പലരും പറയുന്നത് കേട്ട് വിവാദത്തിന് ഞാനില്ല! കൈതപ്രവുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍
സിനിമ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാക്കുതര്‍ക്കങ്ങളും വഴക്കുമൊക്കെ നടക്കുന്ന മേഖലയാണ് സംഗീതം. പാട്ട് പാടനെത്തി പിണങ്ങി പോയ വലിയ ഗായകരുടെ കഥയും റെക്കോര്‍ഡിങ്ങിനിടയിലെ വഴക്കുകളെ കുറിച്ചുമൊക്കെ പല കഥകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും ഞാനില്ലെന്ന് പറയുകയാണ് ഗായകന്‍ എംജി ശ്രീകുമാറിപ്പോള്‍.
എല്ലാ ഞായറാഴ്ചയും യൂട്യൂബ് ചാനലിലൂടെ തന്റെ പാട്ട് വിശേഷങ്ങളുമായി ഗായകന്‍ എത്താറുണ്ട്. പ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന പാട്ടിനെ കുറിച്ചും അതിന്റെ പിന്നണിയില്‍ നടന്ന രസകരമായ സംഭവങ്ങളുമാണ് എംജി പങ്കുവെക്കാറുള്ളത്. ഇത്തവണ കൈത്രപം നമ്പൂതിരിയുമായിട്ടുള്ള പാട്ടുകളെ കുറിച്ചായിരുന്നു എംജി സംസാരിച്ചത്.

മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കൈതപ്രം എന്നറിയപ്പെടുന്ന താരം കര്‍ണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട്. നിരവധി കച്ചേരികള്‍ അവതരിപ്പിച്ചിട്ടുള്ള താരം ധാരാളം സിനിമകള്‍ക്ക് ഗാനരചനയും, സംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ട്.
പാട്ടുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും കൈതപ്രത്തിന്റെ പേരില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഈ വിവാദങ്ങളൊന്നും താന്‍ പറയുന്നില്ലെന്നും അദ്ദേഹം തനിക്ക് സ്വന്തം ചേട്ടനെ പോലെയാണെന്നും എംജി ശ്രീകുമാര്‍ പറയുന്നു.
'കൈതപ്രം എന്ന് പറയുന്നത് ഒരു ജീനിയസാണ്. അദ്ദേഹം ലെജന്‍ഡാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. എത്രയോ കച്ചേരികള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഗാനമേളക്ക് പോവുമ്പോള്‍ ഏഴ് മുതല്‍ ഒന്‍പത് വരെ കച്ചേരിയും അതിന് ശേഷം ഗാനമേളയുമാണ്. അങ്ങനെ ഒരുപാട് സ്ഥലത്ത് കച്ചേരി ചെയ്തിട്ടുണ്ട്. മൂകാംബിക ദേവിയുടെ ഭക്തന്‍ കൂടിയാണ് അദ്ദേഹം.
ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. വീട്ടിനകത്ത് അമ്പലമുണ്ട്. അവിടെ നിന്നും കഴിച്ച പുളിശ്ശേരിയടക്കമുള്ള ഭക്ഷണത്തിന്റെ രുചി ഞാന്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. കൈതപ്രം ചേട്ടനെ എന്റെ മനസില്‍ ഞാന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്റെ സ്വന്തം ചേട്ടനെപ്പോലെയാണ് കാണുന്നത്. വിവാദങ്ങളിലൊന്നും ഞാനില്ല. അങ്ങനെ അവര് പറഞ്ഞു, ഇവര് പറഞ്ഞു അതിലൊന്നും കാര്യമില്ല.

എത്രയോ പാട്ടുകള്‍ ചെയ്തു. അദ്ദേഹം എഴുതിയതില്‍ ഒരു ഗാനവും മോശമല്ല. പത്മശ്രീയല്ല അദ്ദേഹത്തിന് പത്മഭൂഷണ്‍ കൊടുക്കണം. അത്രത്തോളം കോണ്‍ട്രിബ്യൂഷനാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്. ലളിതഗാനവും ഭക്തി ഗാനവുമൊക്കെ എഴുതിയിട്ടുണ്ട്. ഞാന്‍ പാടിയിട്ടുള്ള ഭൂരിഭാഗം പാട്ടുകളും മറ്റാരെക്കൊണ്ടും എഴുതാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ എഴുത്തില്‍ ഒരു ദൈവികതയുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് അസാധ്യമാണ്.
കൈതപ്രം ചേട്ടനെ ഞാന്‍ ഇന്നുവരെ പാന്റ് ഇട്ട് കണ്ടിട്ടില്ല. അടുത്തിടെ ഒരു സ്റ്റേജില്‍ അദ്ദേഹത്തിന്റെ വേഷം മാറിയിരുന്നു. അന്നൊക്കെ റെക്കോര്‍ഡിംഗിന് വരുമ്പോള്‍ മുണ്ടും ജുബ്ബയും ഒരു സഞ്ചിയും കാണും. ഒരു പ്രത്യേക രീതിയാണ്. റെക്കോര്‍ഡിങ്ങിനിടെ പാട്ട് മാറ്റിയെഴുതാമോ എന്ന് ചോദിച്ചാല്‍ ചിലര്‍ക്ക് ദേഷ്യം വരും. പക്ഷേ ഇദ്ദേഹത്തിന് എത്ര മാറ്റി എഴുതാന്‍ പറഞ്ഞാലും ഒരു കുഴപ്പവുമില്ല. അദ്ദേഹം മാറ്റികൊണ്ടേയിരിക്കും.' എംജി ശ്രീകുമാര്‍ പറയുന്നു.


Click it and Unblock the Notifications











