വിവാദമാകുന്ന കുണ്ടന്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രശ്‌നം പറയാനും പാടില്ലേ...?
എത്രയൊക്കെ സമത്വമുണ്ടെന്ന് പറഞ്ഞാലും തുല്യതയെ കുറിച്ച് വാതോരാതെ സംസാരിച്ചാലും ഭിന്നലിംഗക്കാരും സ്വവര്‍ഗ്ഗാനുരാഗികളും സമൂഹത്തില്‍ ഒറ്റപ്പെടലും പീഡനങ്ങളും അനുഭവിയ്ക്കുന്നുണ്ട് എന്നത് തന്നെയാണ് സത്യം. കളിയാക്കലും കുറ്റപ്പെടുത്തലും മുന്‍പത്തെക്കാള്‍ കൂടിയിട്ടേയുള്ളൂ എന്നും പറയാം. ഇവരെ പിന്തുണയ്ക്കുന്നവരെയും കുറ്റപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോള്‍.
സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ പറഞ്ഞ ഹ്രസ്വ ചിത്രത്തിനെതിരെ ഉയരുന്ന വിവാദം അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഷാഫി കെ അഹമ്മദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഷമീര്‍ സിഗോ സംവിധാനം ചെയ്ത ചിത്രമാണ് കുണ്ടന്‍. ഒറ്റ രാത്രികൊണ്ട് ചിത്രം യൂട്യൂബില്‍ തരംഗമായി.

തങ്ങളുടെ ദുരന്ത ജീവിതം സമൂഹത്തോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്വവര്‍ഗ്ഗാനുരാഗിയെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഒരു ലിപ് ലോക്ക് ചുംബനവും ബീപ് ഡയലോഗുമാണ് സിനിമയെ വിവാദത്തിലേക്ക് കൊണ്ടുപോകുന്നത്. ഇതൊരു കെട്ടിച്ചമച്ച കഥയല്ല എന്നും, ഇത്തരം ആളുകള്‍ നേരിടുന്ന സ്ഥിരം പ്രശ്‌നമാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് തന്നെയാണ് സിനിമ നിര്‍മിച്ചിരിയ്ക്കുന്നതും. സുധി സഞ്ജു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് വിഷ്ണുദാസ് ആചാര്യയാണ്. ഒറ്റ രാത്രികൊണ്ട് മുപ്പതിനായിരത്തിനടുത്തോളം ആളുകള്‍ സിനിമ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു.


Click it and Unblock the Notifications











