ലാലിന് ഇത് തിരിച്ചുവരവിന്റെ ഊഴം
ലാലിന് ഇത് തിരിച്ചുവരവിന്റെ ഊഴം
വീരനായക വേഷങ്ങള്‍ക്ക് വിട. പ്രേക്ഷകരുടെ ചുണ്ടുകളില്‍ ചിരിപടര്‍ത്തുന്ന, അസാധാരണമായ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പഴയ മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് വീണ്ടും തിരിച്ചുകിട്ടുന്നു.
നരസിംഹം ഹാങ്ങോവറില്‍ നിന്ന് ഇനിയെങ്കിലും മുക്തമാവണമെന്ന് മോഹന്‍ലാലിന് ബോധ്യപ്പെട്ടെന്ന് തോന്നുന്നു. പ്രേക്ഷകരുടെ മേല്‍ താണ്ഡവം നടത്തുന്ന സംവിധായകര്‍ തത്കാലത്തേക്കെങ്കിലും ഡേറ്റിനായി മോഹന്‍ലാലിനെ സമീപിക്കേണ്ട.
ചതുരംഗത്തോടെ വീരനായക പരിവേഷമുള്ള മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരമ്പര അവസാനിക്കുകയാണ്. പ്രേക്ഷകനെ മതിമറന്ന് ചിരിപ്പിക്കുന്ന മാനറിസങ്ങളും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളുമായി മോഹന്‍ലാല്‍ ഒരു തിരിച്ചുവരവ് നടത്തുന്നു.
പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍മാമ്പഴം എന്ന ചിത്രത്തോടെയാണ് മോഹന്‍ലാല്‍ വീണ്ടുമൊരു കളംമാറ്റിചവിട്ടലിന് തുടക്കമിടുന്നത്. നര്‍മപ്രധാനമായ കഥ പറയുന്ന ഈ ചിത്രത്തില്‍ മുന്‍ പ്രിയന്‍ ചിത്രങ്ങളിലേതു പോലെ ചിരി പടര്‍ത്തുന്ന ഒരു കഥാപാത്രത്തെ മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കാം.
അഭിനയപ്രാധാന്യമുള്ള ചില കഥാപാത്രങ്ങളെയാണ് തുടര്‍ന്ന് പല ചിത്രങ്ങളിലായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തന്റെ അടുത്ത ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് ഹരിഹരന്‍ പറയുന്നു.
മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വാനപ്രസ്ഥത്തിന്റെ സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ ചിത്രമാണ് മോഹന്‍ലാലിന് ഏറെ പ്രതീക്ഷ നല്‍കുന്ന മറ്റൊരു സംരംഭം.
എം. ടി. വാസുദേവന്‍ നായര്‍ ഒരു ഇടവേളയ്ക്ക് ശേഷം രചിക്കുന്ന തിരക്കഥയില്‍ ഷാജി ഒരുക്കുന്ന ചിത്രമാണ് വാരണാസി. എം. ടിയുടെ വാരണാസി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.
എം. ടിയുടെ തിരക്കഥയിലുള്ള ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ പ്രതീക്ഷകളുണ്ട്. എം. ടിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെല്ലാം വളരെ വ്യത്യസ്തവും അഭിനയസാധ്യതയുള്ളതുമായിരുന്നു. അമൃതംഗമയ, താഴ്വാരം, സദയം എന്നീ ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.
ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രവും മോഹന്‍ലാലിന് ഏറെ പ്രതീക്ഷയുള്ളതാണ്. മീരാ ജാസ്മിനെ നായികയാക്കി എടുക്കുന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ തലമുറകളുടെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും.
മറ്റൊരു അഭിനയ പ്രധാനമായ കഥാപാത്രത്തയൊണ് ലെനിന്‍ രാജേന്ദ്രന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന് അവതരിപ്പിക്കാനുള്ളത്. രാജാരവിവര്‍മയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
അഭിനയപ്രധാനമായ ഈ ചിത്രങ്ങള്‍ക്ക് പുറമെ ഫാസില്‍, വിനയന്‍, ഷാജി കൈലാസ് എന്നിവര്‍ ഒരുക്കുന്ന ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്.
മീശമാധവന്റ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം ഒരുക്കുന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications