അസിന്‍ തമിഴിന്റെ പ്രിയതാരം
അസിന്‍ തമിഴിന്റെ പ്രിയതാരം
കൊച്ചിക്കാരി അസിന്‍ ഇപ്പോള്‍ തമിഴിന്റെ പ്രിയതാരമാണ്. തമിഴിലെ യുവസൂപ്പര്‍താരങ്ങളുടെ പ്രിയനായികയായി വിലസുന്ന അസിന്‍ അവിടെ മുന്‍നിരനടിമാരുടെ കൂട്ടത്തില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മീരാ ജാസ്മിനും നയന്‍താരക്കും ശേഷം തമിഴില്‍ മുന്‍നിരനടിയായി പേരെടുക്കുന്ന മലയാളിതാരമാണ് അസിന്‍.
അരഡസനോളം തമിഴ് ചിത്രങ്ങള്‍ക്ക് അസിന്‍ ഡേറ്റ് നല്‍കിക്കഴിഞ്ഞു. വിക്രം, സൂര്യ, വിജയ്, അജിത്ത് എന്നീ സൂപ്പര്‍താരങ്ങളുടെ ചിത്രത്തിലാണ് അസിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മുതിര്‍ന്ന നടന്‍മാരായ ശരത്കുമാറിന്റെയും രജനീകാന്തിന്റെയും നായികയായി നയന്‍താര തമിഴില്‍ ഉയരങ്ങളിലെത്തിയപ്പോള്‍ യുവസൂപ്പര്‍താരങ്ങളുടെ നായികയായി തമിഴിന്റെ പ്രിയം പിടിച്ചുപറ്റുകയാണ് അസിന്‍. തമിഴിലെ യുവതാരങ്ങള്‍ തങ്ങളുടെ നായികയായി അസിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്നാണ് ഈ നടിക്ക് വന്നുചേരുന്ന ഓഫറുകള്‍ വ്യക്തമാക്കുന്നത്. തെലുങ്കില്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി പേരെടുത്തതിനു ശേഷം തമിഴിലെത്തിയ അസിന് അവിടെയും ഭാഗ്യം തെളിഞ്ഞുനില്‍ക്കുകയാണ്.
വിക്രത്തിനൊപ്പം മജ എന്ന ചിത്രത്തിലാണ് അസിന്‍ അഭിനയിക്കുന്നത്. അന്യനു ശേഷം വിക്രം അഭിനയിക്കുന്ന ഈ ചിത്രം തൊമ്മനും മക്കളും എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ്. ജൂണ്‍ അവസാനത്തോടെ മജയുടെ ചിത്രീകരണം ആരംഭിക്കും.
സൂര്യയുടെ നായികയായ അസിന്‍ വേഷമിടുന്ന ചിത്രമാണ് ഗജിനി. വിജയ്യോടൊപ്പം ശിവകാശി എന്ന ചിത്രത്തിലാണ് അസിന്‍ അഭിനയിക്കുന്നത്. അജിത്ത് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോഡ്ഫാദറില്‍ നാകിയമാരിലൊളായി അസിന്‍ പ്രത്യക്ഷപ്പെടുന്നു.
മി. കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് അസിന് തമിഴില്‍ ഭാഗ്യം തെളിഞ്ഞത്. ജയം രവിയുടെ നായികയായി അസിന്‍ അഭിനയിച്ച ഈ ചിത്രത്തിന്റെ വന്‍വിജയം നിരവധി ഓഫറുകളാണ് ഈ നടിക്ക് എത്തിച്ചുകൊടുത്തത്.
തമിഴില്‍ തുടരെ ഹിറ്റുകള്‍ തീര്‍ക്കുന്ന യുവസൂപ്പര്‍താരങ്ങളായ വിക്രമിന്റെയും സൂര്യയുടെയും വിജയ്യുടെയും നായികയായി അഭിനയിക്കുന്ന ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതോടെ തന്റെ താരമൂല്യം കുത്തനെയുയരുമെന്ന പ്രതീക്ഷയിലാണ് ഈ നടി. ഈ ചിത്രങ്ങള്‍ ഹിറ്റായാല്‍ അസിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. തൃഷക്കു ശേഷം യുവസൂപ്പര്‍താരങ്ങളുടെ നായികയായി പേരെടുത്ത് ഏറെ കാലം തമിഴില്‍ വിലസാമെന്ന കണക്കുക്കൂട്ടലിലാണ് ഈ നടി.
പണമുണ്ടാക്കാനല്ല താന്‍ സിനിമയിലെത്തിയതെന്നാണ് കൊച്ചിയിലെ ഒരു ബിസിനസ് കുടുംബത്തിലെ അംഗമായ അസിന്‍ നല്‍കുന്ന സത്യവാങ്മൂലം. അഭിനയം തനിക്കൊരു വിനോദമാണെന്നും അത് ആസ്വദിക്കാവുന്ന കാലത്തോളം താന്‍ ഈ രംഗത്ത് തുടരുമെന്നും അസിന്‍ പറയുന്നു. സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അല്പസ്വല്പം ഗ്ലാമര്‍പ്രദര്‍ശനത്തിനും ഈ നടിക്ക് വൈമുഖ്യമില്ല.


Click it and Unblock the Notifications