എന്റെ ജീവിതം ഇഷ്ടമുള്ളത് പോലെ ജീവിക്കും! നിങ്ങളും അങ്ങനെ തന്നെ ചെയ്‌തോളു, വിമര്‍ശനങ്ങളോട് ഗോപി സുന്ദര്‍
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം താരം ഗായിക അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. വളരെ പെട്ടെന്ന് ആരംഭിച്ച താരങ്ങളുടെ ബന്ധം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇതോടെ വ്യാപക വിമര്‍ശനങ്ങളും വരാന്‍ തുടങ്ങി. ഇതിന് പിന്നാലെ വിദേശ രാജ്യത്ത് നിന്ന് ഗോപി സുന്ദര്‍ പങ്കുവെച്ച ചിത്രങ്ങളും പലതരത്തില്‍ വ്യാഖ്യനിക്കപ്പെട്ടു. പെണ്‍കുട്ടികളുടെ കൂടെയുള്ള താരത്തിന്റെ ഫോട്ടോസ് കണ്ടതോടെ അദ്ദേഹം വീണ്ടും മറ്റൊരു റിലേഷനിലേക്ക് കടന്നതായി പ്രചരണം ഉണ്ടായി. ഇതിനൊക്കെയുള്ള മറുപടി ഗോപി സുന്ദര്‍ നല്‍കിയിരുന്നു. ഒടുവില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

'ഇതെന്റെ ഒരേ ഒരു ജീവിതമാണ്. അത് ഞാന്‍ എനിക്കിഷ്ടമുള്ളത് പോലെ ഏറ്റവും നല്ല രീതിയില്‍ തന്നെ ജീവിക്കുമെന്നാണ് ഇന്ന് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ന് ദീപാവലിയാണ്. എല്ലാവരും അവരുടെ ജീവിതം ആസ്വദിക്കൂ', എന്നാണ് ഗോപി പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയായി താരം പറഞ്ഞതാണെന്ന് വാക്കുകളില്‍ നിന്നും വ്യക്തമാവും. അതേ സമയം ഗോപി സുന്ദറിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വരുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് നിലവില്‍ സ്വീറ്റ്‌സര്‍ലാന്‍ഡിലാണ് താരം. അവിടെ നിന്നുള്ള ഫോട്ടോസാണ് കഴിഞ്ഞ ആഴ്ചകളില്‍ പുറത്ത് വിട്ടത്. താരത്തിനൊപ്പം ചില ഗായികമാരുമൊക്കെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വീണ്ടും റിലേഷന്‍ഷിപ്പ് തുടങ്ങിയോ എന്നുള്ള സംശയങ്ങള്‍ ഉയര്‍ന്നത്.
പ്രണയത്തെ കുറിച്ചും പുതിയ ജീവിതം ആരംഭിച്ചതിനെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോപി സുന്ദര്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കാറുള്ള പോസ്റ്റുകളെല്ലാം ആ തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഗായിക അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഇരുവരും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒന്നിച്ചാണോ എന്ന് പോലും സംശയം വന്നു.

സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോസോ മറ്റ് കാര്യങ്ങളോ പങ്കുവെക്കാതെ വന്നതാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണമായത്. പിന്നാലെ ഗോപി പങ്കുവെച്ച പോസ്റ്റിലെ പെണ്ണ് അദ്ദേഹത്തിന്റെ കാമുകിയാണെന്ന തരത്തിലേക്ക് പ്രചരണമെത്തി. ഇതോടെയാണ് ഗോപി സുന്ദര്‍ പുതിയൊരു ബന്ധത്തിലേക്ക് കടന്നുവെന്നും അമൃതയെ ഉപേക്ഷിച്ചെന്നുമൊക്കെ ആരോപണം ഉയര്‍ന്നത്. ഇതിനിടെ അമൃത മറ്റൊരു യാത്രയിലാണെന്നും തനിച്ചുള്ള നിമിഷങ്ങളെ കുറിച്ച് പറഞ്ഞത് ഇവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്ന തലത്തിലേക്ക് എത്തിച്ചു.
നേരത്തെ വിവാഹിതനായിരുന്ന ഗോപി സുന്ദറിന് ആദ്യ ഭാര്യയില്‍ രണ്ട് മക്കളുമുണ്ട്. ഈ ബന്ധം നിലനില്‍ക്കുമ്പോഴാണ് അഭയ ഹിരണ്‍മയിയുമായി ഗോപി ഇഷ്ടത്തിലാവുന്നത്. പതിനാല് വര്‍ഷത്തോളം ഇരുവരും ലിവിംഗ് റിലേഷനായി ജീവിച്ചെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു. പിന്നാലെ തന്നെ അമൃതയുമായി ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. സോഷ്യല്‍ മീഡിയിയലൂടെ ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെയാണ് അമൃതയും ഗോപിയും ഇഷ്ടത്തിലാണെന്ന് പോലും പുറംലോകം അറിയുന്നത്.


Click it and Unblock the Notifications











