വിവാഹത്തിന് മുന്‍പ് 10 വര്‍ഷം ലിവ് ഇന്‍ റിലേഷനില്‍, മകന് നല്‍കിയ ഉപദേശത്തെക്കുറിച്ച് ഉദിത് നാരായണ്‍
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനായ ഗായകനാണ് ഉദിത് നാരായണ്‍. അദ്ദേഹത്തിന്റെ മകനായ ആദിത്യ നാരായണും കാമുകി ശ്വേത അഗര്‍വാളും വിവാഹിതരായത് അടുത്തിടെയായിരുന്നു. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമാസെറ്റില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. മോഹനി എന്ന ചിത്രത്തിലൂടെയായിരുന്നു ആദിത്യ നാരായണന്‍ പിന്നണിഗാന രംഗത്തേക്ക് എത്തിയത്. രംഗീലയെന്ന ചിത്രത്തില്‍ ബാലതാരമായും ആദിത്യ അഭിനയിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ശ്വേത. ശാപത് എന്ന സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇവരും പ്രണയത്തിലായത്. സുശാന്ത് സിംഗിന്റെ അവസാന ചിത്രത്തിനായും ഗാനം ആലപിച്ചിരുന്നു ആദിത്യ.
10 വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ ബന്ധത്തെക്കുറിച്ച് ഇരുകുടുംബങ്ങള്‍ക്കും അറിയാമായിരുന്നു. മകന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഉദിത് നാരായണ്‍. വിവിധ മാധ്യമങ്ങള്‍ക്കായി നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ച വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഒരേയോരു മകന്‍റെ വിവാഹം ഗംഭീരമായി നടത്തണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് ഉദിത് നാരായണന്‍ പറയുന്നു. കൊവിഡ് കാലമായതിനാല്‍ ആ ആഗ്രഹം മാറ്റിവെക്കുകയായിരുന്നു. ഈ കാലം കഴിയാനായി മകന്‍ കാത്തിരിക്കണമെന്നാഗ്രഹിച്ചിരുന്നു. അത് നടന്നില്ലെന്നും അദ്ദേഹം പറയുന്നു. മകനും ശ്വേതയ്ക്കും വീട്ടുകാര്‍ക്കുമെല്ലാം ഈ സമയത്ത് തന്നെ വിവാഹം നടത്തുന്നതിനായിരുന്നു താല്‍പര്യം.
10 വര്‍ഷത്തിലധികമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. വിവാഹത്തിലൂടെ അത് ഔദ്യോഗികമാക്കാനുള്ള സമയം ഇപ്പോഴാണ് വന്നത്. ശ്വേതയെ നേരത്തെ തന്നെ അറിയാം. ആദിത്യയും ശ്വേതയും അടുത്ത സുഹൃത്തുക്കളാണ്. സൗഹൃദം പ്രണയമായതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ആദിത്യയായിരുന്നു ശ്വേതയെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞത്. അത് കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്. ഭാവി ജീവിതത്തില്‍ എന്ത് സംഭവിച്ചാലും മാതാപിതാക്കളെ കുറ്റപ്പെടുത്തരുതെന്നാണ് മകനോട് പറഞ്ഞതെന്നും ഉദിത് നാരായണന്‍ പറയുന്നു.


Click it and Unblock the Notifications