twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യത്യസ്ത വേഷങ്ങളില്‍ കാവ്യ

    By Staff
    |

    വ്യത്യസ്ത വേഷങ്ങളില്‍ കാവ്യ

    ഏതാനും വര്‍ഷങ്ങളായി മലയാളത്തിലെ നടിമാരില്‍ മുന്‍നിരയിലാണ് കാവ്യാ മാധവന്‍. ഒട്ടേറെ ചിത്രങ്ങളില്‍ നായികയായെങ്കിലും കാവ്യക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഏറെയാന്നും ലഭിച്ചിട്ടില്ല.

    മീരാ ജാസ്മിന്‍, നവ്യാ നായര്‍ എന്നിവര്‍ അഭിനയപ്രധാനമായ വേഷങ്ങളുടെ മികവില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയപ്പോള്‍ കാവ്യക്ക് ഇതുവരെ അവാര്‍ഡൊന്നും ലഭിക്കാതെ പോയത് വ്യത്യസ്ത വേഷങ്ങള്‍ ലഭിക്കാത്തതുകൊണ്ടുതന്നെ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിഴി രണ്ടിലും എന്ന ചിത്രം മാത്രമാണ് ഇതുവരെ കാവ്യയുടെ അഭിനയശേഷി മാറ്റുരച്ചു നോക്കാന്‍ അവസരം നല്‍കിയ കഥാപാത്രം.

    ഏതായാലും വ്യത്യസ്തമായ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന കാവ്യയുടെ പരാതിക്ക് അറുതിയാവുകയാണ്. ഈ വര്‍ഷം അഭിനയപ്രാധാന്യമുള്ള ഒരു പിടി വേഷങ്ങളാണ് കാവ്യയെ തേടിയെത്തിയിരിക്കുന്നത്. പെരുമഴക്കാലം, അത് മന്ദാരപ്പൂവല്ല, അന്നൊരിക്കല്‍, ആനപ്പാപ്പാത്തി, അനന്തഭദ്രം എന്നീ ചിത്രങ്ങളില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് കാവ്യ അവതരിപ്പിക്കുന്നത്. കാവ്യയുടെ അഭിനയജീവിതത്തില്‍ ഇത്രയും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ലഭിക്കുന്നത് ആദ്യം.

    കമലിന്റെ പെരുമഴക്കാലം എന്ന ചിത്രത്തിലെ ഗംഗ എന്ന ബ്രാഹ്മണസ്ത്രീ കാവ്യക്ക് ലഭിച്ചിരിക്കുന്ന അതിശക്തമായ കഥാപാത്രമാണ്. ജീവിതം കരകയറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുന്ന ഒരു സ്ത്രീയുടെ നിലനില്പിന്റെ പ്രശ്നങ്ങളെയാണ് കാവ്യയ്ക്ക് ഈ ചിത്രത്തില്‍ അഭിനയിച്ചുപ്രതിഫലിക്കേണ്ടത്. സ്ത്രീകഥാപാത്രപ്രധാനമായ ഈ ചിത്രം കാവ്യക്ക് ഒരു മികച്ച വേഷമാണ് സമ്മാനിച്ചിരിക്കുന്നത്.

    ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന അന്നൊരിക്കല്‍ എന്ന ചിത്രത്തില്‍ പൊന്നി എന്ന ആദിവാസി പെണ്‍കുട്ടിയായാണ് കാവ്യ അഭിനയിക്കുന്നത്. ഈ ചിത്രവും സ്ത്രീകഥാപാത്ര കേന്ദ്രിതമായ കഥയാണ് പറയുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ കൂസലില്ലാതെ നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. ഗ്രാമപശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിലുടനീളം കാവ്യ നിറഞ്ഞുനില്‍ക്കുന്നു.

    ശരത്ചന്ദ്രന്‍ വയനാടിന്റെ അടുത്ത ചിത്രത്തിലും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. ആനപ്പാപ്പാത്തി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ കാവ്യ ടൈറ്റില്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. പുരുഷന്‍മാരെ പോലെ ആനയെ മെരുക്കുന്ന തങ്കമണി എന്ന പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ കാവ്യ അഭിനയിക്കുന്നത്. അഭിനയശേഷി വിനിയോഗിക്കാന്‍ നിറഞ്ഞ അവസരങ്ങള്‍ നല്‍കുന്ന കഥാപാത്രം.

    പ്രിയനന്ദനന്‍ ഒരുക്കുന്ന അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിലും ഒരു ഗ്രാമീണ പെണ്‍കൊടിയായാണ് കാവ്യ അഭിനയിക്കുന്നത്. എം. ടി. വാസുദേവന്‍ നായരുടെ കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ ദേവകി എന്ന വൃദ്ധയുടെ യൗവനമാണ് കാവ്യക്ക് അവതരിപ്പിക്കേണ്ടത്.

    കലാസംവിധായകനായ സാബു സിറിള്‍ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന അനന്തഭദ്രം എന്ന ചിത്രത്തില്‍ സര്‍പ്പസൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയായാണ് കാവ്യ പ്രത്യക്ഷപ്പെടുന്നത്. കാവ്യയുടെ മറ്റൊരു വ്യത്യസ്ത കഥാപാത്രം.

    മറ്റ് മുന്‍നിര നടിമാര്‍ തിളങ്ങിനില്‍ക്കുമ്പോഴും, അന്യഭാഷകളില്‍ നിന്നും നടിമാര്‍ മലയാളത്തിലെത്തുമ്പോഴും കാവ്യ തിരക്കില്‍ തന്നെയാണ്. അഭിനയജീവിതത്തിന്റെ പുതിയ പടവുകള്‍ കയറാന്‍ സഹായിക്കുന്ന കഥാപാത്രങ്ങള്‍ ഇപ്പോള്‍ ഈ നടിയെ തേടിയെത്തുകയും ചെയ്തിരിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X