സുകുമാരിക്ക് ഇപ്പോഴും പതിനാറ്....
സുകുമാരിക്ക് ഇപ്പോഴും പതിനാറ്....
ഭവാനി ശങ്കര്‍
കുഞ്ചാക്കോ ബോബന് 15 വയസാണെങ്കില്‍ എനിക്ക് പതിനാറാണ്. ഏത് ചെറുപ്പക്കാരെയും പോലെ ചിന്തിക്കാനും ഭാവന കൊള്ളാനും എനിക്കാവും. കുഞ്ചാക്കോ ബോബന്‍ പറയുന്നതിനേക്കാള്‍ വേഗത്തില്‍ ഞാന്‍ ഹലോ പറയാനും എനിക്കുമാവും. പറയുന്നത് മലയാളത്തിലെ കൗമാരക്കാരികളായ പുതുമുഖങ്ങള്‍ നവ്യാ നായരോ നിത്യാദാസോ അല്ല. അറുപത് പിന്നിട്ടുകഴിഞ്ഞ സുകുമാരിയാണ്.
പ്രായത്തെ മറികടക്കുന്ന മനസിന്റെ ഈ യൗവനം തന്നെയാവണം സുകുമാരി എന്ന നടിക്ക് സിനിമാ ചരിത്രത്തില്‍ അപൂര്‍വമായ സ്ഥാനം നേടി കൊടുത്തത്. സിനിമയുടെ ചരിത്രത്തില്‍ സുകുമാരി എന്ന നടി സ്ഥാനം നേടിക്കഴിഞ്ഞു. 2000 ചിത്രങ്ങളില്‍ അഭിനയിച്ചു റിക്കോഡ് സൃഷ്ടിച്ച സുകുമാരി ഇന്നും തന്റെ മേഖലയില്‍ സജീവം... ചെറുപ്പക്കാരായ അഭിനേതാക്കളുടെ ഊര്‍ജ്വസ്വലതയോടെ സിനിമാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന സുകുമാരിയെ കാത്തിരിക്കുന്നത് ഒരു പക്ഷേ ഇനിയും പുതിയ റെക്കോഡുകളുടെ ചരിത്രമാവാം.
രാവണപ്രഭുവില്‍ മോഹന്‍ലാലിനോടും രാക്ഷസരാജാവില്‍ മമ്മൂട്ടിയോടുമൊപ്പം സുകുമാരി ചടുലചലനങ്ങളോടെ നൃത്തമാടുന്നത് പ്രായത്തിന്റെ ആയാസങ്ങള്‍ തനിക്കില്ലെന്നു തെളിയിച്ചുകൊണ്ടാണ്. ഒരു കൗമാരക്കാരിയുടെ ഊര്‍ജ്വസ്വലതയോടെ സുകുമാരി ചുവടുകള്‍ വെക്കുമ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിലെ അനുഭവങ്ങള്‍ കൈമുതലായ ഈ നടിയില്‍ നിന്ന് സിനിമാ ലോകത്തിന് ഇനിയുമേറെ കിട്ടാനുണ്ടെന്ന് വ്യക്തം.
കഴിഞ്ഞ ഒക്ടോബറില്‍ സുകുമാരി ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. 11-ാം വയസില്‍ സിനിമയിലെത്തിയ ഒരു നടിയുടെ അരശതകം നീണ്ട സിനിമാ ജീവിതം തീര്‍ത്തും സംഭവബഹുലം.വഒരിരവ് എന്ന തമിഴ്ചിത്രത്തിലാണ് ബാലനടിയായി സുകുമാരി ആദ്യമായി സിനിമയിലെത്തിയത്. മലയാളത്തിലെ ആദ്യചിത്രം തക്ഷകവീരന്‍ ആണ്. ഇത്രയും വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ വിവിധ ഭാഷകളില്‍ സുകുമാരി അഭിനയിച്ചു. ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം അഭിനയിച്ച സുകുമാരിക്ക് ഹിന്ദി, ബംഗാളി ചിത്രങ്ങളിലും അഭിനയിക്കാന്‍ അവസരം ലഭിച്ചു.
സത്യന്‍, പ്രേംനസീര്‍, കൊട്ടാരക്കര, ശിവാജി ഗണേശന്‍, നാഗേശ്വര റാവു തുടങ്ങി ഓര്‍മയിലേക്ക് മറഞ്ഞ ഒട്ടേറെ പ്രഗത്ഭരോടൊപ്പം സുകുമാരി അഭിനയിച്ചു. ഇതിനിടെ നാടകത്തിലും പ്രവര്‍ത്തിക്കാന്‍ സുകുമാരി സമയം കണ്ടെത്തി. ചോ രാമസ്വാമിയുടെ ഉടമസ്ഥതയിലുള്ള നാടക ട്രൂപ്പില്‍ 35 വര്‍ഷത്തോളം അവര്‍ അംഗമായിരുന്നു. അഞ്ഞൂറിലേറെ തവണ അവര്‍ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
മനസില്‍ തങ്ങിനില്‍ക്കുന്ന സുകുമാരിയുടെ കഥാപാത്രങ്ങള്‍ ഒട്ടേറെയാണ്. ഇത്രയധികം ചിത്രങ്ങളില്‍ അഭിനയിച്ച സുകുമാരി മനോഹരമാക്കിയ കഥാപാത്രങ്ങളുടെ പട്ടിക വളരെ നീണ്ടതാണെന്ന് പറയാം. അരപ്പട്ട കെട്ടിയ ഗ്രാമം, വന്ദനം, ചട്ടക്കാരി തുടങ്ങിയ സിനിമകളിലെ സുകുമാരി ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ അവരുടെ അസാധാരണമായ അഭിനയപാടവത്തിന് ഉദാഹരണങ്ങളാണ്.
മനസുകൊണ്ട് ഇപ്പോഴും പതിനാറുകാരിയ സുകുമാരിയില്‍ നിന്ന് സിനിമാ ലോകം പ്രതീക്ഷിക്കുന്നത് മനസില്‍ നിന്ന് മായാത്ത ഇത്തരം ഒട്ടേറെ കഥാപാത്രങ്ങളാണ്.


Click it and Unblock the Notifications