"കോവിഡേ നീയെത്ര കോലം ചമഞ്ഞാലും", സംഗീത കൂട്ടായ്മയില്‍ പിറന്ന വ്യത്യസ്തമായ ഗാനം
കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകം. ഈ പോരാട്ടത്തില്‍ സധൈര്യം മുന്നേറുന്ന ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റു സേവന മേഖലയിലും സന്നദ്ധ സംഘടനകളിലും ഉള്ള ഓരോ മനുഷ്യ സ്നേഹികൾക്കും പിന്തുണയേകിയാണ് ഒരുകൂട്ടം സംഗീതഞ്ജര്‍ ഒരുമിച്ചത്.
ഇതിന് മുൻപ് "അതിജീവിക്കും നമ്മൾ" എന്ന ടൈറ്റിലിൽ പ്രളയ കാലത്ത് ഇറങ്ങിയ ആൽബത്തിലൂടെ ശ്രദ്ധേയരായ ഗാനരചയിതാവ് ഡോ .അബ്ദുൾ നിസാറും സംഗീത സംവിധായകൻ ജയകുമാർ ആദിനാടും ചേർന്നാണ് ഗാനം ഒരുക്കിയത്.. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഡീൻ ആയ ഡോ. അബ്ദുൽ നിസാർ ഗാനം എഴുതി സംഗീത സംവിധായകൻ ജയകുമാർ ആദിനാടിന് അയച്ചു കൊടുക്കുകയും അദ്ദേഹം അത് ട്യൂൺ ചെയ്ത് കീബോർഡ് പ്രോഗ്രാമർ രാജ് കീയ്സ് പ്രോഗ്രാം ചെയ്ത് ഗായകൻ മണക്കാട് ഗോപന് അയച്ചു കൊടുക്കുകയും ചെയ്തു.

പിന്നീട് വാട്ട്സ്ആപ് , വീഡിയോ കോൺഫെറെൻസിങ് എന്നിവയിലൂടെ ഗാനം പഠിപ്പിക്കുകയും ഗോപൻ വീട്ടിലെ സൗകര്യത്തിൽ വോയിസ് റെക്കോർഡ് ചെയ്യുകയുമായിരുന്നു. സുനീഷ് എന്ന റെക്കോർഡിസ്റ്റ് വീട്ടിലിരുന്ന് പരിമിതമായ സൗകര്യത്തിൽ മിക്സ് ചെയ്ത ഗാനം ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

വീഡിയോ എഡിറ്റ് ചെയ്തത് ഗോപന്റെ മകൻ ഗൗതം ആണ് .
സർക്കാർ നിർദേശിച്ച എല്ലാ ലോക്ക് ഡൌൺ പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് കോവിഡ് രോഗ പ്രതിരോധത്തിൽ പങ്കെടുത്ത എല്ലാ മനുഷ്യസ്നേഹികൾക്കും ഊർജവും പിന്തുണയും നൽകുന്നതാണ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയ "കോവിഡേ നീയെത്ര കോലം ചമഞ്ഞാലും" എന്ന് തുടങ്ങുന്ന സംഗീത കൂട്ടായ്മയുടെ ഈ ഗാനം.


Click it and Unblock the Notifications











