സരിഗമപ ലവ് സ്റ്റോറി വിവാഹത്തിലേക്ക്, പാട്ടും പാടി ലിബിനും അല്‍ഫോണ്‍സയും കല്യാണമണ്ഡപത്തിലേക്ക്
സരിഗമപയെന്ന റിയാലിറ്റി ഷോ കണ്ടവരാരും ലിബിന്‍ സഖറിയയെ മറക്കാനിടയില്ല. വിജയക്കിരീടം സ്വന്തമാക്കിയ ലിബിന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ലിബിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയില്‍ ജോലി ചെയ്യുന്ന അല്‍ഫോണ്‍സ തെരേസയെയാണ് ലിബിന്‍ ജീവിതസഖിയാക്കുന്നത്. സരിഗമപ കണ്ട് അഭിനന്ദിക്കാനായി വിളിച്ചതായിരുന്നു അല്‍ഫോണ്‍സ. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. നവംബര്‍ 19നാണ് മനസമ്മതം. 22നാണ് വിവാഹം നടത്തുന്നത്.
തൊടുപുഴ സ്വദേശിയായ ലിബിന്‍ എംഎഡ് ബിരുദധാരിയാണ്. സരിഗമപയിലേക്ക് എത്തിയതിനെക്കുറിച്ചും അതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ മുന്‍പ് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. ലിബിന്റെ മടിയെക്കുറിച്ചും ഉറക്കത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് സഹമത്സരാര്‍ത്ഥികള്‍ കളിയാക്കിയിരുന്നു. അപ്രതീക്ഷിതമായാണ് വിജയം തേടിയെത്തിയതെന്നായിരുന്നു ലിബിന്‍ പറഞ്ഞത്.
പുതിയ ആല്‍ബത്തിന്റെ രംഗങ്ങളാണ് പോസ്റ്റ് ചെയ്തതെന്നായിരുന്നു എല്ലാവരും കരുതിയത്. വിവാഹത്തിന് മുന്നോടിയായുള്ള ചിത്രങ്ങളായിരുന്നു അതെന്ന് പിന്നീടാണ് എല്ലാവരും മനസ്സിലാക്കിയത്. വിവാഹം കഴിക്കാനുള്ള പ്രായമൊക്കെ ഞങ്ങള്‍ക്കായെന്നും ലിബിന്‍ പറഞ്ഞിരുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ലിബിന്‍ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്നത്.

എന്റെ ഇന്റര്‍വ്യൂ കണ്ടതിന് ശേഷമായാണ് തെരേസ പാട്ടുകള്‍ കണ്ടത്. ഇന്റര്‍വ്യൂയിലെ മാനറിസവും ആറ്റിറ്റിയൂഡുമൊക്കെയാണ് അവള്‍ക്ക് ഇഷ്ടമായത്. അവളുടെ മമ്മി സ്ഥിരമായി എന്റെ പാട്ടുകള്‍ കാണാറുണ്ടായിരുന്നു. സുഹൃത്ത് മുഖേനയായാണ് തെരേസയ്ക്ക് ലിബിന്റെ നമ്പര്‍ ലഭിക്കുന്നത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിതാക്കളായി മാറുകയായിരുന്നു. തുടക്കത്തില്‍ തന്നെ പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നു. വീട്ടുകാര്‍ സംസാരിച്ച് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.
അതിനിടയിലാണ് അവള്‍ക്ക് ഹൈക്കോടതിയില്‍ ജോലി ലഭിച്ചത്. കൊച്ചിയില്‍ ഒരുമിച്ച് നില്‍ക്കാമെന്ന് കരുതി വിവാഹം തീരുമാനിക്കുകയായിരുന്നുവെന്നും ലിബിന്‍ പറഞ്ഞിരുന്നു. സരിഗമപ അവസാനിച്ചുവെങ്കിലും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് എല്ലാവരും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്നത്. സഹമത്സരാര്‍ത്ഥികളില്‍ മിക്കവരും ലിബിനും തെരേസയ്ക്കും ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് കീഴില്‍ ആശംസ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്.


Click it and Unblock the Notifications