For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി സംയുക്തയുടെ വീട്ടുകാര്യങ്ങള്‍

  By Staff
  |

  ഇനി സംയുക്തയുടെ വീട്ടുകാര്യങ്ങള്‍

  സിനിമാ ഡേറ്റുകളുടെ ആ ഡയറി സംയുക്തയ്ക്ക് ഇനി ഭൂതകാലത്തിന്റെ ഒരു ശേഷിപ്പ് മാത്രം. അതില്‍ കുറിച്ചിടാനായി ഇനി സംയുക്തയ്ക്ക് ചിത്രങ്ങളുടെ നീളുന്ന പട്ടികയില്ല. ഒരു കുടംബിനിയുടെ വിശേഷങ്ങളിലേക്ക് സംയുക്ത പുതിയ ഡയറിയുടെ ചുവന്ന നാട അഴിക്കുന്നു. അവിടെ സംയുക്താ ബിജു എന്ന പുതിയ പേര് കുറിച്ചിടുന്നു.

  നവമ്പര്‍ 21 വ്യാഴാഴ്ച രോഹിണി നക്ഷത്രത്തില്‍ ബിജു മേനോന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തുന്നതോടെ സംയുക്താ വര്‍മ എന്ന നടിയെ മലയാളത്തിന് പൂര്‍ണമായും നഷ്ടപ്പെടും. ഭാര്യയായും കുടുംബിനിയായും മാധ്യമങ്ങളിലെ ഫീച്ചറുകളോടൊപ്പം വരുന്ന ചിത്രങ്ങളില്‍ ഇനി സംയുക്തയെ കാണാം. സിനിമാ പ്രസിദ്ധീകരണങ്ങളിലും വനിതാ മാസികകകളിലും ഇനി സംയുക്തയുടെ വീട്ടുകാര്യങ്ങള്‍; ബിജു മേനോന്റെയും.

  മഞ്ജു വാര്യര്‍ക്ക് ശേഷം ഒന്നാം നമ്പര്‍ നായികാ പദവിയിലെത്തിയ സംയുക്തയ്ക്ക് പ്രേക്ഷകര്‍ വലിയ അംഗീകാരമാണ് നല്‍കിയത്. അവാര്‍ഡുകളും സംയുക്തയെ തേടിയെത്തി. ആദ്യചിത്രത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ അപൂര്‍വം നടിമാരിലൊരാളാണ് സംയുക്ത. തൊട്ടടുത്ത വര്‍ഷവും സംസ്ഥാനത്തെ മികച്ച നടി സംയുക്തയായിരുന്നു.

  പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പിന്നീട് അവസരങ്ങള്‍ കുറഞ്ഞുപോയ സമപ്രായക്കാരായ പല നായികമാരില്‍ നിന്നും വ്യത്യസ്തയാണ് സംയുക്ത. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആദ്യചിത്രത്തില്‍ തന്നെ ശ്രദ്ധേയയായ സംയുക്തയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങള്‍ സംസ്ഥാന അവാര്‍ഡിനൊപ്പം അഭിനയം വശമുളള നടി എന്ന സല്‍പ്പേര് കൂടി സംയുക്തയ്ക്ക് നേടികൊടുത്തു.

  വിവാഹം ഉറപ്പിച്ചതോടെ സിനിമയ്ക്കുള്ള ഡേറ്റുകളുടെ ഡയറിയില്‍ സംയുക്ത ചില വെട്ടും തിരുത്തും വരുത്തി. കരാര്‍ ചെയ്ത ചില ചിത്രങ്ങളില്‍ നിന്നും സംയുക്തയ്ക്ക് പിന്മാറേണ്ടിവന്നു. മമ്മൂട്ടി നായകനാവുന്ന ക്രോണിക് ബാച്ചിലറിലും വിപിന്‍ മോഹന്റെ പട്ടണത്തെ സുന്ദരനിലും അഭിനയിക്കാനാവാതെ സംയുക്തയ്ക്ക് പിന്‍വാങ്ങല്‍ പ്രഖ്യാപനം നടത്തി.

  നടിമാര്‍ വിവാഹിതരാവുന്നതോടെ അഭിനയ ജീവിതത്തിന് തിരശീലയിടുന്ന പതിവ് തന്നെയാണ് സംയുക്തയുടെ കാര്യത്തിലും ആവര്‍ത്തിക്കുന്നത്. വിവാഹിതയായി സിനിമയോട് വിട പറഞ്ഞെങ്കിലും മാധ്യമങ്ങളിലെ ഫീച്ചറുകളില്‍ മഞ്ജു വാര്യര്‍ നിരന്തരമായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. മഞ്ജുവിന് ശേഷം കുറച്ചുകാലം ഒന്നാം നമ്പര്‍ നായികയായി വിലസിയ സംയുക്തയ്ക്കും അങ്ങനെയൊരു ഭാഗ്യം ലഭിക്കാതിരിക്കില്ല.

  മഞ്ജു വാര്യര്‍ വിവാഹിതയാവുമ്പോള്‍ ദിലീപ് ഒരു സൂപ്പര്‍ താരമായിരുന്നില്ല. പ്രേക്ഷകര്‍ ഇന്നത്തെ പോലെ ദിലീപിനെ ഹൃദയത്തിലേറ്റി ലാളിച്ചുതുടങ്ങിയിരുന്നില്ല. താന്‍ ഇന്ന് ജനങ്ങളുടെ ഇഷ്ടനായകനാണെങ്കില്‍ ഈശ്വരാനുഗ്രഹത്തോടൊപ്പം മഞ്ജു തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെയുണ്ടായ ഐശ്വര്യം കൂടിയാണെന്ന് ദിലീപ് പറയും.

  ബിജു മേനോന്‍ ഇന്ന് ഒരു സൂപ്പര്‍താരമല്ല. ഒന്നാം നിര താരവുമല്ല. ബിജുവിന്റെ ജാതകം ദിലീപിന്റേതു പോലെയാവുമോ? പ്രേക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് സംയുക്താ വര്‍മയെയല്ല. നവംബര്‍ 21ന് സംയുക്തയുടെ ഭര്‍ത്താവാവുന്ന ബിജു മേനോനെയാണ്.

  മലയാള ചലച്ചിത്ര ലോകത്ത് ഇങ്ങനെ ഒരു വിശ്വാസവും ഉണ്ടത്രെ. നടന്മാര്‍ വിവാഹിതരായാലേ ഉന്നതങ്ങളിലെത്തൂ. സുരേഷ് ഗോപിയും ദിലീപുമൊക്കെ ഈ ഭാഗ്യം വന്നവരില്‍ ചിലര്‍ മാത്രമാണത്രെ.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X