twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൂൾഫ്: ഇർഷാദിന്റെയും സംയുക്തയുടെയും അർജ്ജുന്റെയും ഇടിവെട്ട് പെർഫോമൻസ്! — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.5/5
    Star Cast: Samyuktha Menon, Shine Tom Chacko, Jaffer Idukki
    Director: Shaji Azeez

    മനുഷ്യന്റെ ഉള്ളിൽ കുടിയേറി തിങ്ങി വസിക്കുന്നത്രയും വന്യമൃഗങ്ങളെയും (അവയുടെ വന്യ മൃഗീയതയെയും) ഘോരവനങ്ങളിൽ പോലും കണ്ടെത്താനാവില്ല എന്നതാണ് സത്യം. പ്രശസ്‌ത ക്രൈം ഫിക്ഷൻ റൈറ്റർ ജി ആർ ഇന്ദുഗോപൻ തിരക്കഥ എഴുതി, ഷാജി അസീസ് സംവിധാനം ചെയ്തിരിക്കുന്ന വൂൾഫ്, മനുഷ്യന്റെ ആന്തരിക ചോദനകളിലേയ്ക്കും അവയിലെ യുക വന്യ വൈചിത്ര്യങ്ങളിലേക്കും ഫോക്കസ് ചെയ്യുന്നു എന്നുള്ള നിലയിൽ ശ്രദ്ധേയമായ സിനിമയാണ്.

    വൂൾഫ്

    കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി രാജ്യമെങ്ങും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച രാത്രിയിൽ, സംഭവിച്ചതെന്ന പേരിൽ ഓൺലൈൻ മാധ്യമങ്ങൾ വൈറലാക്കിയ ഒരു സംഭവത്തിന്റെ അവലംബിത സിനിമാവേർഷൻ ആണ് വൂൾഫ്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വേണ്ടി വന്ന എറണാകുളത്ത് ചെമ്പുമുക്കുകാരനായ സഞ്ജയ്ന്, യാദൃശ്ചികമായി തോന്നിയ ഐഡിയ ആണ് , തന്റെ പ്രതിശ്രുതവധുവായ ആശയെ വിളിച്ചു പറയാതെ പാരിപ്പള്ളിയിലെ വീട്ടിൽ ചെന്ന് കണ്ട് ഒരു മുട്ടൻ സർപ്രൈസ് കൊടുക്കുക എന്നത്. സിനിമ ആരംഭിക്കുന്നത് അവിടെയാണ്.

    വൂൾഫ്

    സഞ്ജയ് ചെന്ന് കോളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ, അയാളോ നമ്മളോ ഉദ്ദേശിക്കുന്ന ഒരു സർപ്രൈസ് മൂഡിൽ അല്ല ആശ വാതിൽ തുറക്കുന്നത്. ഒന്നരമാസം കൂടിയേ കല്യാണത്തിന് ഉള്ളൂ എങ്കിലും, വളരെയധികം വെപ്രാളത്തിലും അപരിചിതനോടെന്ന മട്ടിലും ആണ് അവളുടെ പെരുമാറ്റം. 'അമ്മ വീട്ടിലില്ല എന്നതാണ് അവൾ കാരണമായി പറയുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അവളുടെ നിർബന്ധം സഹിയാതെ ഒന്നരമണിക്കൂറിൽ തിരികെ പോകാൻ ഇറങ്ങിയ സഞ്ജയ്നെ ഗേറ്റിൽ വച്ച് പോലീസ് തടയുന്നു. ജില്ലാ അതിർത്തിയായ അവിടെ താൽക്കാലിക ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്ന പൊലീസുകാരുമായി, പൊതുവെ ധിക്കാരി ആയ സഞ്ജയ് ആശയുടെ വീട്ടിൽ കേറുമ്പോൾ ചെറിയ കാര്യത്തിന് ഉടക്കിയിരുന്നു എന്നത് തന്നെ കാരണം.

    വൂൾഫ്

    തിരിച്ചു വീട്ടിൽ കയറേണ്ടി വന്ന സഞ്ജയിന്റെയും ആശയുടെയും ആ ദിവസത്തെ രാത്രിയും പിറ്റേന്നത്തെ പുലർകാലവും അതിനിടയിൽ അവിടെ നടക്കുന്ന ചെന്നായ് വിളയാട്ടങ്ങളും ആണ് സിനിമയുടെ ഉള്ളടക്കം. എന്തോ സംഭവിക്കാൻ പോവുന്നു എന്നും ആരോ പതിയിരിക്കുന്നു എന്നുമുള്ള സട്ട്ൽ (subtle) ആയൊരു സസ്പെൻസ് മൂഡ് ക്രിയേറ്റ് ചെയ്തുകൊണ്ടാണ് തുടർന്ന് സിനിമയുടെ ആദ്യപാതി ഉടനീളം മുന്നോട്ടുപോവുന്നത്.

    വൂൾഫ്

    അറേഞ്ച്ഡ് മ്യാരേജ് എന്ന പ്രസ്ഥാനത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും ഈയൊരു തലമുറയിലുള്ള സ്വത്വബോധമുള്ള ഏതൊരു പെണ്കുട്ടിക്കും മനസിലുണ്ടാവാൻ സാധ്യതയുള്ള സകലമാന ആകുലതകളും ഇവിടെ പങ്കു വെക്കപ്പെടുന്നുണ്ട്. അഹങ്കാരമെന്ന് പൊതുബോധത്തിന് തോന്നിയേക്കാവുന്ന ലെവലിൽ വരെ ആഷ തന്റെ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളെയും തുറന്നു കാണിക്കുമ്പോൾ സ്വഭാവത്തിൽ സ്ഥിരതയില്ലാത്തവനും മൂക്കിൻ തുമ്പത്തെന്ന പോൽ കോപം കൊണ്ടുനടക്കുന്നവനുമായ സഞ്ജയ് അതിനോട് പ്രതികരിക്കുന്നതും തീർത്തും സ്വഭാവികമായിട്ടാണ്.

    വൂൾഫ്

    ഒറ്റ ലൊക്കേഷനിൽ ഭൂരിഭാഗം നേരവും രണ്ടു കഥാപാത്രങ്ങളെ മാത്രം വച്ചാണ് അൻപത് മിനിറ്റ് നേരം വൂൾഫ് മുന്നോട്ടു പോവുന്നത്. പക്കാ വെർബൽ ആയ സ്‌ക്രിപ്റ്റ് വച്ച് പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ കൂടെ കൂട്ടുന്നു എന്നിടത്താണ് ഷാജി അസീസ് എന്ന സംവിധായകന്റെ മേക്കിംഗ് സ്കില്ലും അർജുൻ അശോക്, സംയുക്ത മേനോൻ എന്നീ ആക്ട്ടേഴ്‌സിന്റെ പ്രകടനമികവും കയ്യടി അർഹിക്കുന്ന തലത്തിൽ എത്തുന്നത്. തുടർന്ന് പുതിയ ക്യാരക്റ്ററും പ്രതിസന്ധികളും ചെന്നായ്ത്തരങ്ങളും എല്ലാം രൂപപ്പെട്ട ശേഷവും ആ ഒരു കൺസിസ്റ്റൻസി നിലനിർത്താൻ മൂവർക്കും സാധിക്കുന്നത് വൂൾഫിന്റെ ഹൈലൈറ്റ് ആണ്.

    വൂൾഫ്

    അമ്പതാം മിനിറ്റിൽ സംഭവിക്കുന്ന ജോ എന്ന സാത്വികനായ കഥാപാത്രത്തിന്റെ എൻട്രിയും വിവിധ അടരുകളുള്ള സ്വഭാവ സവിശേഷതകളിലൂടെ ഉള്ള ജോയുടെ പിന്നീടുള്ള പൂണ്ടു വിളയാട്ടവും വൂൾഫിന് സർപ്രൈസ്ഫുൾ എക്സ്ട്രാ എനർജി നൽകുകയാണ് സെക്കന്റ് ഹാഫിൽ. ഇർഷാദ് അനായാസമായും അതിശയകരമായും ആ ശക്തമായ ക്യാരക്റ്ററിന്റെ സങ്കീർണതകളെ ഉടലിൽ ആവാഹിച്ചിരിക്കുന്നു. ഇർഷാദിന്റെ കരിയറിലെ ഏറ്റവും ഗംഭീരമായ കഥാപാത്രം ആണ് ജോ. അപ്രതീക്ഷിതമായ പകർന്നാട്ടം. ഇങ്ങേരെ മലയാളസിനിമ കൂടുതലായി ഇനിയും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു..

    വൂൾഫ്

    സംയുക്തയുടെയും അർജ്ജുന്റെയും കാര്യമെടുത്താലും അങ്ങനെ തന്നെ പറയേണ്ടിവരും. രണ്ടു മണിക്കൂറോളം നേരം ഇടഞ്ഞുതന്നെ നിൽക്കുന്ന ആശയെയും സഞ്ജയ്നേയും പാത്രവ്യക്തിത്വസ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. ഇതുവരെയുള്ള സിനിമകളിൽ എല്ലാം തന്നെ ഏറെ മുതിർന്ന കുറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സംയുക്തയ്ക്ക് തന്റെ പ്രായത്തിൽ ഉള്ള ഒരു പെണ്കുട്ടിയുടെ പേഴ്‌സണൽ ആകുലതകളെ സ്‌ക്രീനിൽ എത്തിക്കാൻ കഴിഞ്ഞു എന്നതും ഒരു വിശേഷമാണ്. ഷൈൻ ടോം ചാക്കോ , ജാഫർ ഇടുക്കി എന്നീ മികച്ച നടന്മാർ പോലീസ് വേഷത്തിൽ വീടിനുപുറത്ത് ഉടനീളസാന്നിധ്യമായി വന്നുപോവുന്നുണ്ട്. സ്‌ക്രീൻ ടൈം ചെറുതെങ്കിലും രണ്ടുപേരുടെയും പോലീസ് സാന്നിധ്യത്തെ ഗുണകരമാകും മട്ടിൽ ഏതെങ്കിലും എക്സ്ട്രാ ഡയമെൻഷനിലേക്ക് വളർത്താൻ സിനിമയ്ക്കൊട്ടു സാധിച്ചിട്ടുമില്ല.

    വൂൾഫ്

    ഓപ്പറേഷൻ ജാവയിലൂടെ കരുത്തുറ്റ സാന്നിധ്യമറിയിച്ച ഫായിസ് സിദ്ദിഖ് ആണ് വൂൾഫിന്റെ ഡി ഓ പി. ഒറ്റലോക്കേഷനിൽ സൃഷ്ടിക്കപ്പെട്ട് മൂഡ് വ്യതിയാനങ്ങളിലൂടെ ഫായിസ് ഇവിടെയും ശ്രദ്ധ നേടുന്നുണ്ട്. എഡിറ്റിങ് നൗഫൽ അബ്ദുള്ള. പുള്ളിയെ ഒന്നുകൂടി വിളിച്ചുവരുത്തി ക്രോപ്പ് ചെയ്ത് കളയാവുന്ന പത്തുമിനിറ്റെങ്കിലും സിനിമയിൽ അധികമായുണ്ട്. ഇന്ദുഗോപന്റെ സ്ക്രിപ്റ്റിന്റെ കാര്യവും അങ്ങനെ തന്നെ. രഞ്ജിൻരാജിന്റെ സ്കോറിംഗ് പൊളി ആമ്പിയൻസ് . ടൈറ്റിലിൽ വരുന്ന കണ്ണും കണ്ണും എന്ന പാട്ട് ഒറ്റക്കേൾവിയിൽ ഉള്ളിൽ കേറുന്നത്.

    വൂൾഫ്

    എം80 മൂസ, ഗ്രാൻഡ് കേരള സർക്കസ് പോലുള്ള സിറ്റ്കോം ചാനൽ സറ്റയറുകളുമായി പത്തു കൊല്ലത്തോളം സിനിമയിൽ നിന്നും വിട്ടുനിന്ന ഒരാളാണ് ഷാജി അസീസ് എന്ന സംവിധായകൻ. കയ്യിൽ നിന്ന് പോവാൻ വളരെയേറെ സാധ്യതയുള്ള ഒരു പരിമിതപാത്ര ഇൻഡോർ സബ്ജക്റ്റിനെ മേക്കിംഗിലെ മികവ് കൊണ്ട് അദ്ദേഹം ഓർമിപ്പിക്കത്തക്ക വിധത്തിലുള്ള കാലിക പ്രസക്തമായ ഒരു സിനിമയാക്കി മാറ്റുന്നു. നാടകീയതയെ പാടെ ഒഴിവാക്കിയുള്ള റിയലിസ്റ്റിക് ആയ എൻഡിംഗ് ഒക്കെ എടുത്തുപറയണം. നായികയും സിനിമയും അതുവരെ മുന്നോട്ടു വച്ചിരുന്ന വൈയക്തിക/ആന്തരിക രാഷ്ട്രീയത്തോട് അത് യോജിച്ച് പോവുന്നതല്ലല്ലോ ആ ക്ളൈമാക്‌സ് എന്ന് വിയോജിക്കുന്നവർ കണ്ടേക്കും. താൽക്കാലികമായൊരു സന്ധിചെയ്യൽ എന്നുമാത്രമാവാം.

    പിന്തുടർന്നു കൊണ്ടേയിരിക്കും ചെന്നായ എന്ന് അടിവര.

    Read more about: review റിവ്യൂ
    English summary
    Wolf Malayalam Movie review: Arjun Ashokan Starrer Is Worth A Watch For Thrilling Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X