»   » അന്തംവിട്ട വേഗം.. അഥവാ അജിത് കുമാർ ഷോ..(വിവേകം പേരിൽ മാത്രം)ശൈലന്റെ റിവ്യൂ!

അന്തംവിട്ട വേഗം.. അഥവാ അജിത് കുമാർ ഷോ..(വിവേകം പേരിൽ മാത്രം)ശൈലന്റെ റിവ്യൂ!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം കേരളത്തില്‍ ബിഗ് റിലീസായി എത്തിയ സിനിമയാണ് വിവേകം. അജിത് നായകനായി അഭിനയിക്കുന്ന സിനിമ ശിവയാണ് സംവിധാനം ചെയ്യുന്നത്. അജിത് ശിവ കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കേരളത്തില്‍ നിലവിലുള്ള റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കാനുള്ള വരവാണോ ചിത്രത്തിന്റേത് എന്നറിയാന്‍ ശൈലന്‍ ഒരുക്കിയ റിവ്യൂ വായിക്കാം..

കൂട്ടുകെട്ടില്‍ പിറന്ന സിനിമ..

അജിത് കുമാര്‍ എന്ന താരത്തിന്റെ ഈ ലോകത്തിലെ ഏറ്റവും വലിയ ആരാധകന്‍ ശിവ എന്ന സംവിധായകന്‍ ആയിരിക്കും. തന്റെ ആരാധ്യപുരുഷനെ താന്‍ കാണാനാഗ്രഹിക്കുന്നത് എങ്ങനെയാണോ അങ്ങനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന മിനിമം പദ്ധതിയാണ് വീരം, വേതാളം എന്നീ സിനിമകള്‍ക്ക് പിറകെ വിവേകം എന്ന എ കെ 57 സിനിമയിലും ശിവ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്. തമിഴില്‍ നിന്ന് അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഒരു ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌പൈ ത്രില്ലര്‍ അജിത് കുമാറിനെ വച്ച് സാധ്യമാക്കുക എന്ന ഉത്കടമായ ആഗ്രഹത്തിന്റെ സഫലീകരണത്തിനായുള്ള കയ്യും മെയ്യും മറന്നുള്ള ഹാര്‍ഡ് വര്‍ക്കിംഗും വിവേകത്തിനു പിന്നില്‍ നമ്മള്‍ക്കു അനുഭവിക്കാനാവും. ദോഷം പറയരുതല്ലോ, മെയ്ക്കിംഗ് വൈസ് മാത്രം എടുത്തുനോക്കിയാല്‍ വിവേകത്തെയോ ശിവ എന്ന ഡയറക്റ്ററെയോ അജിത കുമാറിനെയോ തള്ളിപ്പറയാന്‍ കഴിയാത്ത വണ്ണം ഒരു പ്രൊഡക്റ്റ് അതിലൂടെ സാധ്യമായിട്ടുമുണ്ട്.

അസാധ്യ കഴിവുകളുള്ള നായകന്‍

വീരത്തിലെ നായകന്‍ കുടുംബത്തിലും തമിഴ്‌നാട്ടിലും ഒതുങ്ങുന്നവനായിരുന്നു എങ്കില്‍ വേതാളത്തിലെപ്പോഴേക്കും ശിവ അജിത്തിനെ കല്‍ക്കത്തയിലേക്ക് പറിച്ചുനട്ട് ഇന്ത്യന്‍ നായകനാക്കി മാറ്റിയിരുന്നു. വിവേകത്തിലെ അജിത്തിനാവട്ടെ ഈ ലോകത്തില്‍ തന്നെ അസാധ്യമായിട്ടൊന്നുമില്ല എന്ന പൊസിഷനിലേക്കാണ് വളര്‍ച്ച എത്തി നില്‍ക്കുന്നത്. ഇനി നാലാമതൊരു പടം കൂടി ശിവ ചെയ്യുകയെങ്കില്‍ അതെന്താവുമെന്ന് ഓര്‍ക്കുക കൂടി അസാധ്യമാവും.

ആക്ഷനും ത്രില്ലറും

റിവ്യൂവില്‍ ഒതുങ്ങുന്ന ഒരു കണ്ടന്റ് അല്ല വിവേകത്തിന്റേത്. സെര്‍ബിയയില്‍ ആണ് സിനിമ മുന്നോട്ടുപോവുന്നത്. കൗണ്ടര്‍ ടെററിസ്റ്റ് സ്‌ക്വാഡ് എന്നൊരു ഇന്റര്‍നാഷണല്‍ സ്‌പൈ ഏജന്‍സിയിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റാണ് എ കെ എന്ന അജയ കുമാര്‍. ലോകമെമ്പാടുമുള്ള അയാളുടെ വീരസാഹസിക കൃത്യങ്ങളും ഫ്രെയ്‌മോട് ഫ്രെയിം നിറഞ്ഞുനില്‍ക്കുന്ന വെടിവെപ്പുകളും ചെയ്‌സുകളും മറ്റും ആണ് ഉള്ളടക്കം. ഇത്തരം പടങ്ങളില്‍ പ്രതീക്ഷിതമായ മട്ടില്‍ സ്വന്തം സംഘത്തില്‍ നിന്ന് തന്നെ അയാള്‍ക്ക് മുട്ടന്‍ പാര വരുന്നു. (ചെന്നൈ സെറ്റപ്പ് ആണെങ്കിലും ഈയടുത്ത ദിവസം കണ്ട വിക്രം വേദയില്‍ വരെ മാധവന് സ്വന്തം ടീമില്‍ നിന്ന് പണി വന്നു. പിന്നാ) കൊന്നു തള്ളപ്പെടുന്ന അയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത് വന്ന് പ്രതികാരം ചെയ്യുന്നതും ഒപ്പം തന്നെ ലോകത്തെ രക്ഷിക്കുന്നതും ആണ് പിന്നീട് കാണാനാവുന്നത്

സിനിമയ്ക്ക് കഥ ഇല്ലേ?

കഥ എന്നൊന്നും പറയാനാവില്ല ഈ മൂന്നുവാചകത്തെ. അങ്ങനെയൊന്ന് ഇല്ലാത്തത് തന്നെ ആണ് പടം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. എന്നുവച്ച് ഇതൊരു മോശം സിനിമയാണെന്ന് പറയാന്‍ ഞാനൊരുക്കമല്ല. കാരണം മെയ്ക്കിംഗിലെ സ്‌റ്റൈലും കണ്ണഞ്ചിപ്പിക്കുന്ന സ്പീഡും എടുത്ത് നോക്കിയാല്‍ ഇതുവരെയുള്ള എല്ലാ ഇ്ന്ത്യന്‍ സിനിമകളുടെയും മേലെ കേറി നില്‍ക്കുന്ന എന്തോ ഒന്ന് വിവേകത്തിനുണ്ട്. അതിന്റെ കൂടെ രചനാപരമായി കൂടി എന്തെങ്കിലും പുതുമ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാം എന്നുമാത്രം.

സമയം പോവുന്നത് അറിയില്ല

സിനിമ തുടങ്ങി ഒറ്റ സ്‌ട്രെച്ച് ആക്ഷനിലാണ് ഇന്റര്‍വല്‍ ആവുന്നത്. എന്താണ് നടക്കുന്നതെന്നോ ഏത് ഭാഷയിലുള്ള സിനിമയാണെന്നോ മനസിലാക്കിയെടുക്കാന്‍ പറ്റാത്ത സ്പീഡില്‍ കൂടെ ഓടിയെത്താന്‍ പ്രേക്ഷകന്‍ നന്നായി പാടുപെടും. ഒറ്റയടിക്ക് ഇന്റര്‍വെല്‍ ട്വിസ്റ്റിലെത്തി ഒന്ന് ശ്വാസം വിട്ട് വാച്ചില്‍ നോക്കുമ്പോള്‍ ഒരുമണിക്കൂര്‍ ഇരുപത് മിനിറ്റ് ആയതറിഞ്ഞ് ഇതെപ്പൊ എന്നും പറഞ്ഞ് വാ പൊളിച്ച് പോകും. അതിനിടയില്‍ അജിത് ഓടുന്ന ഓട്ടത്തിനും വെടിവച്ചിടുന്ന ശത്രുക്കള്‍ക്കും എണ്ണവും കണക്കുമില്ല. അരോപറഞ്ഞപോലെ അതിനിടയില്‍ ടിയാന് കൊള്ളാതെ പോയ ബുള്ളറ്റുകള്‍ പെറുക്കിക്കൂട്ടിയാല്‍ മറ്റൊരു ചൈനീസ് വന്മതില്‍ തന്നെ പണിയുകയും ചെയ്യാം.

അടി, വെടി, ഓട്ടം..

രണ്ടാം പകുതിയില്‍ അതിജീവനത്തിനായുള്ള ചെറിയൊരു സമയം മാറ്റിവച്ചതൊഴിച്ചാല്‍ പിന്നെയും അടിയും വെടിയും ഓട്ടവും തന്നെയാണ്.. അജിത്തിനെയും ശിവയെയും മാത്രമല്ല ക്യാമറ ചെയ്ത വെട്ട്രിയെയും ഫാസ്റ്റ് കട്ടിംഗ് നടത്തിയ റുബനെയും പലവാട്ടി നമിച്ചുപോകും.. ബ്രെയിന് തീകൊളുത്തുന്ന ബീജിയെം ചെയ്ത് അനിരുദ്ധ് രവിചന്ദര്‍ ആണ് പടത്തെ ഹോട്ടാക്കി നിര്‍ത്തുന്ന മറ്റൊരു പുപ്പുലി..

കയ്പും മധുരവും നിറഞ്ഞ സിനിമ

തല 'എന്ന് രസികര്‍കള്‍ ആമോദത്തോടെ വാഴ്ത്തിപ്പാടുന്ന അജിത്തിനെ 'എന്റെ തല. എന്റെ ഫുള്‍ ഫിഗര്‍' തിയറി പ്രകാരം തന്നെ ഓരോ ഫ്രെയിമിലും നിറച്ചുവച്ചിരിക്കുകയാണ്. അജിത്ത് ഇല്ലാത്ത ഫ്രെയിമുകള്‍ വിരലിലെണ്ണാവുന്നതേ ഉള്ളൂ. അസാധ്യമായ സ്‌ക്രീന്‍ പ്രെസന്‍സ് കൊണ്ടും കൈമെയ് മറന്നില്ല അനായാസപോരാട്ടം കൊണ്ടും സ്‌ക്രീനില്‍ നിറഞ്ഞു കവിയുകയാണ് തല. അജിത് കുമാര്‍ എന്ന താരത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആനന്ദോല്‍സവം എന്നുതന്നെ പറയാം. അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവര്‍ക്ക് അത്രമേല്‍ ചവര്‍പ്പുമേകിയേക്കാം വിവേകം.

ദുരന്തമായി വില്ലന്‍

ഇത്രമേല്‍ കനപ്പെട്ട നായകന് വില്ലനായി വരുന്നത് ബോളിവുഡ് താരം വിവേക് ഒബ്രോയി ആണ്. കട്ടയ്ക്ക് കട്ട നില്‍ക്കേണ്ടിയിരുന്ന ആര്യന്‍ എന്ന കഥാപാത്രത്തെ ഒരു വന്‍സംഭവമായി രൂപപ്പെടുത്തിയെടുക്കാന്‍ ശിവയ്ക്ക് കഴിഞ്ഞില്ല എന്നതാണ് വിവേകത്തിന്റെ മറ്റൊരു വല്യ നെഗറ്റീവ് പോയിന്റ്. (കുഴപ്പം വിവേക് ഒബ്രോയിയുടേതല്ല) സംവിധായകന് നായകനോടുള്ള ആരാധന തന്നെ വില്ലന്റെയും വായില്‍ വാഴ്ത്തുപാട്ടുകളും തള്ളുകളായും തിരുകിക്കയറ്റിയത് ആ ക്യാരക്റ്ററിനെത്തന്നെ സില്ലിയും പുലിയൂരിലെ മൂപ്പനുമാക്കിക്കളഞ്ഞു...

എല്ലാവരെയും കൊന്ന് കെലവിളിച്ചു..

ഫുള്‍ടൈം ചേലയുമുടുത്ത് മൂടിപ്പുതഞ്ഞ് ഉത്തമ പത്‌നിയായ് തിരുക്കുറളും ചൊല്ലിയിരിക്കുന്ന യാഴിനി എന്ന കാജല്‍ അഗര്‍വാള്‍ ടിപ്പിക്കല്‍ ആരാധകര്‍ക്ക് ചെറിയ നിരാശയൊന്നുമല്ല തരുന്നത്. അക്ഷരഹാസന്‍ ആകട്ടെ കാമിയോ ടൈപ്പ് റോളില്‍ വെടിച്ചില്ലുപോലെ വന്ന് കമലഹാസനെന്ന് ഒരു നൊടി തോന്നിപ്പിച്ച് പെട്ടെന്ന് സ്‌കൂട്ടാവുകയും ചെയ്തു.. എണ്ണിപ്പറയാവുന്ന ഇന്ത്യന്‍ താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നൂറുകണക്കിന് വിദേശ താരങ്ങളാണ് പടത്തില്‍ ഉടനീളം. എല്ലാര്‍ക്കും തന്നെ അടികൊണ്ടും വെടിയേറ്റും ചാവാനാണ് യോഗമെന്നുമാത്രം.

മുന്‍വിധി വേണ്ട

തൊണ്ടിമുതലും ദൃക്‌സാക്ഷിയും കാണാന്‍ പോയപ്പോള്‍ ഉള്ള ഷര്‍ട്ടൊന്ന് ഊരിവച്ച് ജോണര്‍ മനസിലാക്കി കേറിയാല്‍ കാശ് നഷ്ടം വരാത്ത കേസാണ് വിവേകം എന്നാണ് യെന്റെയൊരു യിത്. ഫുള്‍വോള്‍ട്ടേജില്‍ നിന്ന സിനിമയ്ക്ക് അത്ര ഗുമ്മൊന്നുമില്ലാത്ത ഒരു ക്ലൈമാക്‌സ് ആയിട്ടുപോലും തുടര്‍ന്നുവരുന്ന മെയ്ക്കിംഗ് വീഡിയോയുടെ ടെയില്‍ എന്‍ഡ് എല്ലാവരും അമര്‍ന്നിരുന്ന് കാണുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. അജിത്ത്കുമാറും ശിവയും അത് അര്‍ഹിക്കുന്നുണ്ട് താനും..

English summary
Vivegam movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam