ഒരു സങ്കട ദിവസമാണ് രവിയേട്ടനെ ആദ്യമായി കാണുന്നത്; 125 നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ടെന്ന് ശ്രീജ രവി
മലയാളത്തിലെ ഏറ്റവും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളാണ് ശ്രീജ രവി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയിരുന്ന കണ്ണൂര്‍ നാരായണിയുടെ മകളായ ശ്രീജ ഗായകന്‍ രവിയെയാണ് വിവാഹം കഴിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുള്ള ശ്രീജയ്ക്ക് അഞ്ച് തവണ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ഓരോന്നായി പറയുകയാണ് ശ്രീജ. താരത്തിന്റെ വാക്കുകളിലേക്ക്...

'ചെറിയ കുട്ടികള്‍ക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ്ങില്‍ ശ്രീജയുടെ തുടക്കം. പിന്നീട് നായികമാരിലേക്ക് പ്രമോഷന്‍ കിട്ടി. ഇംഗ്ലീഷ്, ബംഗാളി പരസ്യങ്ങള്‍ അടക്കം ഏഴ് ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകള്‍ക്ക് ഡബ്ബ് ചെയ്തു കഴിഞ്ഞിരിക്കുകയാണ്. അഞ്ച് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. അതില്‍ നാലെണ്ണം മലയാളത്തിലും ഒന്ന് തമിഴിലും ആയിരുന്നു. ഇപ്പോഴും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അംഗീകാരം കിട്ടുന്നില്ലെന്നാണ് ശ്രീജ പറയുന്നത്. അഭിനയം നന്നായാല്‍ നടിയുടെ മിടുക്കാണ്. അത് മോശമായാല്‍ കുറ്റം ഡബ്ബിങ് ആര്‍ട്ടിസ്റ്റിനാവും. പക്ഷേ ഡബ്ബിങ് തന്റെ പാഷന്‍ ആണെന്നാണ് ശ്രീജ പറയുന്നത്.

രോഹിണി, സുനിത, രഞ്ജിനി, അഞ്ചു, മാതു, ചാര്‍മിള, മോനിഷ, മഞ്ജു വാര്യര്‍, റോമ, കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, ഭാവന, ദിവ്യ ഉണ്ണി, ജൂഹി ചൗള, കത്രീന കൈഫ്, നയന്‍താര എന്നിങ്ങനെ 125 ലേറെ നായികമാര്‍ക്ക് ഇതിനകം ശബ്ദം നല്‍കി കഴിഞ്ഞു. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കണ്ണട എന്നിങ്ങനെ പല ഭാഷകളിലും താന്‍ ശബ്ദം നല്‍കിയ നായികമാരുണ്ട്. മനസ്സിനക്കര എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയ്ക്ക് ശബ്ദം നല്‍കി തുടങ്ങിയത്. അഴകിയ രാവണനില്‍ കാവ്യയ്ക്കും ഡബ്ബ് ചെയ്തു.

അനിയത്തിപ്രാവില്‍ ശാലിനിയ്ക്ക് ശബ്ദം നൽകിയതാണ് തന്റെ കരിയറില്‍ ബ്രേക്ക് ആയി മാറിയതെന്നാണ് ശ്രീജ പറയുന്നത്. ശാലിനി നായികയായി എത്തിയ ആദ്യ സിനിമയ്ക്ക് മാത്രമല്ല ബേബി ശാലിനി ആയിരുന്നു കാലത്തും ശ്രീജ ശബ്ദം നല്‍കിയിട്ടുണ്ട്. ബേബി അഞ്ജു, ബേബി ശാമിലി തുടങ്ങി ചെറിയ കുട്ടികള്‍ക്ക് വേണ്ടിയും നിരവധി ശബ്ദം നല്‍കിയിട്ടുണ്ട്. അതേസമയം ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി വന്നത് അമ്മയുടെ മരണം ആണെന്നാണ് ശ്രീജ പറയുന്നത്.

ഡബ്ബിങ്ങിന് ആദ്യപാഠങ്ങള്‍ പറഞ്ഞു തന്നത് തന്റെ അമ്മയാണ്. ആ അമ്മയുടെ മരണത്തോടെ ഞാനാകെ തളര്‍ന്നു പോയിരുന്നു. മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ കരച്ചില്‍ വന്ന തൊണ്ടയില്‍ തടയും. വിങ്ങല്‍ കാരണം ഡയലോഗ് മുഴുവനുമാക്കാന്‍ പറ്റാതെ വന്നിരുന്നു. അങ്ങനെ ഒരു സങ്കട ദിവസമാണ് ഭര്‍ത്താവ് രവിയേട്ടനെ ആദ്യമായി കാണുന്നത്. പിന്നണി ഗായിക പാലയാട് യശോദയുടെ സഹോദരനായ അദ്ദേഹം ഗായകനും നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും ചിത്രകാരനും ഒക്കെയാണ്. പരിചയം അടുപ്പമാവുകയും പ്രണയമായി വളരുകയും ചെയ്തു. പിന്നീട് ജീവിതത്തില്‍ ഭര്‍ത്താവ് നല്‍കിയ പിന്തുണയെ കുറിച്ചും താരം പറഞ്ഞു
Recommended Video

മകള്‍ രവീണയെ പ്രസവിച്ചു കിടന്ന് കാലത്തും താന്‍ ഡബ്ബിങ്ങിന് പോയിട്ടുണ്ട്. അന്ന് സ്റ്റുഡിയോയിലേക്ക് പോകുമ്പോള്‍ കൈ കുഞ്ഞിനെയും എടുത്ത് രവിയേട്ടനും തന്റെ കൂടെ വരും. അന്ന് മോള്‍ക്ക് പാലു കൊടുത്തു ഉറക്കിയതിന് ശേഷമാണ് താന്‍ ഡബ്ബിങ്ങിന് കയറുക. അന്ന് അദ്ദേഹം നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് എന്റെയും മോളുടെയും കരിയര്‍ ഇത്ര ഉയരത്തില്‍ എത്താനുള്ള കാരണം. ആ ശക്തി ഇപ്പോള്‍ കൂടെയില്ല കഴിഞ്ഞ ഓഗസ്റ്റ് 30നാണ് കോവിഡ് രവിയേട്ടനെ കൊണ്ടു പോയെന്നും' ശ്രീജ വ്യക്തമാക്കുന്നു.


Click it and Unblock the Notifications