For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെള്ളിത്തിരയില്‍ നിന്ന് മന്ത്രിമന്ദിരത്തിലേക്ക്

  By Staff
  |

  വെള്ളിത്തിരയില്‍ നിന്ന് മന്ത്രിമന്ദിരത്തിലേക്ക്

  ഗണേശന്‍ എന്ന് മലയാളസിനിമയില്‍ അറിയപ്പെടുന്ന കെ.ബി. ഗണേഷ് കുമാര്‍ ഇനി കേരളസംസ്ഥാനം ഭരിക്കുന്ന മന്ത്രിയാണ്. ഏതെങ്കിലും തിരക്കഥാകൃത്തിന് മനസ്സില്‍ തോന്നിയിട്ടൊന്നുമല്ല ഗണേശന്‍ മന്ത്രിപദമേറുന്നത്. കൊല്ലം ജില്ലയിലെ പത്താനാപുരത്തുനിന്ന് ജനങ്ങള്‍ നല്കിയ വോട്ടുകള്‍ സ്വീകരിച്ചാണ് ഈ നടന്‍ മന്ത്രിയായി സെക്രട്ടേറിയറ്റിലെത്തുന്നത്. മലയാള ചലച്ചിത്രതാരങ്ങളില്‍ ആദ്യമായി നിയമസഭയിലെത്തുകയും മന്ത്രിയാവുകയും ചെയ്ത ബഹുമതി ഇനി ഗണേശന്.

  കേരള കോണ്‍ഗ്രസ് (ബി) നേതാവ് യുടെയും വത്സലയുടെയും മകനായ ഗണേഷ് കുമാറിന്റെ രാഷ്ട്രീയ പ്രവേശവും മന്ത്രിസ്ഥാനലബ്ധിയും ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു. 2001 മെയ് 10ന് നടന്ന തിരഞ്ഞെടുപ്പിലേക്ക് കേരള കോണ്‍ഗ്രസ് (ബി)ക്ക് അനുവദിച്ച് കിട്ടിയ രണ്ടു സീറ്റുകളില്‍ ഒന്നില്‍ അച്ഛനും മറ്റേതില്‍ മകനും മത്സരിക്കുന്നതോടെയാണ് ഗണേഷ് രാഷ്ട്രീയരംഗത്തെത്തുന്നത്.

  മുമ്പ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ താരങ്ങളെപ്പോലെയായിരുന്നില്ല ഗണേഷിന്റെ ആദ്യഅങ്കം. കേരളത്തിലുടനീളം ആഞ്ഞടിച്ച യുഡിഎഫ് അനുകൂലതരംഗവും തന്റെ സിനിമാ ഗ്ലാമറും മുതലാക്കി ഗണേശന്‍ പത്തനാപുരത്ത് നിന്ന് ജയിച്ചു കയറി. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സിപിഐയിലെ കെ. പ്രകാശ് ബാബുവിനെ 9,931 വോട്ടുകള്‍ക്കാണ് ഗണേശന്‍ പരാജയപ്പെടുത്തിയത്.

  അങ്ങനെ പ്രേം നസീറില്‍ തുടങ്ങി മുരളിയില്‍ എത്തിനില്‍ക്കുകയായിരുന്നു സിനിമാതാരങ്ങളുടെ തിരഞ്ഞെടുപ്പ് പരാജയ പരമ്പരയ്ക്ക് ഗണേശന്‍ അവസാനം കുറിച്ചു. അവിടെയും തീര്‍ന്നില്ല.. എംഎല്‍എ ആയതിന്റെ ആഹ്ലാദം കെട്ടടങ്ങുന്നതിനു മുമ്പ് ഗണേശന്‍ മന്ത്രിമന്ദിരത്തിലേക്കാണ് ചെന്നുകയറുന്നത്. ഈ അപൂര്‍വനേട്ടത്തിന് അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള കേസുകള്‍ക്കു കൂടി ഗണേശന്‍ നന്ദി പറയേണ്ടി വരും.

  16 വര്‍ഷത്തെ അഭിനയജീവിതത്തിന് അറുതി

  1985ല്‍ കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ എന്ന ചിത്രത്തിലൂടെയാണ് ഗണേശന്‍ സിനിമയിലെത്തുന്നത്. ഈ ചിത്രത്തില്‍ അദ്ദേഹം നായകനായിരുന്നു. പിന്നീട് അത്ര മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും സിനിമയില്‍ എന്നും തന്റെ സാന്നിദ്ധ്യം തെളിയിച്ചു കൊണ്ടാണ് ഗണേശന്‍ ഒന്നര പതിറ്റാണ്ട് നീണ്ട സിനിമാജീവിതം പൂര്‍ത്തിയാക്കിയത്.

  250ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ ഗണേശന്‍ മിനിസ്ക്രീന്‍ രംഗത്തും അറിയപ്പെടുന്ന നടനായി വളര്‍ന്നത് പെട്ടെന്നാണ്. ഇദ്ദേഹം അഭിനയിച്ച സീരിയലുകള്‍ ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ എന്നീ ചാനലുകളില്‍ സംപ്രേഷണം ചെയ്തു വരുന്നു.

  മന്ത്രിയായതോടെ ഗണേശന്‍ അഭിനയരംഗത്തു നിന്ന് വിടവാങ്ങുമെന്നാണ് കരുതുന്നത്. സിനിമയിലേക്ക് ഇനിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി വിനയന്റെയും രഞ്ജിത്തിന്റെയും പുതിയ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ക്ഷണം ഗണേശന്‍ വേണ്ടെന്നുവച്ചു കഴിഞ്ഞു. താലി, ഗന്ധര്‍വയാമം, ജ്വാലയായ് എന്നീ സീരിയലുകള്‍ ഒരു മാസം കൊണ്ട് തീര്‍ത്ത് ഗണേശന്‍ ആ ബാധ്യതകളില്‍ നിന്നും മുക്തനാവും.

  യുവാക്കളുടെ പ്രതിനിധി

  നിയമസഭയിലും മന്ത്രിസഭയിലും പുതുമുഖമായ ഗണേശന്‍ എ.കെ. ആന്റണി നയിക്കുന്ന മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. 1966 മെയ് 25ന് കൊട്ടാരക്കരയില്‍ ജനിച്ച ഗണേശന് 35ാം പിറന്നാള്‍ സമ്മാനമായി ലഭിച്ചതാണ് മന്ത്രിപദമെന്നും പറയാം. കൊട്ടാരക്കര ടൗണ്‍ സ്കൂളിലും തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളിലുമായാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബികോമിന് പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗണേശന്‍ സിനിമയിലേക്ക് തിരിച്ചു.

  വെള്ളിത്തിരയില്‍ രാഷ്ട്രീയം കളിച്ചു നടക്കുന്ന എത്രയോ കഥാപാത്രങ്ങള്‍ക്ക് ഗണേശന്‍ ജീവനേകിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലെ മന്ത്രിസ്ഥാനം ഏറ്റെടത്തപ്പോള്‍ ഗണേശന്റെ ചുമതില്‍ വലിയൊരു ഉത്തരവാദിത്തമാണ് ജനങ്ങള്‍ ഏല്പിച്ചിരിക്കുന്നത്. സിനിമയില്‍കൂടി പ്രേക്ഷകര്‍ക്ക് പരിചിതമായ കറുത്ത മുഖമുള്ള മന്ത്രിയാവില്ല താന്‍ എന്ന് തെളിയിക്കേണ്ടത് ഗണേശനാണ്. ചെറുപ്പം മുതലേ രാഷ്ട്രീയം കണ്ടു വളര്‍ന്ന ഈ മുപ്പത്തഞ്ചുകാരനില്‍ നിന്ന് ചെറുപ്പത്തിന്റെ ആവേശമാണ് ജനങ്ങള്‍ ന്യായമായും പ്രതീക്ഷിക്കുന്നത്. കേരളത്തിലെ യുവാക്കളുടെ പ്രതിനിധിയായ ഗണേശന് അവര്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് കരുതാം.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X