വീണ്ടും മണിമുഴക്കം
വീണ്ടും മണിമുഴക്കം
മികച്ച അഭിനയത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിക്കൊടുത്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങളിലൂടെ മലയാളത്തില്‍ തനിക്കു മാത്രമായ ഒരു സ്ഥാനം സൃഷ്ടിച്ചെടുത്ത നടനാണ് കലാഭവന്‍ മണി.
താരങ്ങളുടെ ഏത് നിരയിലാണ് മണിയുടെ സ്ഥാനമെന്ന് ചോദിച്ചാല്‍ മണി പോലും ഒന്ന് കുഴങ്ങും. സാധാരണ കോമഡി വേഷങ്ങള്‍ മുതല്‍ വലിയ അഭിനയശേഷി ആവശ്യപ്പെടുന്ന അന്ധന്റെയും ഭ്രാന്തന്റെയും വേഷങ്ങളിലും ആക്ഷന്‍ഹീറോയുടെ വേഷത്തിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള മണിയെ താരനിരയില്‍ എവിടെ പ്രതിഷ്ഠിക്കും? അതുകൊണ്ടാണ് മലയാളത്തില്‍ മണിക്കു മണിയുടേതു മാത്രമായ സ്ഥാനമാണുള്ളതെന്ന് പറയുന്നത്.
ആക്ഷന്‍ ഹീറോയുടെ വേഷം അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കി മാറ്റാന്‍ മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കേ ഇന്നുവരെ കഴിഞ്ഞിട്ടുള്ളൂ. അവിടെയും മണി അപവാദമായി. സൂപ്പര്‍താരങ്ങള്‍ക്കു മാത്രം കഴിയുന്നതും അവകാശപ്പെട്ടതുമാണ് അതെന്ന മാമൂല്‍ ബെന്‍ ജോണ്‍സണ്‍ എന്ന ചിത്രത്തിലൂടെ മണി തകര്‍ത്തു. ആ ചിത്രത്തിലൂടെ മണി മലയാളത്തിലേക്ക് ഒരു തിരിച്ചുവരവും നടത്തി.
കോമഡി വേഷങ്ങളില്‍ തുടങ്ങി ഒരു പിടി ചിത്രങ്ങളിലെ നായകവേഷങ്ങളിലേക്ക് വളര്‍ന്ന മണി അന്യഭാഷകളിലേക്ക് കടന്നതോടെ മലയാളത്തില്‍ വന്നുപോകുന്ന അതിഥി മാത്രമായി കഴിഞ്ഞിരുന്നു. വിക്രം നായകനായ ജെമിനി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മണി തമിഴിന്റെ പ്രിയങ്കരനായ വില്ലനായി. ഒപ്പം തെലുങ്കിലും കന്നഡത്തിലും മണിക്ക് തിരക്കേറി. അന്യഭാഷയിലെ തിരക്കിനിടയില്‍ മണിയെ മലയാളത്തില്‍ കാണുന്നത് വല്ലപ്പോഴും മാത്രമായി.
അന്യഭാഷകളിലെ തിരക്കിനിടിയല്‍ കാഴ്ച പോലുള്ള ചിത്രങ്ങളിലെ വേഷങ്ങള്‍ മണിക്ക് ഒഴിവാക്കേണ്ടി വന്നു. നായകനായി അഭിനയിച്ച വാല്‍ക്കണ്ണാടി, മത്സരം തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ സൂപ്പര്‍താര ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമായാണ് മണി മലയാളത്തിലെത്തിയത്. നായകവേഷങ്ങള്‍ ഒഴിവാക്കി മണി അന്യഭാഷകളില്‍ കൂടുതല്‍ ശ്രദ്ധിച്ചു.
എന്നാല്‍ ബെന്‍ ജോണ്‍സണ്‍ വന്‍വിജയമായതോടെ മണി മലയാളത്തിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നായകവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ക്കു വീണ്ടും മണി ഡേറ്റ് നല്‍കിത്തുടങ്ങി. മണി നായകനായ ഏതാനും ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. എല്ലാ ചിത്രങ്ങളിലും മണിക്ക് ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളാണ്.
മണി നായകനാവുന്ന ലോകനാഥന്‍ ഐഎഎസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. അനില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മണി ആദ്യമായി ഐഎഎസ് ഓഫീസറുടെ വേഷമണിയുന്നു. അന്ധനായും മന്ദബുദ്ധിയായും ഭ്രാന്തനായും പട്ടിപിടുത്തക്കാരനായും വൈവിധ്യമേറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള മണി ഐഎഎസ് ഓഫീസറായെത്തുന്നത് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചയായിരിക്കും.
ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്ത് സ്വപ്രയത്നത്തിലൂടെ ഐഎഎസ് ഓഫീസറാവുന്ന ലോകനാഥന്‍ എന്ന കഥാപാത്രം മണിയുടെ തകര്‍പ്പന്‍ പ്രകടനത്തിനുള്ള എല്ലാ സാധ്യതകളോടെയുമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടോ കളക്ടര്‍ എന്ന് സഹപ്രവര്‍ത്തകര്‍ കളിയാക്കി വിളിക്കുന്ന ലോകനാഥന്‍ ഐഎഎസ് എന്ന കഥാപാത്രം മണിയുടെ അഭിനയജീവിതത്തിലെ മറ്റൊരു വ്യത്യസ്തതയായിരിക്കും.
അക്ബര്‍ ജോസ് സംവിധാനം ചെയ്യുന്ന ആണ്ടവന്‍ ആണ് മണി നായകനാവുന്ന മറ്റൊരു ചിത്രം. കള്ളന്‍ വേഷത്തിലാണ് ചിത്രത്തില്‍ മണി പ്രത്യക്ഷപ്പെടുന്നത്. ഒരു വീടിന്റെ തട്ടിന്‍പുറത്ത് ഒളിച്ചുകഴിയുന്നതിനിടയില്‍ ആ വീട്ടിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്ന കള്ളന്റെ കഥയാണ് ആണ്ടവന്‍ പറയുന്നത്.
മണിയുടെ അടുത്തുതന്നെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം കെ.കെ.ഹരിദാസിന്റെ മാണിക്യന്‍ ആണ്. നന്ദിനി നായികയാവുന്ന ഈ ചിത്രത്തില്‍ മണി ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മണിയുടെ അഭിനയശേഷി ചൂഷണം ചെയ്യുന്ന മറ്റൊരു കഥാപാത്രമാണ് സന്തോഷ്ശിവന്റെ അനന്തഭദ്രത്തില്‍ മണിക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കല്‍ക്കൂടി മണി അന്ധനായി വേഷമിടുകയാണ് ഈ ചിത്രത്തില്‍. അനന്തഭദ്രത്തിലെ ചെമ്പന്‍ മണിയുടെ അഭിനയകമികവിന്റെ മറ്റൊരു സാക്ഷ്യമായിരിക്കും.
മലയാളത്തില്‍ തനിക്കു മാത്രമായ ഇടത്തിലേക്ക് മണി തിരിച്ചെത്തുകയാണ്. അതെ, വീണ്ടും മലയാളത്തില്‍ മണി മുഴങ്ങുന്നു.


Click it and Unblock the Notifications