ഒടുവില്‍ കന്നി അവാര്‍ഡിന്റെ നിറവില്‍
ഒടുവില്‍ കന്നി അവാര്‍ഡിന്റെ നിറവില്‍
ആരാച്ചാരുടെ നിയോഗം സൃഷ്ടിക്കുന്ന നൊമ്പരങ്ങളും ആത്മസംഘര്‍ഷവും സൂക്ഷ്മഭാവങ്ങളിലൂടെ അവതരിപ്പിച്ചതിനാണ് ഒടുവിലിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.
ആരെയും കൊല്ലാനുള്ള കരളുറപ്പില്ലെങ്കിലും ഒട്ടേറെ പേരുടെ കഴുത്തില്‍ കൊലക്കയറിടേണ്ടിവരുന്നതിന്റെ വൈപരീത്യമാണ് ആരാച്ചാരായ കാളിയപ്പന്‍ ജീവിച്ചുതീര്‍ക്കുന്നത്. അയാള്‍ ജീവിക്കുന്നത് ആളുകളുടെ കഴുത്തില്‍ കൊലക്കയറിടുന്നതിന്റെ പ്രതിഫലം കൊണ്ടാണ്. അതല്ലാതെ മറ്റൊരു ജീവിതമാര്‍ഗം അയാള്‍ക്ക് കണ്ടെത്താനാവില്ല. എന്നാല്‍ ആരെയും ഉപദ്രവിക്കാനാവാത്തതിന്റെ നിഷ്കളങ്കത അയാളില്‍ കുറ്റബോധത്തിന്റെ തീ കോരിയിടുന്നു. അടൂരിന്റെ ചിത്രത്തിലെ ആഴമുള്ള കഥാപാത്രത്തെ ഭാവഭദ്രമായി ഒടുവില്‍ അവതരിപ്പിച്ചു.
ഒടുവിലിന്റെ രണ്ടാമത്തെ അവാര്‍ഡ് പ്രതീക്ഷയായിരുന്നു നിഴല്‍ക്കൂത്ത്. എം. ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയിലെ അഭിനയം ഒടുവിലിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷ യാഥാര്‍ഥ്യമായില്ല. ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതിന് നിഴല്‍ക്കൂത്ത് വരെ കാത്തിരിക്കേണ്ടിവന്നു.
അടൂരിന്റെ തന്നെ ചിത്രത്തിനാണ് ഒടുവിലിന് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. കഥാപുരുഷനിലെ അഭിനയത്തിന് ഒടുവില്‍ മികച്ച രണ്ടാമത്തെ നടനായി. 1995ല്‍ ആയിരുന്നു അത്. അടുത്ത വര്‍ഷം സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം ഒടുവിലിന് മറ്റൊരു അവാര്‍ഡ് നേടിക്കൊടുത്തു.
വള്ളുവനാടന്‍ ചുവയുള്ള സംസാരം....നാട്ടിന്‍പുറത്ത് കാണുന്ന ചില വാലിയക്കാരുടെ മട്ടിലുള്ള പ്രകൃതം...ഇതൊക്കെയാണ് ഒടുവില്‍. ആ മട്ടിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒടുവിലിന് പ്രത്യേക സിദ്ധിയുണ്ട്. പതിവ് രീതിയില്‍ നിന്ന് മാറിനില്‍ക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാകട്ടെ കൊയ്തത് സംസ്ഥാന അവാര്‍ഡും.


Click it and Unblock the Notifications