ഗാനമേളയ്ക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല! മകളെ വെച്ച് സമ്പാദിക്കുന്നു എന്ന് കേട്ടതാണ് കാരണം; സുജാത മോഹൻ
വളരെ ചെറിയ പ്രായത്തില്‍ ഗായികയായി തിളങ്ങിയ താരമാണ് സുജാത മോഹന്‍. മലയാള സിനിമയ്ക്ക് സുജാത നല്‍കിയത് സൂപ്പര്‍ഹിറ്റ് പാട്ടുകളായിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുകയാണ് ഇപ്പോഴും. സംഗീത ലോകത്ത് പ്രവേശിച്ചിട്ട് ഏകദേശം അമ്പത് വര്‍ഷത്തോളം പൂര്‍ത്തിയാക്കുകയാണ് സുജാതയിപ്പോള്‍.
തനിക്ക് സംഗീതം കിട്ടിയത് അമ്മ ദേവിയിലൂടെ ആണെന്നാണ് സുജാത പറയുന്നത്. മാത്രമല്ല ചെറിയ പ്രായത്തിലെ ഗാനമേളയ്ക്ക് പാടുന്നുണ്ടെങ്കിലും അന്ന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല. അതിന് കാരണം അമ്മ എടുത്ത ഒരു ദൃഢപ്രതിഞ്ജ ആയിരുന്നുവെന്നാണ് ഗായിക പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായിക.

അമ്മയെ കുറിച്ച് സുജാത പറയുന്നതിങ്ങനെയാണ്... 'എന്റെ അമ്മ ദേവി നന്നായി പാടുമായിരുന്നു. അന്നത്തെ കാലത്ത് പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അമ്മയുടെ നാട് പറവൂരാണ്. കല്യാണം കഴിച്ച് കൊണ്ട് പോയത് സേലത്തേക്കാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സേലത്ത് കുടിയേറിയ മലയാളി കുടുംബമാണ് അച്ഛന്റേത്. അനസ്‌തെറ്റിസ്റ്റ് ഡോക്ടറായിരുന്നു അച്ഛന്‍ ഡോ. വിജയേന്ദ്രന്‍. എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്റെ മരണം. അതോടെ അമ്മ എറണാകുളത്തേക്ക് തിരിച്ച് പോന്നു. രവിപുരത്ത് അച്ഛന്‍ വീട് പണി പൂര്‍ത്തിയാക്കിയിരുന്നു. കസിന്‍സാണ് അവിടെ കൂട്ടായി ഉണ്ടായിരുന്നത്. അച്ഛന്റെ വീട്ടുകാരെല്ലാം ചെന്നൈയിലാണ്. വെക്കേഷന് അങ്ങോട്ടും പോവും. അവിടെയും ഒത്തിരി കസിന്‍സുണ്ട്.
അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് 26 വയസേയുള്ളു. പിന്നീടുള്ള അമ്മയുടെ ജീവിതം എനിക്ക് വേണ്ടിയായിരുന്നു. അച്ഛന് വീടും അത്യാവശ്യം സമ്പാദ്യവും ഉണ്ടായിരുന്നു. പിന്നെ അമ്മ നന്നായി ചിത്രം വരയ്ക്കും. ലേഡീസ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും സജീവമായി. സ്വയം വരച്ച പെയിന്റിങ്ങുകള്‍ അവിടെ വില്‍ക്കാന്‍ വെക്കും. അതുപോലെ സാരിയില്‍ പെയിന്റ് ചെയ്ത് കൊടുക്കുന്നതുമൊക്കെ അമ്മയുടെ രസങ്ങളായിരുന്നു.

ആ സമയം മുതല്‍ ഗാനമേളയ്ക്ക് ഞാന്‍ പൈസ വാങ്ങിക്കാതെ ആയതിന് പിന്നിലൊരു കഥ കൂടിയുണ്ട്. ഞാന്‍ ഗാനമേളയില്‍ പാടാന്‍ തുടങ്ങിയ കാലത്ത് 'മകളെ പാടിച്ച് സമ്പാദിക്കുകയാണ്' എന്ന് ചിലരൊക്കെ അടക്കം പറയുന്നത് അമ്മയുടെ ചെവിയിലെത്തി. അതോടെ ഒരു പാട്ടിന് പോലും പ്രതിഫലം വാങ്ങിക്കില്ലെന്ന് അമ്മ ദൃഢനിശ്ചയമെടുത്തു. അന്ന് തൊട്ട് പിന്നീട് വിവാഹം കഴിയുന്നത് വരെ ഞാന്‍ ഗാനമേളയ്ക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും' സുജാത പറയുന്നു.
യേശുദാസിന്റെ ട്രൂപ്പില്‍ പാട്ടുകാരിയായി കയറിയതിനെ കുറിച്ചും സുജാത പറഞ്ഞു. 'അന്ന് കലാഭവന്റെ കലാമത്സരങ്ങള്‍ക്ക് ജഡ്ജായി വന്നത് ദാസേട്ടനാണ്. അതറിഞ്ഞ് ഞാനും പേര് കൊടുത്തു. പക്ഷേ പാടാനായി ചെന്നപ്പോള്‍ പ്രശ്‌നമായി. ബാലഗാനമേളയില്‍ പാടുന്നയാള്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ലത്രേ. ദാസേട്ടന്റെ മുന്നില്‍ പാടണമെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞ് കുളമാക്കി. പക്ഷെ അനുവാദം കിട്ടിയില്ല. പിന്നീട് ദാസേട്ടന്റെ ഗ്രൂപ്പില്‍ ഗിറ്റാര്‍ വായിക്കുന്ന എമില്‍ ചേട്ടനിലൂടെയാണ് ദൈവം ഇടപെടുന്നത്.
ഒരിക്കല്‍ വെല്ലിങ്ടണ്‍ ഐലാന്‍ഡിലെ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ദാസേട്ടന്‍ രവിപുരം വഴിയാണ് പോയത്. അന്ന് പാടണമെന്ന് പറഞ്ഞ് കരഞ്ഞ കുട്ടിയുടെ വീട് അതാണെന്ന് എമില്‍ ചേട്ടന്‍ പറഞ്ഞു. കേട്ടപാടെ നമുക്ക് ആ പാട്ട് കേട്ടിട്ട് പോകാമെന്ന് പറഞ്ഞു. അങ്ങനെ ദാസേട്ടന്‍ വീട്ടില്‍ വന്നു. ഞാന്‍ പാട്ട് പാടി. അതിന് പിന്നാലെ ദാസേട്ടന്റെ ട്രൂപ്പില്‍ പാടാന്‍ അവസരം കിട്ടി. പിന്നീട് ബേബി സുജാതയായി തന്നെ രണ്ടായിരിത്തിലേറെ വേദികളില്‍ താന്‍ ദാസേട്ടനൊപ്പം പാടിയെന്നും സുജാത പറയുന്നു.


Click it and Unblock the Notifications











