലന്റെ ആദ്യദിനം സാക്ഷിയായി..

  പുതുമ ഒന്നുമില്ല

  സംവിധായകനും പിന്നണി പ്രവർത്തകരും കൊടുത്ത വമ്പൻ ഹൈപ്പ് തന്നെയാണ് വില്ലന് വിനയാകുന്നത്. ലാലേട്ടന്റെ ഗെറ്റപ്പിലെ ഫ്രെഷ്നസ് സ്ക്രിപ്റ്റിലും പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർക്ക് ഗ്രാന്റ്മാസ്റ്ററിലും മെമ്മറീസിലും ആവർത്തിച്ച് പഴകിയ പഴങ്കഞ്ഞി തന്നെയാണ് ബി ഉണ്ണികൃഷ്ണൻ വച്ച് നീട്ടുന്നത്. ഔദ്യോഗിക ജീവിതത്തിലെ കണിശത മൂലം ഭാര്യയ്ക്കും മകൾക്കും സംഭവിക്കുന്ന ട്രാജഡിയെ തുടർന്ന് തകർന്ന് നിഷ്ക്രിയനായി അവധിയിൽ പോയി ഓർമ്മകളിൽ ജീവിക്കുന്ന അതേ പോലീസ് ഓഫീസർ..

  സഹതാപം തോന്നിപ്പിക്കും..

  "തനിക്ക് പകരം മറ്റൊരാൾ.. അതത്ര ശരിയാവില്ലെടോ" എന്നൊക്കെ ഗ്രാൻഡ്മാസ്റ്ററിലെ പോലെ തന്നെ ഫാൻസിനെ രോമാഞ്ചിപ്പിക്കാൻ ഡിജിപിയായി വരുന്ന സിദ്ദിഖിനെക്കൊണ്ട് ഈ ഘട്ടത്തിൽ വച്ച് കീച്ചിപ്പിക്കുന്നുണ്ട്.. താൻ സ്വയം രൂപീകരിച്ച് തലപ്പത്തിരുന്ന സിറ്റി ടാസ്ക് ഫോഴ്സിനെക്കുറിച്ചൊക്കെ നായകന്റെ സ്വയം വീരവാദങ്ങളും ആവോളം.. കഥാപാത്രങ്ങൾ കൂടിനിന്ന് പൂർവകഥ വിളിച്ചലറയുന്ന ഈ പൗരാണിക ശൈലി കാണുമ്പോൾ വല്ലാത്ത സഹതാപം തോന്നിപ്പോവും ഉണ്ണിക്കൃഷ്ണനോട്..

  മോഹൻലാലിന്റെ എൻട്രി

  143 മിനിറ്റ് ദൈർഘ്യമുള്ള വില്ലന്റെ തുടക്കം മേല്പറഞ്ഞ ചിത്രങ്ങളിലെ പോലെ തന്നെ ദുരൂഹമായ കൊലപാതകങ്ങളിലൂടെ ആണ്. തുടർന്ന് പത്ത് മിനിറ്റ് ആവുന്നതിന് മുൻപു തന്നെ ലാലേട്ടന്റെ മാത്യു കെ മാഞ്ഞൂരാൻ അധികം ഡെക്കറേഷനൊന്നും കൂടാതെ അവതരിക്കുന്നു.. ഏഴ് മാസമായി അവധിയിലായിരുന്ന അയാൾ അന്ന് പുന:പ്രവേശിച്ചു ഉടൻ തന്നെ വൊളണ്ടറി റിട്ടയർമെന്റ് എടുത്ത് പോവാനുള്ള വരവാണ്...

  വീണ്ടും ദുരന്തം തന്നെ


  തുടർന്ന് എല്ലാവരുടെയും നിർബന്ധപ്രകാരം നിർബന്ധിത റിട്ടയർമെന്റ് മാറ്റിവച്ച് കൊലപാതകാന്വേഷണത്തിലേക്ക് ഇറങ്ങുന്നതിനിടെ 7മാസങ്ങൾക്കു മുൻപെ , കൃത്യമായി പറഞ്ഞാൽ 245 ദിവസങ്ങൾക്ക് മുൻപെ നടന്ന ആ ട്രാജഡി ചെമ്പൻ വിനോദിന്റെ വാക്കുകളിലൂടെ ചുരുൾ നിവരും.. ഗ്രാന്റ്മാസ്റ്ററിലും മെമ്മറീസിലും കണ്ട അതേ ദുരന്തം തന്നെ.

  കുടുംബ പശ്ചാതലം

  ലാലേട്ടന്റെ പ്രായത്തിനനുസരിച്ചുള്ള ഭാര്യ നീലിമയായി മഞ്ജു വാര്യർ എന്നതാണെന്നതും മകൾ ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസിന് അഡ്മിഷൻ കിട്ടിയവളാണെന്നതും ആണ് ഈ ഘട്ടത്തിൽ എടുത്തു പറയാവുന്ന വെറൈറ്റികൾ.. മലമുകളിൽ കേറിനിന്ന് തെയ്യം പോലെയുള്ള അനുഷ്ഠാനകലകൾക്കൊപ്പം നിന്നുള്ള ഫാമിലി സോംഗും ഉണ്ട്.

  ഇതാണ് വില്ലൻ

  തുടർന്ന് വീണ്ടും സീരിയൽ കില്ലിംഗിലേക്കും കട്ട് ചെയ്യുമ്പോൾ പടത്തിലെ ഏറ്റവും പവർഫുൾ ക്യാരക്റ്ററായ ഡോക്റ്റർ ശക്തിവേൽ പളനിസ്വാമിയും പുള്ളിക്കാരന്റെ എർത്തായ ഡോക്ടർ ശ്വേത വെങ്കടേഷും തട്ടുതകർപ്പനൊരു പാട്ടിന്റെ അകമ്പടിയോടെ രംഗത്തെത്തും.. കൊലപാതകികൾ ആരെന്ന സസ്പെൻസ് പ്രേക്ഷകർക്ക് മുന്നിൽ പൊളിച്ച് കൊണ്ട് അവർ അടുത്ത കൊലപാതകങ്ങൾ കൂടി നടത്തുന്നതോടെ ഇന്റർവെല്ലും ആകും

  വില്ലനും നായകനും

  വില്ലനെയും വില്ലത്തരങ്ങളെയും കാണാൻ ടിക്കറ്റെടുത്ത് വന്നവർക്കു മുന്നിൽ സെന്റിമെന്റ്സും ഫിലോസഫിയും മെലോഡ്രാമയും കണക്കറ്റ് വാരി വിതറുന്ന മിതവാദിയായ മാത്യൂ കെ മാഞ്ഞൂരാനെയും അതിനെയും കവിഞ്ഞുനിൽക്കുന്ന അതിനായക പരിവേഷം പടർത്തി നിൽക്കുന്ന ശക്തിവേലിനെയുമാണ് പിന്നീട് സിനിമ കാണിച്ചുതരുന്നത്.. അതിനിടയിൽ മാഞ്ഞൂരാന്റെ ജീവിതത്തിലെ യഥാർത്ഥ വില്ലൻ ഫെലിക്സിനെ ശക്തിവേൽ ലൊക്കേറ്റ് ചെയ്തുകൊടുത്തിട്ടും അയാൾ നൈസായി തുറന്നുവിടുന്നുമുണ്ട്.. "റിവഞ്ച് ഈസ് എ ഡിസീസ്, കൊണ്ടുനടക്കുന്നവനെ അത് കാർന്നു തിന്നും" എന്ന അതിന് പറഞ്ഞ ന്യായം കേട്ടാണ് എന്റെ തൊട്ടടുത്തിരുന്ന രണ്ടുപേർ എണീറ്റ് പോയത്..

  ലാലേട്ടന്റെ അഭിനയമുഹൂർത്തം

  തുടർന്നങ്ങോട്ട് മുക്കാൽ മണിക്കൂർ എന്തിനാണ് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കണ്ട മെലോഡ്രാമയൊന്നും ഒന്നുമായിരുന്നില്ലെന്ന് മനസിലാവുക.. ലാഗിംഗും കോർറ്റുവായിടലുമാണെങ്കിലും ലാലേട്ടന്റെ അതിസുന്ദരമായ ചില അഭിനയമുഹൂർത്തങ്ങൾ ഈ ഭാഗത്തുണ്ട്.. ചെറിയ ബഡ്ജറ്റിൽ ഒരു ഹൈപ്പും കൊടുക്കാതെ ഇറക്കി വിജയിച്ചെടുക്കാവുന്ന ഒരു സ്പാർക്ക് ഈ ഭാഗത്തിനുണ്ടായിരുന്നു.. ബട്ട് വില്ലൻ പോലൊരു അപ്രതീക്ഷിത പാത്രത്തിൽ വിളമ്പി അതും നശിപ്പിച്ചു കളഞ്ഞു.

  വില്ലന്റെ ഹൈലൈറ്റ്

  താരം എന്ന നിലയിൽ അല്ലാതെ നടനായി മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർക്കുള്ള മാഞ്ഞൂരാന്റെ പതിഞ്ഞ അഭിനയം എല്ലാ നിരാശകൾക്കിടയിലും വില്ലന്റെ ഹൈലൈറ്റ് ആണ്.. പീറ്റർ ഹെയിൻ ഒക്കെ ഉണ്ടായിട്ട് പോലും സംഘട്ടനരംഗങ്ങളിൽ പോലും ഈ പതിച്ചിൽ ഉണ്ട്.. ഭക്തന്മാർ എങ്ങനെ സഹിക്കുമോ എന്തോ...

  മികച്ച അഭിപ്രായം നേടി വിശാൽ

  ഡോ. ശക്തിവേൽ പളനിസ്വാമി എന്ന തകർപ്പൻ കഥാപാത്രത്തെ വിശാൽ ഗംഭീരമാക്കി.. മെമ്മറീസിലും ഗ്രാന്റ്മാസ്റ്ററിലും മറ്റ് ഇത്തരത്തിലുള്ള സിനിമകളിലുമെല്ലാം അപ്രസക്തനടന്മാർ ചെയ്ത സീരിയൽകില്ലറെ വിശാാലിന്റെ താരമൂല്യം മുന്നിൽ കണ്ട് പൊലിപ്പിച്ചെടുത്തിട്ടുണ്ട്.. വിശാലിന്റെ കോമ്പോ ആയി വരുന്ന ഹൻസിക ശരീരമെല്ലാം മെലിയിപ്പിച്ച് മറ്റൊരാളായി മാറിയിരിക്കുന്നു.. മഞ്ജു വാരിയർക്കാകട്ടെ തിരിച്ചുവരവിൽ കിട്ടിയ ഏറ്റവും ഒതുക്കമുള്ള വേഷമാണ് മാഞ്ഞൂരാന്റെ ഭാര്യ നീലിമയുടേത്...

  പതിനാറിന്റെ പണിയായി പോയി

  അജുവർഗീസിനൊപ്പം വരുന്ന ഒരു അപ്രസക്ത കഥാപാത്രം ചെമ്പൻ വിനോദിനോട് പറയുന്നുണ്ട്, സസ്പെൻഷനിലായ പോലീസുകാരന്റെയും ഔട്ടായിപ്പോയ സൂപ്പർസ്റ്റാറിന്റെയും കാര്യം കട്ടപ്പൊകയാണെന്ന്.. ഇതൊരു ആകസ്മികമായ ഡയലോഗ് ആണെന്ന് തോന്നുന്നില്ല.. കൂടുതൽ മാസൊന്നും ഇനി ലാലേട്ടനിൽ നിന്ന് പ്രതീക്ഷിക്കേണ്ടെന്ന് ഫാൻസിനുള്ള ഒരു വാണിംഗ് ആയി അത് വായിച്ചെടുക്കാം.. ഗ്യാംഗ്സ്റ്ററിൽ ആഷിക്ക് അബുവും പുത്തൻ പണത്തിൽ രഞ്ജിത്തും മമ്മൂട്ടി ഫാൻസിന് കൊടുത്ത എട്ടിന്റെ പണി തന്നെയാണ് വില്ലനിൽ ഉണ്ണികൃഷ്ണൻ പതിനാറിന്റേതായി ആവർത്തിക്കുന്നത്.. ഇടയ്ക്ക് ഇങ്ങനെയും ഒരു ഷോക്ക്ട്രീറ്റ്മെന്റൊക്കെ നല്ലതാന്ന് തോന്നുന്നു...

  ചുരുക്കം: മോഹൻലാൽ എന്ന നടന്റെ അഭിനയ മികവ് മാറ്റി നിർത്തിയാൽ വില്ലൻ എന്ന ചിത്രം തീർത്തും ശരാശരി അനുഭവമാണ്.

  English summary
  Villain Movie review by Schzylan Sailendrakumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more