ഇരുട്ട് മാറി ഇപ്പോൾ നേരിയ വെളിച്ചം, പ്രതീക്ഷയുണ്ട്, കാഴ്ച തിരികെ ലഭിക്കുമെന്ന് വൈക്കം വിജയലക്ഷ്മി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് എത്തിയ വിജയലക്ഷ്മി ആദ്യ ഗാനത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിൽ നിന്ന് മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ഗായികയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. ഭാഷ വ്യത്യാസമില്ലാതെ പാടിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളുമായിരുന്നു.
Recommended Video
നിറങ്ങളില്ലാത്ത ലോകത്ത് നിന്നാണ് വിജയലക്ഷ്മി സംഗീതത്തിന്റെ വെളിച്ചം കണ്ടെത്തിയത്. പ്രതിസന്ധി ഘട്ടങ്ങളെ ഓരോന്നായി തരണം ചെയ്യുമ്പോഴും പ്രിയ ഗായികയ്ക്ക് കൂട്ടായി സംഗീതം കൂടെയുണ്ടായിരുന്നു. സംഗീതം നൽകിയ വെളിച്ചത്തിലൂടെ ജീവതം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇപ്പോഴിത ഒരു സന്തോഷ വാർത്ത പുറത്ത് എത്തുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട വൈക്കം വിജയക്ഷ്മിയ്ക്ക് കാഴ്ച തിരികെ ലഭിക്കും. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വൈക്കം വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഎസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സയിൽ പ്രതീക്ഷയുണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. ആദ്യ കാലത്ത് കാഴ്ച തീരെ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നി തുടങ്ങിയിട്ടുണ്ടെന്നും വിജയലക്ഷ്മി പറയുന്നു. കാഴ്ച തിരികെ കിട്ടിയെന്ന് തെറ്റിധരിക്കരുതെന്ന് പറയുന്നതിനോടൊപ്പം കാഴ്ച തിരികെ കിട്ടുമെന്നുളള പ്രതീക്ഷയും വിജയ ലക്ഷ്മി പങ്കുവെയ്ക്കുന്നുണ്ട്.

ശസ്ത്രക്രിയ കൂടാതെ മരുന്നു കൊണ്ട് തന്നെ രോഗം മാറ്റാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ഡോക്ടർമാരും പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിജയലക്ഷ്മി പറയുന്നു. കൊവിഡ് ഭീഷണി മാറിയാൽ ഉടൻ തന്നെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി ന്യൂയോർക്കിലേയ്ക്ക് പോകുമെന്നും പ്രിയ ഗായിക പറയുന്നു. നിലവിൽ നാട്ടിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്.

കഴിഞ്ഞ വർഷം യുഎസിൽ ഗാനമേളയ്ക്ക് പോയപ്പോഴായിരുന്നു ന്യൂയോർക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സ്കാനിങ്ങ് നടത്തിയ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ മരുന്ന് ഫലിക്കുമെന്നുള്ള സൂചന നൽകിയിട്ടുണ്ട്. ഇപ്പോൾ മരുന്നിന്റെ അളവ് കൂട്ടിയിരിക്കുകയാണെന്നും പ്രതീക്ഷ പങ്കുവെച്ച് കൊണ്ട് വൈക്കം വിജയലക്ഷ്മി പറഞ്ഞു. കുടുംബാംഗങ്ങളും ഏറെ പ്രതീക്ഷയിലാണ്. ചികിത്സയ്ക്ക് ഫലം കാണുമെന്നും പ്രതീക്ഷയുണ്ടെന്നും അമ്മ വിമല പറഞ്ഞു. കാഴ്ച ശക്തി നൽകുന്ന ഞരമ്പുകൾ ചുരുങ്ങിപ്പോയതാണ് അന്ധതയ്ക്ക് കാരണം. ചെറുപ്പം മുതൽ തന്നെ നിരവധി ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് അമ്മ മനോരമ ഓൺലൈനോട് പറഞ്ഞു.

അടുത്തയിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലും കാഴ്ച ലഭിക്കുന്നതിനെ കുറിച്ച് വിജയ ലക്ഷ്മി പറഞ്ഞിരുന്നു. ഡോക്ടർ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് പ്രിയ ഗായികയും കുടുംബാംഗങ്ങളും ആ അഭിമുഖത്തിൽ പറഞ്ഞത്. ഞരമ്പിന്റെ പ്രശ്നമാണെന്നും നിലവിൽ ഗുളിക കഴിക്കുകയാണെന്നും മരുന്ന് കഴിക്കുമ്പോൾ മാറ്റമുണ്ടാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞതായി മാതാപിതാക്കൾ പറഞ്ഞു. കൂടാതെ അമേരിക്കയിലെ സ്പോൺസർമാരാണ് എല്ലാം ചെയ്യുന്നതെന്നും വിജയലക്ഷ്മിയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











