ഒടുവില്‍ ഗോപിക ഹിറ്റ്
ഒടുവില്‍ ഗോപിക ഹിറ്റ്
ലജ്ജാവതിയേ.. ഗാനം കേരളക്കര കീഴടക്കിയപ്പോള്‍ ഒരു സുന്ദരിയുടെ മുഖം സിനിമാപ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചു- ലജ്ജാവതിയേ.. എന്ന് ജാസി ഗിഫ്റ്റ് പാടുമ്പോള്‍ ഗാനരംഗത്തില്‍ വലിയ ലജ്ജയൊന്നുമില്ലാതെ ആടിത്തിമര്‍ക്കുന്ന ഗോപിക എന്ന കൗമാരനായിക.
ഒടുവില്‍ ഗോപികയുടെ സമയം വന്നെത്തി. ആദ്യചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെടാതെ പോയ ഈ പെണ്‍കുട്ടി തന്റെ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. കേരളത്തില്‍ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രം റിലീസ് ചെയ്ത അന്ന് തന്നെയാണ് ഗോപിക നായികയായ തമിഴ് ചിത്രം ഓട്ടോഗ്രാഫും റിലീസ് ചെയ്തത്. രണ്ടും വന്‍ ഹിറ്റുകളായതോടെ ഗോപികക്ക് തിരക്കായി.
ഇപ്പോഴിതാ തെലുങ്കിലേക്കും ഗോപികയെത്തുന്നു. എസ്. ഗോപാല്‍റെഡ്ഢി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ ഗോപികയാണ് നായിക. ഗോപികയുടെ ഹിറ്റ് തമിഴ് ചിത്രം ഓട്ടോഗ്രാഫിന്റെ റീമേക്കാണിത്.
തുളസീദാസിന്റെ പൂപോലൊരിഷ്ടം എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ചിത്രത്തിന്റെ പരാജയം ഗോപികയെ പോലൊരു പുതുമുഖത്തിന് തിരിച്ചടിയായി. വിനീത്കുമാറിനും ജയസൂര്യയ്ക്കും ഒപ്പം നായികയായി അഭിനയിച്ച ഈ ചിത്രം സിനിമയിലെ അരങ്ങേറ്റത്തിലുപരി വലിയ നേട്ടമൊന്നും ഗോപികയ്ക്ക് നല്‍കിയില്ല.
പൂപോലിരിഷ്ടത്തിന് ശേഷം ആരാദ്യം പറയും എന്ന മലയാള ചിത്രത്തില്‍ ഗോപിക അഭിനയിച്ചെങ്കിലും ഈ ചിത്രം പൂര്‍ത്തിയായില്ല. ആദ്യ രണ്ട് ചിത്രങ്ങളും ഗോപികയുടെ കരിയറിന് മെച്ചമൊന്നും ചെയ്തില്ലെങ്കിലും ഈ അവസരത്തിലാണ് ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തില്‍ നായികയായി ഗോപികയെ ക്ഷണിക്കുന്നത്.
വ്യത്യസ്തമായ കഥയും പരിചരണരീതിയുമായി ജയരാജ് ഒരുക്കിയ ഈ ചിത്രത്തില്‍ ഗോപികയൊഴികെ എല്ലാ പ്രധാന താരങ്ങളും പുതുമുഖങ്ങള്‍. ഒരു പരീക്ഷണചിത്രം. മലയാളത്തിലെ മൂന്നാമത്തെ ചിത്രവും വിജയിക്കുമോ എന്ന് ഗോപികയ്ക്ക് യാതൊരുറപ്പുമുണ്ടായിരുന്നില്ല. ചിത്രം നാല് മാസത്തോളം പെട്ടിയില്‍ കിടയ്ക്കുകയും ചെയ്തതോടെ തന്റെ സിനിമാമോഹങ്ങള്‍ക്ക് വിരാമമിടേണ്ടിവരുമോ എന്ന ആശങ്കയിലായി ഗോപിക.
തമിഴില്‍ ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തില്‍ ഗോപിക നായികയായി അഭിനയിച്ചെങ്കിലും ആ ചിത്രത്തിന്റെ റിലീസിംഗും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി. ലോ ബഡ്ജറ്റ് ചിത്രമായ ഓട്ടോഗ്രാഫിന്റെ കാര്യത്തിലും വിജയിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയേ ഗാനം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഇതിനിടയിലാണ്. ഗാനം പുതിയ തരംഗം സൃഷ്ടിച്ചതിനോടൊപ്പം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടിയും പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. ആദ്യചിത്രത്തില്‍ നായികയായി അഭിനയിച്ച് ശ്രദ്ധിക്കപ്പെടാതെ പോയ ഗോപികയ്ക്ക് ഒരു ഗാനരംഗത്തിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റാനായി.
മാസങ്ങളോളം പെട്ടിയില്‍ കിടന്നതിന് ശേഷം ഫോര്‍ ദി പീപ്പിളും ഓട്ടോഗ്രാഫും റിലീസ് ചെയ്തത് ഒരേ സമയത്താണ്. രണ്ട് ചിത്രങ്ങളും അപ്രതീക്ഷിതമായി ബോക്സോഫീസില്‍ വന്‍ചലനം സൃഷ്ടിച്ചു. രണ്ടും സൂപ്പര്‍ ഹിറ്റുകള്‍. അതോടെ തമിഴിലും മലയാളത്തിലും ഗോപിക ഹിറ്റായി.
ഗോപികയ്ക്ക് ഇപ്പോള്‍ തിരക്കിന്റെ സമയമാണ്. തെലുങ്കില്‍ രംഗപ്രവേശനം നടത്താന്‍ ഒരുങ്ങുകയാണ് ഈ നടി ഇപ്പോള്‍. ഓട്ടോഗ്രാഫിന്റെ തെലുങ്ക് റീമേക്കായ കിംഗ് ആണ് ഉടന്‍ പൂര്‍ത്തിയാക്കേണ്ട ചിത്രം.
ഓട്ടോഗ്രാഫിലെ ഒരു താരം മാത്രമേ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുന്നുള്ളൂ- ഗോപിക മാത്രം. ഓട്ടോഗ്രാഫിലെ പ്രകടനമാണ് തെലുങ്ക് റീമേക്കിലും ഗോപികയ്ക്ക് അവസരം നേടിക്കൊടുത്തത്. തെലുങ്കിലും ശ്രദ്ധ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഗോപിക.


Click it and Unblock the Notifications