twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധു സപ്തതിയുടെ നിറവില്‍.....

    By Staff
    |

    മധു സപ്തതിയുടെ നിറവില്‍.....

    നാല് ദശകകാലം സിനിമാ ലോകത്ത് പല തലമുറകള്‍ക്കൊപ്പം നിറഞ്ഞുനിന്ന നടന്‍ മധുവിന് സപ്തംബര്‍ 23 ചൊവാഴ്ച 70 വയസ് തികയുന്നു.

    ആഘോഷങ്ങളോ ഉത്സവാന്തരീക്ഷമോ ഇല്ലാതെയാണ് മധുവിന്റെ സപ്തതി കടന്നുപോവുന്നത്. മധു ബഹ്റിലിനായതിനാല്‍ ചൊവാഴ്ച പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല. 70 വയസ് തികയുന്ന മുഹൂര്‍ത്തം ആഘോഷിക്കാന്‍ പ്രേംനസീറിനൊപ്പം ഒന്നാംനിര താരമായി ശോഭിച്ചിട്ടും എന്നുമൊരു സാധാരണ മനുഷ്യന്റെ നൈര്‍മല്യലും ലാളിത്യവും സൂക്ഷിച്ചിരുന്ന മധുവിന് താത്പര്യവുമില്ല.

    ആദ്യചിത്രം പുറത്തുവന്നിട്ട് 40 വര്‍ഷം തികയുന്ന വേളയിലാണ് മധുവിന്റെ സപ്തതി വന്നെത്തുന്നത്. 1963ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആണ് ആദ്യമായി പുറത്തിറങ്ങിയ മധുചിത്രം. അഭിനയിച്ച ആദ്യചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു.

    സ്കൂള്‍ ഒഫ് ഡ്രാമയില്‍ അഭിനയം പഠിച്ചതിന് ശേഷമാണ് മധു സിനിമയിലെത്തുന്നത്. അഭിനയത്തോടുള്ള താത്പര്യം മൂലം അധ്യാപക ജോലി ഉപേക്ഷിച്ചാണ് മധു സ്കൂള്‍ ഒഫ് ഡ്രാമയിലെത്തുന്നത്. നല്ല തുടക്കത്തോടെ തന്നെ സിനിമയില്‍ അരങ്ങേറാന്‍ കഴിഞ്ഞ മധുവിന്റെ യഥാര്‍ഥപേര് മാധവന്‍ നായരെന്നാണ്. ചലച്ചിത്ര താരത്തിന് ചേര്‍ന്ന പേര് അദ്ദേഹത്തിന് നല്‍കിയത് തിക്കുറിശി സുകുമാരന്‍നായരായിരുന്നു.

    അഭിനയത്തിന്റെ മാറ്റുരയ്ക്കാന്‍ മികച്ച വേഷങ്ങള്‍ വേറെയുണ്ടാവാമെങ്കിലും മധുവിന്റെ ഏറ്റവുമേറെ ഓര്‍മിക്കപ്പെടുന്ന കഥാപാത്രം ചെമ്മീനിലെ പരീക്കുട്ടി തന്നെ. തകഴിയുടെ നോവലിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ച പരീക്കുട്ടിയെന്ന ദുരന്തപരിവേഷമുള്ള കാമുകനെ സ്ക്രീനില്‍ മധു അവിസ്മരണീയമാക്കി. കറുത്തമ്മാ.. ഞാനീ കെടാപ്പുറത്ത് പാടിപ്പാടി മരിയ്ക്കും... എന്ന സിനിമയിലെ മധുവിന്റെ സംഭാഷണം പ്രേക്ഷകഹൃദയത്തില്‍ കാലത്തെ അതിജീവിച്ച് സ്ഥാനം പിടിച്ചു.

    പ്രേംനസീറും സത്യനും താരപ്രഭ ചിന്നുന്ന കാലത്താണ് വലിയ ആകാരവുമായി മധുവെന്ന നടന്‍ സിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറുന്നത്. നസീറിനൊപ്പം നായകന്‍മാരിലൊരാളായി മധു പ്രത്യക്ഷപ്പെട്ട സിനിമകള്‍ ഒട്ടേറെ. പിന്നീട് സുകുമാരന്‍-സോമന്‍, മമ്മൂട്ടി-മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ തലമുറകളോടൊപ്പം വിവിധ വേഷങ്ങളില്‍ മധു അഭിനയിച്ചു.

    നീണ്ട അഭിനയജീവിതത്തില്‍ മലയാളത്തിന്റെ അതിരുകള്‍ കടക്കാനും മധുവിന് കഴിഞ്ഞു. കെ. എ. അബാസിന്റെ സാഥ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പം അഭിയയിക്കാനുള്ള അവസരം മധുവിനുണ്ടായി.

    അഭിനയരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല മധുവിന്റെ പ്രതിഭ. സിനിമയുടെ മിക്കവാറും എല്ലാ മേഖലകളിലും മധു കൈവച്ചിട്ടുണ്ട്. സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍, സ്റുഡിയോ ഉടമ എന്നീ റോളുകളിലും അദ്ദേഹം സിനിമാലോകത്ത് പ്രത്യക്ഷപ്പെട്ടു. 1995ല്‍ മധു നിര്‍മിച്ച മിനി എന്ന ചിത്രം ദേശീയാംഗീകാരം നേടി.

    സപ്തതി തികയുമ്പോഴും പ്രായം കടന്നുപോവുന്നതിന്റെ പരാധീനതകള്‍ അലട്ടാതെ സിനിമയോടുള്ള അദമ്യമായ സ്നേഹം മധു ഇപ്പോഴും സൂക്ഷിക്കുന്നു. ചലച്ചിത്ര മേളകളില്‍ പുതിയ സിനിമയുടെ മുഖം പരിചയിച്ച് തന്റെ ചലച്ചിത്ര സമീപനത്തെ നവീകരിക്കുന്നു. അഭിനയരംഗത്ത് സജീവമല്ലെങ്കിലും സിനിമാ വേദികളില്‍ സിനിമയുടെ സുഹൃത്തായി മധു സജീവമായിതന്നെയുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X