ഭർത്താവ് അറിയാതെയുള്ള ഈ പണി 'തുടരും', സ്വാസികയുടെ ഭാര്യ വേഷം വൈറലാവുന്നു
പണ്ട് പണ്ടൊരു ഭാര്യാ - ഭർതൃ സങ്കൽപമുണ്ടായിരുന്നു കേരളത്തിൽ. ഭർത്താവിന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ജീവിയ്ക്കുന്നൊരു ഭാര്യാ സങ്കൽപം. എന്ത് പറഞ്ഞാലും അനുസരിയ്ക്കുന്ന, എതിർത്തൊരു വാക്ക് പോലും പറയാത്ത അടുക്കളയിൽ തളച്ചിടപ്പെടുന്ന ജന്മങ്ങൾ. ഇവർക്ക് പ്രത്യേകിച്ച് സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഉണ്ടാവാൻ പാടില്ല എന്നതാണ് ഏറ്റവും പ്രധാനം. എന്നാൽ ഇന്നത്തെ കാലത്ത് എത്ര ഭാര്യമാർ ഇങ്ങനെ ജീവിയ്ക്കും.
കേരളത്തിൽ വർധിച്ചുവരുന്ന വിവാഹ മോചനങ്ങളുടെ കണക്കുകൾ എടുത്ത് നോക്കുമ്പോൾ അഡ്ജസ്റ്റ്മെന്റ് എന്ന് വാക്ക് മുഴച്ചു നിൽക്കുന്നത് കാണാം. ഈ അഡ്ജസ്റ്റ്മെന്റ് പല തരത്തിലുള്ളതുണ്ടാവാം. അതിലൊരു അഡ്ജസ്റ്റ്മെന്റിനെ കുറിച്ചാണ് തുടരും എന്ന ഹ്രസ്വ ചിത്രത്തിൽ പറയുന്നത്. ചിരിപ്പിയ്ക്കുന്നതും ചിന്തിപ്പിയ്ക്കുന്നതുമായ ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നു.

ഭർത്താവിന് ഇഷ്ടമുള്ളതെന്ത് ഉണ്ടാക്കി കൊടുത്താലും കുറ്റം പറച്ചിലുകൾ. ആഗ്രഹങ്ങൾ മൂടിവയ്ക്കപ്പെടുന്ന ഭാര്യ. എതിർത്തൊരു വാക്ക് പറയാത്ത പണ്ടത്തെ കുലശ്രീ സങ്കൽപങ്ങളിൽ ഒതുക്കപ്പെട്ട ആ പത്നി ഭർത്താവിനോട് പ്രതികാരം ചെയ്യാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് രസകരം. സഹിക്കാൻ പറ്റില്ലെങ്കിൽ ഒഴിവാക്കി വന്നൂടെ എന്ന് സഹോദരി ചോദിക്കുമ്പോൾ, ഇല്ലമ്മേ... ഞാനത് ചെയ്യില്ല.. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് പറയുന്നിടത്ത്, പുതിയ കാലത്തെ ഭാര്യ - ഭർതൃ ബന്ധത്തിലെ അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന്റെ അർത്ഥം വ്യക്തമാകും.
ലോക്ക് ഡൗൺ സമയത്തെ ഭർത്താവിന്റെ ടൈം പാസ് ആവാം ഭാര്യമാരുടെ മെക്കിട്ട് കയറുന്നത്. ഇനിയത് വേണ്ട എന്ന മുന്നറിയിപ്പ് കൂടെയാണ് തുടരും എന്ന ഹ്രസ്വ ചിത്രം. ഭർത്താവിന് മാറ്റമില്ലാത്തിടത്തോളം തന്റെ ഈ രീതി തുടരും എന്നാവാം ചിത്രത്തിന്റെ പേരിലൂടെ വ്യക്തമാക്കുന്നത്.
ബിലഹരി സംവിധാനം ചെയ്ത ചിത്രത്തിൽ സ്വാസികയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. രാം മോഹൻ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തു. ശ്യാം നാരായണന്റേതാണ് തിരക്കഥ. വിനോജ് വടക്കൻ നിർമിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത് ജാഫർ അത്താണിയാണ്. പത്ത് മിനിട്ട് 39 സെക്കന്റ് ദൈർഘ്യമുള്ള സിനിമ കാഴ്ചക്കാർക്ക് ഒട്ടും സമയനഷ്ടമുണ്ടാക്കില്ല എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ സാധിയ്ക്കും. ദ മൂഡ് ഫോർ ലവ് എന്ന യൂട്യൂബ് ചാനലാണ് സിനിമ റിലീസ് ചെയ്തിരിയ്ക്കുന്നത്.


Click it and Unblock the Notifications











