twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആക്ഷന്‍ രംഗങ്ങളിലേക്ക് വീണ്ടും ബാബു ആന്റണി

    By Staff
    |

    ആക്ഷന്‍ രംഗങ്ങളിലേക്ക് വീണ്ടും ബാബു ആന്റണി

    ബാബു ആന്റണി ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അജ്ഞാതവാസത്തില്‍ നിന്നും വീണ്ടും വെള്ളിത്തിരയിലേക്ക്... കരളുറപ്പുള്ള നായക കഥാപാത്രത്തില്‍ നിന്നും ക്രൂരനായ വില്ലന്‍ വേഷങ്ങളിലേക്ക്...

    ചെറിയ ചെറിയ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ബാബുവിനെ നായകവേഷത്തിലേക്കെത്തിച്ച എം.പി. സുകുമാരന്‍ നായരാണ് ബാബു ആന്റണിയുടെ തിരിച്ചുവരവിനും കളമിട്ടിരിക്കുന്നത്.

    സുകുമാരന്‍ നായരുടെ അപരാഹ്നത്തിലൂടെയാണ് ബാബു ആന്റണി ആദ്യമായി നായകനായത്. പിന്നീട് ഒട്ടേറെ നായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളത്തിലെ ആക്ഷന്‍ ഹീറോ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഒരു അമേരിക്കന്‍ യുവതിയെ വിവാഹം കഴിച്ചതോടെ ബാബു സിനിമാലോകത്തു നിന്നും താല്‍ക്കാലികമായി വിടവാങ്ങുകയായിരുന്നു.

    സുകുമാരന്‍ നായരുടെ തന്നെ ശയനത്തില്‍ നായകനായാണ് ബാബു ആന്റണിയുടെ രണ്ടാം വരവ്. ശയനത്തിലെ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ ബാബുവിന്റെ വാക്കുകളില്‍ ആത്മവിശ്വാസവും അഭിമാനവും: പത്തു കല്പനകളെയും ധിക്കരിച്ചു ജീവിച്ച ഒരു ക്രിസ്ത്യാനിയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു സാധാരണക്കാരന്റെ രൂപവും ഭാവവുമാണ് ഈ കഥാപാത്രത്തിന്. ആകെക്കൂടി ഒരു അവശന്റെ ശരീരം. ശരീരം അങ്ങനെയാക്കിയെടുക്കാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കാലയളവില്‍ ഞാന്‍ വ്യായാമം പോലും വേണ്ടെന്നു വെച്ചു.

    തോമാ എന്ന തെമ്മാടി കഥാപാത്രത്തെയാണ് ബാബു ആന്റണി ശയനത്തില്‍ അവതരിപ്പിക്കുന്നത്. ക്രിസ്തീയ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാത്ത ഇയാളെ സമൂഹം വെറുക്കുന്നു. എന്നാല്‍ അയാളുടെ ആകസ്മിക മരണത്തിനുശേഷം മറ്റുള്ളവര്‍ തോമായുടെ ജീവിതത്തിന്റെ മറുവശം കാണാന്‍ തുടങ്ങുന്നു.

    തോമാ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും അയാളുടെ ശരീരത്തെ അങ്ങേയറ്റം സ്നേഹിക്കുന്നു. പുരുഷനാണ് അവരുടെ സര്‍വസ്വവും. അതോടെ തോമായുടെ ജീവിതത്തിന്റെ മറുവശം പ്രേക്ഷകര്‍ക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. സാറാ ജോസഫിന്റെ റങ്കൂണ്‍ പുണ്യാളന്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ശയനം തയ്യാറാകുന്നത്.

    എന്നാല്‍ ശയനത്തിലേതു പോലുള്ള വേഷങ്ങളില്‍ തന്റെ അഭിനയ ജീവിതത്തെ തളച്ചിടാന്‍ ബാബു ആന്റണി ആഗ്രഹിക്കുന്നില്ല. മുമ്പത്തെ പോലെ ആക്ഷന്‍ രംഗങ്ങളിലേക്ക് മടങ്ങിവരാനുള്ള വെമ്പലിലാണ് അദ്ദേഹം.

    ഇപ്പോള്‍ മലയാളത്തില്‍ പൂര്‍ത്തിയായിരിക്കുന്ന ഉത്തമനില്‍ ശക്തനായ വില്ലന്‍ കഥാപാത്രത്തെയാണ് ബാബു അവതരിപ്പിക്കുന്നത്. പൊലീസിനും നിയമത്തിനും പുല്ലുവില കല്പിച്ച് ജനങ്ങളുടെ മനസ്സില്‍ ഭീതി കോരിയിടുന്ന പുലിമുറ്റത്ത് സണ്ണിയാണ് ബാബു ആന്റണി ഈ ചിത്രത്തില്‍. ഇന്ത്യയിലെ പ്രമുഖ ഭാഷാചിത്രങ്ങളിലെല്ലാം അഭിനയിച്ചു കഴിഞ്ഞ ബാബു ആന്റണിക്ക് ഇതിനകം തന്നെ രണ്ടു ഹിന്ദി ചിത്രങ്ങള്‍ കൂടി കരാറായിക്കഴിഞ്ഞു.

    മലയാളത്തില്‍ കോമഡി തരംഗം ആഞ്ഞടിക്കുന്നതില്‍ ബാബു ആന്റണി നിരാശനാണ്. ആക്ഷന്‍ ചിത്രങ്ങളില്‍ പോലും ഇത്തരത്തിലുള്ള രംഗങ്ങള്‍ തിരുകിച്ചേര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പരാതിപ്പെടുന്നു. അടുത്തിടെ ഇറങ്ങിയ ഒരു ചിത്രത്തില്‍ ബാബുവിന് കോമഡി വേഷം കൈകാര്യം ചെയ്യേണ്ടി വന്നു എന്നതും മറക്കാറായിട്ടില്ല.

    മികച്ച തിരക്കഥയുള്ള ചിത്രങ്ങള്‍ വിജയിക്കുമെന്ന വിശാസക്കാരനാണ് ഞാന്‍. സിനിമയെ ഒരു പ്രത്യേക വിഭാഗത്തിലും ഉള്‍പ്പെടുത്താതെ രൂപം കൊള്ളുന്ന ഇത്തരം തിരക്കഥകളാണ് മികച്ച ചിത്രത്തിന്റെ അടിസ്ഥാനം - സിനിമയെക്കുറിച്ചുള്ള ബാബുവിന്റെ അടിയുറച്ച വിശ്വാസം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X