ഭര്‍ത്താവ് മോഹനാണ് സുജുവിന്റെ ഏറ്റവും വലിയ അനുഗ്രഹം! ശരിക്കും കാമുകീ ശബ്ദമാണ് സുജുവിന്റേതെന്ന് വേണുഗോപാല്‍

മധുരശബ്ദം കൊണ്ട് മലയാളികളുടെ പ്രിയഗായികയായി മാറിയ സുജാതയുടെ ജന്മദിനമാണിന്ന്. ബേബി സുജാതയായിട്ടാണ് ഗായിക ആലാപനരംഗത്തേക്ക് എത്തുന്നത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം പോലും ചെറിയ പ്രായത്തില്‍ പാടിയിട്ടുള്ള സുജാത തന്റെ അറുപതാം ജന്മദിനം ആഘോഷിക്കുകയാണിന്ന്.

സുജാതയ്ക്ക് ആശംസകളുമായി സുഹൃത്തുക്കളും ഗായകരുമൊക്കെ സോഷ്യല്‍ മീഡിയിയലൂടെ പോസ്റ്റുകളുമായി എത്തിയിരിക്കുകയാണ്. ബേബി ആയിരുന്നപ്പോള്‍ സുജാതയുടെയും പിന്നീട് സുജാതയുടെ മകളുടെയുമൊക്കെ കൂടെ പാടിയ അനുഭവങ്ങളാണ് ഗായകന്‍ ജി വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

sujatha-venugopal

'ബേബി സുജാതയ്ക്ക് അറുപത് വയസ്. വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എനിക്ക് ഒരു രണ്ട് വയസ് കൂടുതലും. കാലം കളിവഞ്ചി തുഴഞ്ഞ് ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്നു പോയിരിക്കുന്നു. തൊള്ളായിരത്തി എഴുപതുകളിലെ ചില ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ഞങ്ങളുടെ വടക്കന്‍ പറവൂര്‍ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരില്‍ പ്രശസ്തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ഹാളില്‍ പാടുന്നു.

സുജു അഞ്ചാം ക്ലാസിലും ഞാന്‍ ഏഴിലും. കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്. ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികള്‍ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം. എന്റെ സംഗീത സ്മരണകളുടെ ആരംഭം അവിടെ നിന്നാണ്. അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടിയുണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂര്‍ ഹൗസിലാണ് താമസിക്കുക.

സുജുവിനോടൊപ്പം ജഗതിയിലെ പ്രഭച്ചേച്ചിയുടെ വീട്ടില്‍ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും, ഒപ്പം ഗാനമേളകള്‍ക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. അവിഭാജ്യ കേരള യൂണിവേഴ്‌സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടര്‍ന്ന് നീണ്ടിരുന്നു. യുവജനോത്സ മത്സരങ്ങള്‍ക്ക് സുജുവിന്റെ രവിപുരത്തുള്ള വീട്ടില്‍ താമസിച്ച്, സാധകം ചെയ്ത് പോകുന്ന നല്ലോര്‍മ്മകള്‍.

പില്‍ക്കാലത്ത് എന്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂര്‍ രവീന്ദ്രനാഥിനെ ആദ്യമായി പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാന്‍ ഞങ്ങളുടെ പറവൂര്‍ ഹൗസില്‍ വരുമ്പോഴാണ്. എന്റെ ആദ്യ സിനിമാ സോളോ റിക്കാര്‍ഡിംങ്ങിന് ചെന്നൈയില്‍ എത്തുമ്പോള്‍ സുജു വിശ്രമത്തിലാണ്. ശ്വേത സുജുവിന്റെയുള്ളില്‍ രൂപം പ്രാപിക്കുന്നതേയുള്ളൂ. ശ്വേതയുടെ ഒന്നാം പിറന്നാളിനും ഞാനുണ്ട്.

തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമാ ഗാനങ്ങളില്‍ സജീവമാകാന്‍ തുടങ്ങി. അഡ്വര്‍ട്ടൈസ്‌മെന്റ് സംഗീത രംഗത്തെ ഒരു മിടുമിടുക്കന്‍ പയ്യന്‍ ദിലീപിനെക്കുറിച്ച് സുജൂ പറഞ്ഞാണ് ഞാനറിയുന്നത്. പില്‍ക്കാലത്ത് എ ആര്‍ റഹ്മാന്റെ സംഗീതത്തിലൂടെ സുജുവിന്റെ ശബ്ദം തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിന്റെ ഒരവിഭാജ്യ ഘടകമായി മാറി. ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാസാഗറിന്റെ ഹിറ്റ് ഗാനങ്ങളേറെയും സുജുവിന്റെ ശബ്ദത്തിലിറങ്ങുന്നതും.

sujatha-venugopal

തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സുജുവിന്റെ വേറിട്ട ആലാപന ശൈലി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലും വേരൂന്നി കഴിഞ്ഞിരുന്നു. തൊണ്ണൂറുകളും മില്ലനിയവും ഈ രണ്ട് ഗായികമാര്‍, ചിത്രയും സുജാതയും അവരുടെ ശബ്ദ സൗഭഗ്യത്താല്‍ അനുഗ്രഹീതമായ പെണ്‍ പാട്ടുകള്‍ കൊണ്ട് നിറച്ച ഒരു കാലം കൂടിയാണ്. ചിത്രയുടെത് പോലെ ശാസത്രീയ നിബദ്ധമായ അഭൗമമായ ഒരു പെര്‍ഫക്ഷന്‍ തലത്തിലേക്ക് പോകുന്ന ഗാനങ്ങളായിരുന്നില്ല സുജു പാടിയത്.

കുസൃതിയും, കൊഞ്ചലും, പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജുവിന്റെത്. ഇതെന്റെ കാമുകിയുടേത് എന്ന് ഓരോ സംഗീതാരാധകനേയും തോന്നിപ്പിക്കുന്ന ഒരു ശബ്ദം. ഇത് തന്നെയായിരിക്കണം സുജു ആലാപനത്തിലൂടെ ചാര്‍ത്തിയ കയ്യൊപ്പും. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്.

സുജുവിന്റെ ഈ പ്രസന്നാത്മകത തന്നെയാണ് ഏറ്റവും വലിയ സ്വഭാവ ഗുണം എന്ന് വര്‍ഷങ്ങളായടുത്തറിയുന്ന എനിക്ക് സിസ്സംശയം പറയാം. അച്ഛനില്ലാത്ത കുട്ടിയെ ഭദ്രമായി വളര്‍ത്തിയെടുത്ത് അവളുടെ സംഗീതത്തിനും സ്വഭാവത്തിനും ഒരു ലാവണ്യത നല്‍കുന്നതില്‍ അമ്മ ദേവിച്ചേച്ചി വഹിച്ച പങ്ക് വലുതാണ്. ഗായകരില്‍ ഈഗോ പ്രശ്‌നങ്ങള്‍ തീരെ ബാധിക്കാത്ത ഒരാളാണ് സുജു. തന്റെ പരിമിതികളും ശക്തിയും സുജുവിന് കൃത്യമായറിയാം.

റിക്കാര്‍ഡിംഗുകള്‍ക്കും സ്‌റേറജ് പരിപാടികള്‍ക്കും ടി വി റിയാലിറ്റി ഷോകള്‍ക്കുമിടയിലെ പ്രതിസന്ധി ഘട്ടങ്ങളെ, ലാഘവത്തോടെ, ഒരു ചിരിയോടെ തരണം ചെയ്യുന്ന സുജുവിനെ എനിക്ക് നന്നായറിയാം. സുജുവിന്റെ ഭര്‍ത്താവ് മോഹനാണ് സുജുവിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഈ അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും. എന്റെയൊരാഗ്രഹം ഞാന്‍ സുജുവിനോടും ശ്വേതയോടും പറഞ്ഞിട്ടുണ്ട്.

ബേബി സുജാതയോടൊപ്പം പാടിയിട്ടുണ്ട്. ബേബി സുജാതയുടെ ബേബിയായ ശ്വേതയോടൊപ്പം പാടി. ഇനി ശ്വേതയുടെ ബേബി ശ്രേഷ്ഠയോടൊപ്പം ഒരു പാട്ട് പാടണമെന്ന അതിമോഹം ബാക്കിയുണ്ട്. അങ്ങനെ 60കളിലും ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കുന്നു. പ്രായത്തിനെ മറികടക്കാന്‍ സംഗീതത്തിനാകുമെന്നാണ് വിശ്വാസം. അമ്മൂമ്മയുടെ റോള്‍ സുജു ആസ്വദിച്ചേറെറടുത്തിരിക്കുകയാണ്. ശ്രേഷ്ഠ വളരട്ടെ. അവളുടെ പാട്ടും കാതോര്‍ത്തൊരു വല്യമ്മാമന്‍ കാത്തിരിക്കുന്നുണ്ട്,' വേണുഗോപാല്‍ പറയുന്നു.

More from Filmibeat

Read more about: sujatha സുജാത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X