യേശുദാസ് ഇറക്കി വിട്ടതോടെ എംജി ശ്രീകുമാറിന് പാട്ട് കൊടുത്തു; ദാസേട്ടനുമായി ഇടഞ്ഞതിനെ കുറിച്ച് പ്രിയദര്‍ശന്‍
അന്നത്തെ പ്രശ്‌നത്തില്‍ യേശുദാസിനോട് വൈരാഗ്യം ഉള്ളത് കൊണ്ടൊന്നുമല്ല എംജി ശ്രീകുമാര്‍ എന്റെ സിനിമകളില്‍ പാടി തുടങ്ങിയതെന്ന് പ്രിയദർശൻ വ്യക്തമാക്കുന്നുണ്ട്
പരുക്കന്‍ സ്വഭാവത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കാറുള്ള ഗായകനാണ് യേശുദാസ്. ഗാനഗന്ധര്‍വ്വനായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന യേശുദാസിനെതിരെ പലരും ഇത്തരം ആരോപണങ്ങള്‍ പറയാറുണ്ട്.
എന്നാല്‍ സംവിധായകന്‍ പ്രിയദര്‍ശനും യേശുദാസും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. യേശുദാസുമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പ്രിയദര്‍ശന്‍ പാട്ടുകള്‍ അദ്ദേഹത്തിന് കൊടുത്തില്ലെന്നാണ് പറയപ്പെടുന്നത്.
പാട്ട് പാടി കൊണ്ടിരിക്കേ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നും പ്രിയദര്‍ശനെ യേശുദാസ് ഇറക്കി വിടുകയായിരുന്നു.
അന്ന് മുതല്‍ യേശുദാസിനോട് പിണങ്ങിയ പ്രിയദര്‍ശന്‍ തന്റെ സിനിമയിലെ പാട്ടുകളൊക്കെ എംജി ശ്രീകുമാറിന് കൊടുത്തു. അങ്ങനെ എംജി വലിയൊരു ഗായകനുമായി.
പണ്ട് മുതലേ പറഞ്ഞ് വന്നിരുന്ന ഈ കഥയിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. കൈരളി ടിവിയിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സംവിധായകന്‍ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.

'ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ മലയാള സിനിമയില്‍ കേട്ടതും ചെവിയില്‍ ഇരമ്പി കൊണ്ടിരിക്കുന്ന പാട്ടും ദാസേട്ടന്റേത് തന്നെയാണ്. എന്റെ സിനിമകളിലും അദ്ദേഹം പാടിയിട്ടുള്ളതാണ്.
എന്നാല്‍ ചെറിയൊരു സംഭവം ഇതിനിടയില്‍ ഉണ്ടായതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് പ്രിയദര്‍ശന്‍ പറയുന്നു.
ബോയിങ് ബോയിങ് എന്ന സിനിമയുടെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിന് ഇടയിലാണ് പ്രശ്‌നമുണ്ടാവുന്നത്. അന്ന് സ്റ്റുഡിയോയില്‍ നിന്നും അദ്ദേഹം എന്നെ ഇറക്കി വിട്ടു.
ഞാന്‍ ആ സിനിമയുടെ സംവിധായകനാണോ എന്ന് പോലും അറിയാതെ ഇറങ്ങി പോ എന്നാണ് പറഞ്ഞത്. അതൊന്നും മനഃപൂര്‍വ്വം ഉണ്ടായതല്ല.
ആ സാഹചര്യത്തില്‍ വന്ന് പോയതാണ്. അതുകൊണ്ട് ദാസേട്ടനോട് എനിക്ക് യാതൊരു പ്രശ്‌നവുമില്ല.
യേശുദാസ് എന്ന് പറയുന്നത് മലയാള സിനിമയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ വളരെ ചെറിയൊരു വ്യക്തിയാണ്.
അന്നുണ്ടായ പ്രശ്‌നത്തില്‍ യേശുദാസിനോട് വൈരാഗ്യം ഉള്ളത് കൊണ്ടൊന്നുമല്ല എംജി ശ്രീകുമാര്‍ എന്റെ സിനിമകളില്‍ പാടി തുടങ്ങിയത്.
പ്രേം നസീര്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അദ്ദേഹവുമായി പ്രശ്‌നം ഉള്ളത് കൊണ്ടല്ല മോഹന്‍ലാലുമായി സിനിമകള്‍ ചെയ്തത്.
അതുപോലെയാണ് ഇവിടെയും സംഭവിച്ചത്. ശ്രീക്കുട്ടനും ഞാനുമൊക്കെ കളിച്ച് വളര്‍ന്ന കൂട്ടുകാരാണ്. അവന് എത്രത്തോളം കഴിവ് ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് പാടിച്ചു എന്നതാണ് സത്യം.

മോഹന്‍ലാലിനെ നായനാക്കി ഒരുക്കിയ ചിത്രം എന്ന സിനിമയ്ക്ക് ശേഷമാണ് യേശുദാസ് എന്റെ സിനിമകളില്‍ പാടാതെ ആയത്. അപ്പോഴേക്കും ശ്രീക്കുട്ടന്‍ വളരെ പോപ്പുലര്‍ ഗായകനായി.
ഇനി പലര്‍ക്കും അറിയില്ലാത്ത ചില കാര്യങ്ങള്‍ കൂടി പറയാം. വിജയ് യേശുദാസ് ഹിന്ദിയില്‍ പാടിയിരിക്കുന്ന പാട്ടുകളൊക്കെ എന്റെ സിനിമയിലാണെന്നും', പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.
'ദാസേട്ടനുമായി ഒരു പ്രശ്‌നം ഉണ്ടായത് കൊണ്ടല്ല അദ്ദേഹം എന്റെ സിനിമയില്‍ പാടാത്തത്. മേഘം എന്ന സിനിമ വന്നപ്പോള്‍ അദ്ദേഹം അതില്‍ പാടിയിരുന്നു.
ഇങ്ങനൊരു സിനിമയില്‍ ഒരു പാട്ടുണ്ട്. അത് ദാസേട്ടന്‍ പാടിയാല്‍ കൊള്ളാമെന്ന് ഞാന്‍ വിളിച്ച് പറഞ്ഞപ്പോള്‍ അതാണല്ലോ എന്റെ ജോലി എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അത്രയേ പുള്ളി പറഞ്ഞുള്ളു.
എന്നിട്ട് വന്ന് അദ്ദേഹം പാടുകയും ചെയ്തു. ശരിക്കും ഇങ്ങനൊരു സംഭവം നടന്നത് പോലും പുള്ളിയ്ക്ക് ഓര്‍മ്മയില്ലെന്നുള്ളതാണ് സത്യം. എപ്പോഴാണ് ഇതൊക്കെ നടന്നതെന്ന് പുള്ളി തന്നെ ചോദിച്ചിട്ടുണ്ട്'.
പടയോട്ടം സിനിമയുടെ ലൊക്കേഷനില്‍ സിഗററ്റ് വലിച്ച് കൊണ്ടിരുന്ന തന്നെ നവോദയ അപ്പച്ചന്‍ പുറത്താക്കിയെന്ന് പറഞ്ഞതൊക്കെ സത്യം തന്നെയാണ്.
'സിഗരറ്റ് വലിക്കല്ലേ, നിന്റെ അച്ഛന്‍ അറിഞ്ഞിട്ടാണോ വലിക്കുന്നത്, അച്ഛന്റെ മുന്നില്‍ നിന്ന് വലിക്കുമോ, നിന്റെ അച്ഛന്റെ പ്രായമുണ്ടെനിക്ക്, എന്നൊക്കെയാണ്', പുള്ളി അന്ന് എന്നോട് പറഞ്ഞത്.
ശരിക്കും അദ്ദേഹം വരുന്നത് അറിയാതെ ഞാന്‍ സിഗരറ്റ് വലിച്ച് നില്‍ക്കുകയായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.


Click it and Unblock the Notifications











