യേശുദാസിന് മാത്രം പാട്ട്; മറ്റുള്ളവർക്ക് ദേഷ്യമായി; 'ലജ്ഞാവതി' ഇറങ്ങിയപ്പോൾ പാട്ട് നിർത്തുന്നെന്ന് പറഞ്ഞു
പിന്നണി ഗാന രംഗത്തെ അവിസ്മരണീയ കൂട്ടുകെട്ടായിരുന്നു രവീന്ദ്രൻ മാസ്റ്ററും യേശുദാസും. രവീന്ദ്രൻ മാസ്റ്ററൊരുക്കുന്ന ഗാനങ്ങൾ യേശുദാസ് പാടിയപ്പോൾ ശ്രോതാക്കൾക്ക് ലഭിച്ചത് അനശ്വരമായ സൃഷ്ടികളാണ്. ഇതിന് നിരവധി ഉദാഹരണങ്ങൾ നിരത്താനുണ്ട്. കന്മദം, ഹിസ് ഹൈനസ് അബ്ദുള്ള, മഴയെത്തും മുമ്പേ, ലാൽ സലാം തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇന്നും ജനമനസുകളിലുണ്ട്. എന്നാൽ അക്കാലത്ത് ചില വിമർശനങ്ങളും ഈ കൂട്ടുകെട്ടിനെക്കുറിച്ച് വന്നിട്ടുണ്ട്. രവീന്ദ്രൻ മാസ്റ്റർ യേശുദാസിന് മാത്രമേ അവസരം നൽകുന്നുള്ളൂ എന്നായിരുന്നു വിമർശനം.
ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രൻ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ദാസേട്ടന് പാടാൻ പ്രയാസമാണെന്ന് ചിലപ്പോൾ ഗോസിപ്പുകൾ ഇറങ്ങും. രവിയേട്ടന് അത് സഹിക്കില്ല. ഒരു പാട്ട് എങ്ങനെയെങ്കിലും എടുത്തിട്ട് ദാസേട്ടനെക്കൊണ്ട് പരമാവധി പാടിപ്പിക്കും. എത്ര ഈസിയായിട്ടാണ് പാടിയതെന്ന് കാണിച്ച് കൊടുക്കണമെന്ന് പറയും. മറ്റ് ഗായകരെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല ദാസേട്ടനെക്കൊണ്ട് മാത്രം പാടിക്കുന്നത്.

ദാസേട്ടനെ കവിഞ്ഞ് മറ്റൊരു ഗായകനെ രവിയേട്ടന് സങ്കൽപ്പിക്കാൻ പറ്റില്ല. ഒരു പാട്ട് കംപോസ് ചെയ്യുന്ന സമയത്ത് രവിയേട്ടന്റെ മനസിൽ ദാസേട്ടനാണ്. ദാസേട്ടനെ മനസിൽ കണ്ടാണ് പാട്ട് ട്യൂൺ ചെയ്യുന്നത്. ഞാൻ ഉള്ളിൽ കാണുന്നത് പ്രതിഫലിപ്പിക്കാൻ പറ്റുന്നത് ദാസേട്ടനാണെന്ന് രവിയേട്ടന് വിശ്വാസമുണ്ട്. വേറെ ആര് പാടുമ്പോഴും രവിയേട്ടന് തൃപ്തിക്കുറവാണ്.
ഉടനെ രവിയേട്ടൻ കംപാരിസൺ നോക്കും. ഇത് ദാസേട്ടൻ പാടിയാൽ എങ്ങനെയുണ്ടായേനെ എന്ന് പറയും. ഏത് പാട്ടുകാരെ കൊണ്ട് പാടിച്ചാലും രവിയേട്ടൻ അത് തന്നെ പറയും. ഞാനും മക്കളും രവിയേട്ടനോട് ഇക്കാര്യം സംസാരിക്കാറുണ്ടായിരുന്നു. മറ്റുള്ളവരും പാടണമെന്ന് മക്കൾ പറയും.
പുതിയ ഗായകർക്ക് അന്ന് രവിയേട്ടനോട് ഒരു പ്രശ്നമുണ്ടായിരുന്നു. അവരെക്കൊണ്ട് പാടിക്കുന്നില്ലെന്ന പ്രശ്നം. നാല് പാട്ടുണ്ടെങ്കിലും നാലും ദാസേട്ടനായിരിക്കും. എന്റെ മനസിൽ തൃപ്തി വരണമെങ്കിൽ ദാസേട്ടൻ പാടണമെന്നായിരുന്നു രവിയേട്ടനെന്നും ശോഭന രവീന്ദ്രൻ പറയുന്നു.

ദാസേട്ടൻ പാട്ട് നിർത്തിക്കഴിഞ്ഞാൽ രവിയേട്ടൻ എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ ഞാൻ സംഗീതം നിർത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ദാസേട്ടനെ ദൈവത്തിന്റെ തലത്തിലാണ് രവിയേട്ടൻ ആരാധിച്ചത്. അതേസമയം സംഗീതത്തിലെ കഴിവ് കൊണ്ടാണ് അദ്ദേഹത്തെ രവിയേട്ടൻ തുടരെ പാടിപ്പിച്ചതെന്നും ശോഭന രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
പിന്നണി ഗാന രംഗത്ത് നിന്നും രവീന്ദ്രൻ പിൻമാറാൻ ശ്രമിച്ച കാലഘട്ടത്തെക്കുറിച്ചും ശോഭന രവീന്ദ്രൻ സംസാരിച്ചു. വടക്കുംനാഥൻ എന്ന സിനിമയിലെ ഗാനം ചെയ്ത സമയത്താണ് ജാസി ഗിഫ്റ്റിന്റെ ലജ്ഞാവതിയെ എന്ന ഗാനമിറങ്ങിയത്. ലഞ്ജാവതി ട്രെൻഡ് മാറ്റിയെന്ന സംസാരം വന്നു. ഒരു പുതിയ സംവിധായകൻ മാഷേ, ട്രെൻഡ് മാറിയത് അറിഞ്ഞില്ലേ, മാഷത് പോലൊരു പാട്ട് ചെയ്യണമെന്ന് പറഞ്ഞു. രവിയേട്ടൻ ഓടിച്ചു.
ഇനിയും ഇതുപോലെ ആളുകൾ വരും, സിനിമയിൽ പാട്ട് ചെയ്യുന്നില്ല എന്ന തീരുമാനം അദ്ദേഹം എടുത്തു. കച്ചേരിയിൽ പാടാൻ തീരുമാനിച്ചതാണ്. അപ്പോഴേക്കും അദ്ദേഹം വിടവാങ്ങിയെന്നും ശോഭന രവീന്ദ്രൻ ചൂണ്ടിക്കാട്ടി. 2005 ലാണ് രവീന്ദ്രൻ മാസ്റ്റർ മരിക്കുന്നത്. വടക്കുംനാഥൻ, കളഭം എന്നിവയാണ് രവീന്ദ്രൻ മാസ്റ്റർ അവസാനമായി സംഗീതമൊരുക്കിയ സിനിമകൾ.


Click it and Unblock the Notifications