twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്നില്‍ മമ്മൂട്ടി തന്നെ...

    By Staff
    |

    മുന്നില്‍ മമ്മൂട്ടി തന്നെ...

    കരിയറിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നിലാണ് മമ്മൂട്ടി ഇപ്പോള്‍. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍.. വ്യത്യസ്തമായ വേഷങ്ങള്‍.. തൊടുന്നതെല്ലാം പൊന്ന് എന്ന സ്ഥിതി. വര്‍ഷങ്ങളായി സൂപ്പര്‍താര സിംഹാസനത്തില്‍ തുടരുന്ന മമ്മൂട്ടി നടനെന്ന നിലയിലും ഏറെ മുന്നോട്ടുപോയിരിക്കുന്നു.

    ക്രിസ്തുമസ് ചിത്രമായ വേഷവും സൂപ്പര്‍വിജയമായതോടെ ഈ സൂപ്പര്‍താരത്തിന്റെ തിളക്കത്തിന് ശോഭ പതിന്മടങ്ങേറിയിരിക്കുന്നു. തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ സൃഷ്ടിക്കുക എന്ന സൗഭാഗ്യമാണ് മമ്മൂട്ടിക്കുണ്ടായിരിക്കുന്നത്. പരാജയങ്ങളില്‍ നിന്ന് കരകയറാനും ഇമേജ് തിരിച്ചുപിടിക്കാനും പല മുന്‍നിര താരങ്ങളും ആയാസപ്പെടുമ്പോഴാണ് മമ്മൂട്ടിയുടെ അസൂയാവഹമായ ഈ നേട്ടം.

    കാഴ്ച സൂപ്പര്‍ഹിറ്റാവുകയും ചിത്രത്തിലെ ഫിലിം ഓപ്പറേറ്റര്‍ മാധവനെ ഗംഭീരമായി അവതരിപ്പിച്ച് കൈയടി നേടുകയും ചെയ്തതിന് പിന്നാലെയാണ് ആക്ഷന്‍ വേഷത്തില്‍ തിളങ്ങുന്ന മമ്മൂട്ടിയുടെ ബ്ലാക്കെത്തിയത്. അതും മികച്ച വിജയം നേടി. രണ്ട് ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചതിന് ശേഷമാണ് കുടുംബനാഥന്റെ വേഷത്തില്‍ മമ്മൂട്ടി ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെടുന്ന വേഷം ക്രിസ്തുമസിന് എത്തിയത്. മറ്റ് ക്രിസ്തുമസ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി എല്ലാ റിലീസീംഗ് കേന്ദ്രങ്ങളിലും ഇപ്പോഴും തുടരുന്ന വേഷം സൂപ്പര്‍വിജയമാണ് കരസ്ഥമാക്കിയത്. സൂപ്പര്‍താരത്തിന്റെ സൂപ്പര്‍വിജയത്തിന്റെ തുടര്‍ച്ച...

    കഴിഞ്ഞ ഒരു വര്‍ഷമായി നടനെന്ന നിലയിലുള്ള വളര്‍ച്ചയിലും ഹിറ്റുകളുടെ എണ്ണത്തിലും വൈവിധ്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും മറ്റേത് താരത്തേക്കാളും ഏറെ മുന്നിലാണ് മമ്മൂട്ടി. ഒരു ചിത്രം പോലും പരാജയത്തിന്റെ പട്ടികയില്‍ പെടുത്താതെയും മൂന്ന് ഹിറ്റുകള്‍ സൃഷ്ടിച്ചും 2004ന്റെ കലണ്ടറില്‍ നിറഞ്ഞുനിന്ന മമ്മൂട്ടി ഈ വര്‍ഷവും തന്റേതാക്കുകയാണെന്ന സൂചനയാണ് വേഷത്തിന്റെ വിജയവും പുതിയ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന അതീവശ്രദ്ധയും നല്‍കുന്നത്.

    കാഴ്ചയില്‍ കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റര്‍ മാധവനെ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഓര്‍മിപ്പിക്കും വിധം ഗംഭീരമായി അവതരിപ്പിച്ച മമ്മൂട്ടി പിന്നീട് ബ്ലാക്കില്‍ ആക്ഷന്‍ ഹീറോയായി തിളങ്ങുന്നതാണ് കണ്ടത്. ചിത്രത്തിലുടനീളം നിറഞ്ഞുനിന്ന മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നു കാരക്കാമുറി ഷണ്‍മുഖന്‍ എന്ന അധോലോക നായകന്‍. തുടര്‍ന്നെത്തിയ വേഷത്തിലാകട്ടെ മമ്മൂട്ടി വീണ്ടും വ്യത്യസ്തനാവുന്നതാണ് കണ്ടത്. ഒരിക്കല്‍ കൂടി കുടുംബനാഥന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയെ പ്രേക്ഷകര്‍ സ്വീകരിച്ചു.

    ഈ വിഭിന്ന കഥാപാത്രങ്ങളുടെ തുടര്‍ച്ചയായി ഈ വര്‍ഷം മമ്മൂട്ടി ചെയ്യുന്ന വേഷങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഈ വര്‍ഷം മമ്മൂട്ടി ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യചിത്രം ഷാഫിയുടെ തൊമ്മനും മക്കളും ആണ്. മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍. എഴുതാനോ വായിക്കാനോ അറിയാത്ത, തല്ലിനും വഴക്കിനും മുന്നില്‍ നില്‍ക്കുന്ന തൊമ്മന്റെ രണ്ടു മക്കളില്‍ ഒരുവനായ ശിവന്‍. മൈക്കിള്‍ ജാക്സണ്‍ കുണുക്കുമിട്ട്, പ്രത്യേക ഹെയര്‍ സ്റൈലുമായി, ചിത്രങ്ങളുള്ള കുപ്പായവുമിട്ട് പ്രത്യക്ഷപ്പെടുന്ന ശിവന്‍. മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രത്യേക മട്ടിലുള്ള ഒരു കഥാപാത്രം.

    പ്രമോദ് പപ്പന്റെ തസ്കരവീരന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. ഇതിലെ മമ്മൂട്ടിയുടെ വേഷവിധാനങ്ങളും വ്യത്യസ്തമാണ്. പ്രത്യേക സ്റൈലിലുള്ള മീശയും കൂളിംഗ് ഗ്ലാസുമായി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു കള്ളന്റെ വേഷത്തിലാണ്. ആക്ഷനും സരസമായ രംഗങ്ങളുമായാണ് ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്.

    അടിപൊളി സ്റൈലിലുള്ള ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്നത് കമലിന്റെ നേര് എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തില്‍ ഒരു ബസ് കണ്ടക്ടറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വെച്ചുകെട്ടുകളോ ജാഡകളോ ഇല്ലാത്ത സാധാരണക്കാരനായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

    കഥാപാത്രത്തെ സ്വീകരിക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന അതീവശ്രദ്ധ എടുത്തുപറയേണ്ടതു തന്നെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിക്കുന്ന മമ്മൂട്ടി ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിലും പ്രത്യേക ശ്രദ്ധ കാട്ടുന്നു. പ്രായം ഏശാത്ത ഗ്ലാമറും പ്രതിഭയുമായി ഈ നടന്‍ ഇന്നും താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ ആസൂത്രണവും അച്ചടക്കവും കൊണ്ടുതന്നെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X