ജീവിതത്തിലെ വലിയ ശൂന്യതയെക്കുറിച്ച് ചിത്ര! വികാരഭരിതയായി പ്രിയഗായികയുടെ തുറന്നുപറച്ചില്‍
മലയാളത്തിന്റെ വാനമ്പാടിയായാണ് കെഎസ് ചിത്രയെ വിശേഷിപ്പിക്കാറുള്ളത്. ചിത്രയുടെ പാട്ടിനെ മലയാളി നെഞ്ചേറ്റിയിട്ട് വര്‍ഷം കുറയേയായി. മനോരമ ന്യൂസിന്റെ കേരള ക്യാന്‍ ലൈവത്തണ്‍ എന്ന പരിപാടിക്കിടയിലായിരുന്നു ജീവിതത്തിലെ വലിയ സങ്കടത്തെക്കുറിച്ച് ചിത്ര തുറന്നുപറഞ്ഞത്. അര്‍ബുദ രോഗത്തെത്തുടര്‍ന്നായിരുന്നു ചിത്രയുടെ മാതാപിതാക്കള്‍ വിടവാങ്ങിയത്. ഇവരുടെ വിയോഗം സൃഷ്ടിച്ച വിടവ് ഒരിക്കലും നികത്താനാവുന്നല്ലെന്നും ചിത്ര പറഞ്ഞിരുന്നു. വികാരഭരിതയായാണ് താരം മാതാപിതാക്കളെക്കുറിച്ച് പറഞ്ഞത്.
എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടമായത് അർബുദത്തെത്തുടർന്നാണ്. അച്ഛൻ വളരെയധികം വേദനകള്‍ അനുഭവിച്ചതിനു ശേഷമാണ് മരിച്ചത്. അപ്പോഴൊക്കെ വളരെ നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ ഞങ്ങൾക്കു സാധിച്ചുള്ളു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു അതെന്നും ചിത്ര പറയുന്നു.
അച്ഛൻ അനുഭവിച്ച അവസ്ഥ മനസ്സിൽ എന്നും വിങ്ങുന്ന ഓർമയായി അവശേഷിക്കുന്നതുകൊണ്ടു തന്നെ അമ്മയിൽ അർബുദത്തിന്റെ ലക്ഷണം കണ്ടപ്പോൾ തന്നെ ഞങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടനടി ശസ്ത്രക്രിയയ്ക്കു വിധേയയാക്കുകയും ചെയ്തു. ശസ്ത്രക്രിയ പൂർത്തിയായി പിറ്റേ ദിവസം ഹൃദയാഘാതത്തെത്തുടർന്നാണ് അമ്മ മരിച്ചത്. അമ്മയിലെ രോഗാവസ്ഥയെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സകളൊക്കെ നൽകിയിട്ടും ഞങ്ങൾക്ക് അമ്മയെ രക്ഷിക്കാനായില്ല.

മാതാപിതാക്കളെ നഷ്ടപ്പെടുക എന്നത് ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യമാണ്. ഒരു കുടുംബത്തെ ചേർത്തു നിർത്തുന്നതു തന്നെ അവരാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ഞങ്ങൾ മൂന്നു മക്കളും പരസ്പരം ചേർന്നു നിൽക്കാനും ബന്ധങ്ങളിൽ അകൽച്ച വരാതെ സൂക്ഷിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്.
Recommended Video
മാതാപിതാക്കൾ ഇല്ലാത്തത് വലിയ ഒരു വിടവ് തന്നെയാണ്. അവർക്കൊപ്പമുണ്ടായിരുന്ന കാലം ഒരിക്കലും മറക്കാൻ സാധിക്കില്ല. എന്നും മനസ്സിൽ തെളിയുന്ന ഓർമകളാണ് അവയെല്ലാം എന്നും പറഞ്ഞ് വികാരധീനയാവുകയായിരുന്നു ചിത്ര.


Click it and Unblock the Notifications











