twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാഴ്ചയൊരുക്കാന്‍ പത്മപ്രിയ

    By Staff
    |

    കാഴ്ചയൊരുക്കാന്‍ പത്മപ്രിയ

    മലയാളത്തിന് ഒരു അന്യഭാഷാ നായിക കൂടി. പ്രശസ്ത മോഡലായ പത്മപ്രിയ എന്ന തെലുങ്ക് സുന്ദരി മമ്മൂട്ടി നായകനാവുന്ന കാഴ്ചയില്‍ ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

    മധവന്‍ എന്ന കുട്ടനാട്ടുകാരനായി മമ്മൂട്ടി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പത്മപ്രിയക്ക് മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ്. ആറുവയസുകാരിയുടെ അമ്മയാണ് ഈ ചിത്രത്തില്‍ പത്മപ്രിയ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം. മോഡലുകള്‍ സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യം കാണിക്കുമ്പോള്‍ മോഡലിംഗിലൂടെ ഏറെ പ്രശസ്തയായ പത്മപ്രിയ മുതിര്‍ന്ന ഒരു കുടുംബിനിയുടെ വേഷം ചെയ്താണ് മലയാളത്തില്‍ തുടക്കമിടുന്നതെന്ന് ശ്രദ്ധേയം.

    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ പത്മപ്രിയയായിരുന്നു നായിക. ഫെയര്‍ ആന്റ് ലവ്ലി, സര്‍ഫ് എക്സല്‍ തുടങ്ങിയ പ്രമുഖ ബ്രാന്റുകള്‍ക്ക് വേണ്ടി മോഡലിംഗ് ചെയ്തിട്ടുള്ള പത്മപ്രിയ മോഡലെന്ന നിലയില്‍ ഏറെ പ്രശസ്തയാണ്. എംബിഎ ബിരുദധാരിണിയായ പത്മപ്രിയ 2001ലെ മിസ് ആന്ധ്രാപ്രദേശായിരുന്നു.

    നേരത്തെ ഹിന്ദിയില്‍ നിന്നും പത്മയെ തേടി അവസരങ്ങളെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും അച്ഛനും മകനുമായി അഭിനയിക്കുന്ന വൊക്കഡു എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ പത്മപ്രിയക്ക് ക്ഷണം ലഭിച്ചതാണ്. എന്നാല്‍ രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ പ്രോജക്ട് പിന്നീട് ഉപേക്ഷിച്ചു.

    എംബിഎ(ഫിനാന്‍സ്) ബിരുദധാരിണിയായ പത്മപ്രിയ ബാംഗ്ലൂരിലെ ജിഇ കാപ്പിറ്റലില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റായി ജോലി ചെയ്യുകയാണ് ഇപ്പോള്‍. മോഡലിംഗും സൗന്ദര്യ മത്സരവും സിനിമാഭിനയവും ജോലിയുമെല്ലാം ഒന്നിച്ചു കൊണ്ടുപോവുന്ന പത്മപ്രിയ പ്രാമുഖ്യം കൊടുക്കുന്നത് മറ്റെന്തിനേക്കാളും ജോലിക്കാണ്. മിസ് ഇന്ത്യ മത്സരത്തിലേക്ക് സൗത്ത് സോണില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്മപ്രിയ കമ്പനിയിലെ അത്യാവശ്യങ്ങള്‍ കാരണം മത്സരത്തില്‍ പങ്കെടുക്കുന്നത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.

    മോഡലിംഗ് രംഗത്തു നിന്ന് സിനിമയിലെത്തുന്ന പത്മപ്രിയ മറ്റു നടിമാരില്‍ നിന്നും ഏറെ വ്യത്യസ്തയാണെന്ന് ഇതില്‍ നിന്ന് വ്യക്തം. മമ്മൂട്ടിയുടെ നായികയായി കുടുംബിനിയായി അഭിനയിച്ചുകൊണ്ടുള്ള പത്മപ്രിയയുടെ മലയാള സിനിമയിലെ തുടക്കവും വ്യത്യസ്തമാവുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X