രാഗാത്മകവും താളാത്മകവും ഭാവാത്മകവുമായ പാചകം, വേണുഗോപാലിന്റെ പാചക വീഡിയോ വൈറൽ
ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ് താരങ്ങൾ. അഭിനേതാക്കൾ ഗായകരാകുമ്പോൾ പാട്ടുകാർ കിച്ചണിൽ ഒരു കൈ നോക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജി വേണു ഗോപാലിന്റെ ഒരു രസകരമായ പാചക വീഡിയോയാണ്. ഗായകൻ തന്നെയാണ് വീഡിയോ തന്റ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയിൽ കറി ഇളക്കുന്ന വേണു ഗോപാലിനെയാണ് വീഡിയോയിൽ കാണുന്നത്. ഇതിൽ ഏറ്റവും രസകരമായ പിന്നണിയിൽ കേൾക്കുന്ന ദുഃഖത്തിന്റെ മ്യൂസിക്കാണ്.

ഭാര്യ "യോഗ" യിൽ, ഭർത്താവിന്റെ ദുര്യോഗം' എന്ന അടിക്കുറിപ്പോടെയാണ് വേണുഗോപാൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.കറി ഇളക്കിക്കൊണ്ട് കരയുന്ന മുഖഭാവത്തിൽ നിൽക്കുന്ന ഗായകന്റെ വിഡിയോയിൽ കണുന്നത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. നിരവധി പേർ പ്രിയ ഗായകന്റെ ദുഃഖത്തിൽ പങ്കു ചേർന്ന് രംഗത്തെത്തുകയായിരുന്നു.വേണുഗോപാലും ചിത്രച്ചേച്ചിയും തമാശയ്ക്കു പോലും കരയരുതെന്നും അത് സഹിക്കാന്‍ കഴിയില്ലെന്നും ചിലര്‍ സങ്കടം പറയുന്നുണ്ട്.എന്നാൽ മറ്റു ചിലർ താരത്തെ ട്രോളുന്നുമുണ്ട് .
അടുക്കളയിൽ കയറാൻ വല്ലപ്പോഴും കിട്ടുന്ന അവസരമാണ് നന്നായി പ്രയോജനപ്പെടുത്തിക്കോളൂ എന്ന് ചിലർ പറയുന്നുണ്ട്.'ശ്രുതിയിട്ട് പാചകം ചെയ്യുന്ന ഒരാളെ ആദ്യായിട്ടാ കാണുന്നത് അസാധ്യമായിട്ടുണ്ട്', കറിയ്ക്കടുത്ത് നിന്നു കരയല്ലേ വേണുച്ചേട്ടാ, അതിന് ഉപ്പു കൂടുമെന്നും ഗ്യാസ് കത്തുന്നില്ലല്ലോയെന്നും നല്ല നടനാണല്ലോയെന്നുമുള്ള രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത വേണുഗോപാൽ ഒറ്റ വീഡിയോ കൊണ്ട് താരമായിരിക്കുകയാണ്.
താരങ്ങൾ തങ്ങളുടെ ലോക്ക് ഡൗൺ ജീവിതം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകാറുമുണ്ട്. തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് പായുന്ന സെലിബ്രിറ്റികളുടെ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹമുണ്ട്. ഗായിക അമൃത സുരേഷ്, സിത്താര , സയനോര തുടങ്ങിയവർ തങ്ങളുടെ ലോക്ക് ഡൗൺ ജീവിതം പങ്കുവെച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. മകളോടൊപ്പമുള്ള വീഡിയോയാണ് സിത്താര പങ്കുവെച്ചത്. അമൃതയാകട്ടെ തന്റെ വ്ലോഗും മറ്റുമയി മുന്നോട്ട് പോകുന്നു.


Click it and Unblock the Notifications











