For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അയലത്തെ പയ്യന്റെ വിജയകഥ

  By Staff
  |

  അയലത്തെ പയ്യന്റെ വിജയകഥ


  ഏറെ കാലത്തിന് ശേഷം മലയാള സിനിമ ഒരു താരത്തിന് ചുറ്റും വലംവെക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രതിസന്ധിയില്‍ മുങ്ങിത്തപ്പിയിരുന്ന മലയാള സിനിമയുടെ ഭ്രമണപഥം ഒരു നടന് ചുറ്റുമാവുന്നതോടെ ഒരു സൂപ്പര്‍താരത്തിന്റെ അനിഷേധ്യമായ ഉദയം സംഭവിച്ചുകഴിഞ്ഞു.

  100-ാം ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ മിക്ക പട്ടണങ്ങളിലെയും തിയേറ്ററുകളെ നിറച്ചോടുന്ന മീശമാധവന്‍ പ്രതിസന്ധിയിലും സിനിമ വിജയിപ്പിക്കേണ്ടതെങ്ങനെയെന്ന തലപുകയ്ക്കുന്ന സമസ്യയ്ക്ക് ഉത്തരം കണ്ടെത്താന്‍ ഒരു പുതിയ സൂത്രവാക്യം ചമച്ചതോടൊപ്പം മലയാള സിനിമയിലെ ഇനീഷ്യല്‍ പുള്‍ നല്‍കാന്‍ കഴിവുള്ള ഒരു നടന് സൂപ്പര്‍താര പട്ടം നല്‍കുന്നതിനെ കുറിച്ചുള്ള ഒരു ആലോചനയ്ക്ക് തുടക്കമിട്ടു. കുഞ്ഞിക്കൂനന്റെ വിജയം അയലത്തെ കുട്ടി പരിവേഷമുള്ള ദിലീപിനെ സൂപ്പര്‍താര സിംഹാസനത്തില്‍ പിടിച്ചിരുത്താന്‍ ഇനി അമ്മാന്തം വേണ്ട എന്ന് അടിവരയിട്ട് പ്രസ്താവിച്ചിരിക്കുന്നു.

  സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കുന്ന പ്രേക്ഷകര്‍ തിയേറ്ററിന് മുന്നിലെ ക്യൂ താണ്ടാന്‍ എത്ര വിയര്‍പ്പും ഒഴുക്കാന്‍ തയ്യാറായതോടെ ഒരു സൂപ്പര്‍താരം ജനിച്ചുവെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് മാധ്യമങ്ങളാണ്. 75 ലക്ഷം രൂപ എന്ന ഫിക്സഡ് പ്രൈസില്‍ നില്‍ക്കുന്ന നടനെയും 15 ലക്ഷം രൂപ അഭിനയത്തുകയായി വാങ്ങുന്ന നടനെയും ഒരു പോലെ സൂപ്പര്‍താരമെന്നും 50 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന താരത്തെ മെഗാതാരമാക്കുകയും ചെയ്യുന്ന ചില മാധ്യമങ്ങളുടെ വിചിത്രമായ താരനിര്‍ണയത്തിന്റെ കളങ്ങളില്‍ ദിലീപ് എവിടെ നില്‍ക്കുമെന്നേ ഇനി അറിയാനുള്ളൂ.

  മീശ മാധവന്റെ അപ്രതീക്ഷിതമായ ചരിത്രജയത്തിന് ശേഷം കുഞ്ഞിക്കൂനന്റെ പരാജയം ഉറപ്പെന്ന് നിശ്ചയിച്ചവരുണ്ടായിരുന്നു. അതിന് ചില കാരണങ്ങളുമുണ്ടായിരുന്നു. ഹിറ്റുകളാന്നും തീര്‍ക്കാത്തവര്‍ എന്നു മാത്രമല്ല സാമാന്യം ബോറനായ ചില ചിത്രങ്ങള്‍ ഉണ്ടാക്കിയ ഒരു സംവിധായകനും അതുപോലെ തന്നെ ആളുകളെ നിര്‍ത്തി ഉറക്കുന്ന ചില തിരക്കഥകള്‍ രചിക്കുകയും ചെയ്ത തിരക്കഥാകൃത്തുമായിരുന്നു ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പക്ഷേ കുഞ്ഞിക്കൂനന്‍ രക്ഷപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ വെന്നിക്കൊടി പാറിച്ചുനടക്കുന്ന സിനിമാ രംഗത്ത് ദിലീപുണ്ടെങ്കില്‍ സിനിമ രക്ഷപ്പെടുമെന്ന ധാരണയും പരന്നുകഴിഞ്ഞു. അതോടെ നിര്‍മാതാക്കള്‍ ദിലീപിന്റെ ഡേറ്റിന് വേണ്ടി നെട്ടോട്ടം ഓടാന്‍ തുടങ്ങി.

  16 ചിത്രങ്ങളില്‍ അഭിനയിക്കാമെന്ന് ദിലീപ് വാക്ക് കൊടുത്തുകഴിഞ്ഞു. അതായത് 2004 പകുതി വരെ ഇനി ഒരു നിര്‍മാതാവിനും ദിലീപിന്റെ ഡേറ്റ് കിട്ടില്ല. പ്രതിഫലവും വല്ലാതങ്ങ് കൂടിയിട്ടുണ്ട്. 25 ലക്ഷത്തിലെത്തി നില്‍ക്കുന്ന പ്രതിഫലമൂല്യം ഇനിയും മുകളിലേക്ക് പോയേക്കാമെന്നാണ് പറയപ്പെടുന്നത്. ഒരു വര്‍ഷം മുമ്പുവരെ 16 ലക്ഷമായിരുന്നു ദിലീപിന്റെ പ്രതിഫലം.

  25 ലക്ഷത്തിന് മുകളിലും കൊടുക്കാന്‍ ചില നിര്‍മാതാക്കള്‍ തയ്യാറാണത്രെ. വാണം പോലെ ഉയരുന്ന ഈ താരമൂല്യം മുന്നില്‍ നില്‍ക്കുന്ന രണ്ട് സൂപ്പര്‍താരങ്ങളെയും മറികടന്ന് കുതിക്കുമെന്ന് പോലും പ്രവചിക്കുന്നവരുണ്ട്. മോഹന്‍ലാലിന് വേണ്ടി എഴുതിയ സ്വര്‍ണം ഭദ്രന്‍ ദിലീപ് ചിത്രമായി മാറ്റിയെഴുതുന്നു എന്ന് കൂടി കേള്‍ക്കുമ്പോള്‍ ഈ പ്രവചനത്തില്‍ അതിഭാവുകത്വമൊന്നുമില്ലെന്നും പറയാം.

  ഇത് അയലത്തെ പയ്യന്റെ വിജയകഥ. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ പോലെ ആധികാരികമായ ഒരു തുടക്കം പോലും അവകാശപ്പെടാനില്ലാത്ത ഒരു യുവാവിന്റെ കഠിനാധ്വാനത്തിന്റെ വിളവെടുപ്പ്. ആദ്യചിത്രമായ എന്നോടിഷ്ടം കൂടാമോയില്‍ ഇങ്ങനെയൊരു നടന്‍ അഭിനയിച്ചിരുന്നു എന്ന് ഓര്‍ക്കുന്ന പ്രേക്ഷകര്‍ തന്നെയുണ്ടാവില്ല. പക്ഷേ ഇന്ന് ആ നടന്‍ മലയാള സിനിമയിലെ ഏറ്റവും വിളവ് നല്‍കുന്ന നടനായിരിക്കുന്നു.

  ഇനി ദിലീപിന്റെ ദിനങ്ങളാണ്. സൂപ്പര്‍താര സിംഹാസത്തിലെ ദിനങ്ങള്‍. വിജയത്തിന്റെ ഉച്ചയില്‍ നില്‍ക്കുമ്പോള്‍ ആ ദിനങ്ങള്‍ തന്റേതെന്നു തന്നെ തീര്‍പ്പാക്കേണ്ടത് ദിലീപാണ്. വലിയൊരു അഭിനേതാവായി വളരാന്‍ തനിക്കാവുമോയെന്ന് ദിലീപ് പരീക്ഷിക്കുക കൂടി ചെയ്യേണ്ട ദിനങ്ങള്‍.

  മമ്മൂട്ടിയും മോഹന്‍ലാലും വെറും താരങ്ങള്‍ മാത്രമല്ല. അവിസ്മരണീയമായ ഉജ്വല അഭിനയമൂഹൂര്‍ത്തങ്ങള്‍ അവേശഷിപ്പിക്കുന്ന നടനവൈഭനത്തിന്റെ വന്‍മരങ്ങളാണ്. സൂപ്പര്‍താരമെന്നതിലുപരി നടനസിദ്ധിയുടെ ഉയരങ്ങള്‍ താണ്ടാനാവുമോയെന്ന് തെളിയിക്കേണ്ടത് ദിലീപിന്റെ ഇനിയുള്ള ദിനങ്ങള്‍ തന്നെ.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more