മംമ്തക്ക് എല്ലാം സ്വപ്നതുല്യം

By Staff

മംമ്തക്ക് എല്ലാം സ്വപ്നതുല്യം

രാശിയുള്ള നടിമാര്‍ക്ക് തുടക്കം പിഴക്കാറില്ല. മലയാളത്തില്‍ ഒന്നാം നിരയില്‍ വാണവരും ഇപ്പോള്‍ ഒന്നാം നിരയിലുള്ളവരുമായ നടിമാരെല്ലാം ആദ്യസിനിമകളോടെ തന്നെ താരമൂല്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപ്പോയിട്ടുള്ളവരാണ്. അവരുടെ കൂട്ടത്തിലേക്കാണ് മംമ്ത മോഹന്‍ദാസിന്റെ വരവെന്നു പറഞ്ഞാല്‍ തെറ്റാകില്ല.

സിനിമയില്‍ അരങ്ങേറ്റം നടത്തി കഷ്ടിച്ച് ആറു മാസം പോലും കഴിയുന്നതിനു മുമ്പേ മംമ്ത തിരക്കുള്ള നടിയായി തീര്‍ന്നിരിക്കുന്നു. അഭിനയിക്കുന്നത് നായികാവേഷങ്ങളിലും സൂപ്പര്‍താര സിനിമകളിലും. സ്ത്രീകഥാപാത്ര പ്രധാനമായ ചിത്രങ്ങള്‍ പോലും ഈ നടിയെ തേടിയെത്തിക്കഴിഞ്ഞു. ഒരു പുതുമുഖനടിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ തുടക്കമെന്നു വിശേഷിപ്പിക്കാന്‍ ഇതില്‍പ്പരമെന്തുവേണം? മലയാളത്തിലെ മുന്‍നിര നടിമാരുടെ കൂട്ടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഇത്തരമൊരു തുടക്കം മംമ്തയെ സഹായിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

മയൂഖം എന്ന ചിത്രത്തിലേക്കായി ഹരിഹരന്‍ കണ്ടെത്തിയ നടിയാണ് മംമ്ത. ബാംഗ്ലൂരില്‍ വച്ച് മംമ്തയെ പരിചയപ്പെട്ടപ്പോള്‍ തന്റെ പുതിയ നായിക ഈ പെണ്‍കുട്ടി തന്നെയെന്ന് ഹരിഹരന്‍ നിശ്ചയിക്കുകയായിരുന്നു. അങ്ങനെ മയൂഖത്തിലെ നായികയായി മംമ്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

മയൂഖം സാമ്പത്തികവിജയം നേടിയില്ലെങ്കിലും മംമ്തയ്ക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ സ്വദേശിയായ ഈ പെണ്‍കുട്ടിക്ക് കൈനിറയെ ചിത്രങ്ങളാണ് ലഭിച്ചത്.

മയൂഖത്തിനു ശേഷം മംമ്ത അഭിനയിച്ചത് മമ്മൂട്ടിയുടെ ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിലാണ്. മമ്മൂട്ടിയുടെ രോഗിണിയായ സഹോദരിയായി പ്രധാനപ്പെട്ടൊരു വേഷം. തുടര്‍ന്ന് മംമ്തക്കു ലഭിച്ചതും സൂപ്പര്‍താരചിത്രങ്ങളാണ്.

മാര്‍ച്ച് ആദ്യവാരത്തില്‍ പുറത്തിറങ്ങിയ ലങ്കയില്‍ സുരേഷ് ഗോപിയുടെ നായികയായി വ്യത്യസ്തമായ വേഷമാണ് മംമ്തയ്ക്ക്. നായകനേക്കാള്‍ സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് മംമ്തയുടെ കഥാപാത്രമാണെന്ന പ്രത്യേകതയുമുണ്ട്. മയൂഖത്തില്‍ നിന്നും ബസ് കണ്ടക്ടറില്‍ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തില്‍ ലോഭമില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനം നടത്താന്‍ ഈ നടി തയ്യാറായിട്ടുണ്ട്. ഏതു തരം വേഷം ചെയ്യാനും തയ്യാറെന്ന് ഈ വേഷം ഏറ്റെടുക്കാന്‍ തയ്യാറായതിലൂടെ മംമ്ത പ്രഖ്യാപിച്ചുകഴിഞ്ഞു.

മംമ്തയുടെ പുതിയ ചിത്രം ജയറാമിനൊപ്പമാണ്. ജയറാമും ഉര്‍വശിയും നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ മംമ്തക്ക് വളരെ പ്രധാനപ്പെട്ടൊരു വേഷമാണ്. മധുചന്ദ്രലേഖ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മധു ജയറാമും ചന്ദ്ര ഉര്‍വശിയുമാവുമ്പോള്‍ ലേഖയായെത്തുന്നത് മംമ്തയാണ്. തുടര്‍ച്ചയായ മൂന്നാമത്തെ സൂപ്പര്‍താര ചിത്രം.

മമ്മൂട്ടി, സുരേഷ്ഗോപി, ജയറാം ചിത്രങ്ങളില്‍ അഭിനയിച്ച മംമ്ത ഇനി അഭിനയിക്കുന്നത് മോഹന്‍ലാലിനൊപ്പമാണ്! മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര എന്ന ചിത്രത്തില്‍ മംമ്തയാണ് നായികയാവുന്നത്.

ഇതില്‍പ്പരം തിളക്കമേറിയ ഒരു തുടക്കം ഒരു നടിക്ക് സ്വപ്നം കാണാനില്ല. സൂപ്പര്‍താര ചിത്രങ്ങളില്‍ തിളങ്ങിനില്‍ക്കാന്‍ ലഭിക്കുന്ന തുടര്‍ച്ചയായ അവസരങ്ങള്‍ മംമ്തയെ മലയാളത്തിലെ പ്രധാന നായികാനടിമാരുടെ നിരയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. കരിയര്‍ തുടങ്ങി ഒരു വര്‍ഷം പോലും കഴിയുന്നതിനു മുമ്പാണ് മീരാ ജാസ്മിന്‍, കാവ്യാ മാധവന്‍, നവ്യാനായര്‍, ഗോപിക, ഭാവന തുടങ്ങിയ നടിമാര്‍ക്കൊപ്പം മംമ്തയുടെ പേരു കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X