പലര്‍ക്കും വിജീഷ് വെല്ലുവിളി
പലര്‍ക്കും വിജീഷ് വെല്ലുവിളി
ഹരിശ്രീ അശോകനും സലിംകുമാറിനും വെല്ലുവിളിയാവാന്‍ പോവുന്ന താരമെന്ന് ഇപ്പോള്‍ വിജീഷിനുള്ള വിശേഷണം. കമലിന്റെ നമ്മളിലെ നൂലുണ്ട എന്ന കഥാപാത്രത്തിലൂടെ അരങ്ങേറിയ വിജീഷിനെ തേടി ഇപ്പോള്‍ അവസരങ്ങള്‍ ഒന്നൊന്നായെത്തുകയാണ്.
ദിലീപ് അവതരിപ്പിക്കാനിരുന്ന കഥാപാത്രം വിജീഷ് അവതരിപ്പിക്കുന്നുവെന്നത് തന്നെ പോരേ ഈ തടിയന്‍ പയ്യന് ഏതാനും ചിത്രങ്ങള്‍ കൊണ്ടുതന്നെ സിനിമയില്‍ ഏറെ മുന്നോട്ടുപോവാന്‍ കഴിഞ്ഞുവെന്നതിന് സാക്ഷ്യം. ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചക്രം എന്ന ചിത്രത്തിലാണ് അഭിനയപ്രധാനമായ വേഷത്തില്‍ വിജീഷ് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ മോഹന്‍ലാലിനെയും ദീലിപിനെയും വച്ച് കമല്‍ സംവിധാനം ചെയ്യാനിരുന്നതാണ് ഈ ചിത്രം. ചില കാരണങ്ങളാല്‍ മുടങ്ങിപോയ ചക്രം ലോഹിതദാസാണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. ദിലീപ് അവതരിപ്പിക്കാനിരുന്ന കഥാപാത്രത്തെ വിജീഷ് അവതരിപ്പിക്കുന്നു. മോഹന്‍ലാല്‍ ചെയ്യാനിരുന്ന വേഷത്തില്‍ പൃഥ്വിരാജും.
ഏറെ പ്രാധാന്യമുള്ള ഈ വേഷം തന്റെ അഭിനയജീവിതത്തില്‍ ഒരു ബ്രേക്ക് ആവുമെന്ന പ്രതീക്ഷയിലാണ് വിജീഷ്. ദിലീപ് അവതരിപ്പിക്കാനിരുന്ന കഥാപാത്രമായി അഭിനയിക്കുക എന്നത് ഏതാനും ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള ഒരു നടനെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും ഒരു സംഭവമാണല്ലോ.
ജിഷ്ണു, സിദ്ധാര്‍ഥ്, ഭാവന, രേണുകാ മേനോന്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ഒരുക്കിയ നമ്മളില്‍ ശ്രദ്ധേയമായ കഥാപാത്രമാണ് വിജീഷും അവതരിപ്പിച്ചത്. വിജീഷിന്റെ നൂലുണ്ട എന്ന കഥാപാത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ഹാസ്യം ചെയ്യുന്നതില്‍ തന്റേതായ ശൈലിയുണ്ടെന്നതാണ് ആദ്യകഥാപാത്രത്തോടെ തന്നെ വിജീഷ് ശ്രദ്ധേയനാവാന്‍ കാരണം.
വിജീഷിന്റെ ആദ്യത്തെ മൂന്ന് ചിത്രങ്ങളും കമല്‍ സംവിധാനം ചെയ്തവയാണ്. ഗ്രാമഫോണിലും സ്വപ്നക്കൂടിലുമാണ് വിജീഷ് നമ്മളിന് ശേഷം പ്രത്യക്ഷപ്പെട്ടത്. സ്വപ്നക്കൂടിലെ പാന്‍പരാഗ് വില്പനക്കാരനായ കഥാപാത്രം ചിത്രത്തിലെ നായകന്മാരായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ കഥാപാത്രങ്ങളോളം തന്നെ ശ്രദ്ധിക്കപ്പെട്ടു.
സനലിന്റെ ടു വീലര്‍ എന്ന ചിത്രത്തിലും തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ഫ്രീഡത്തിലും വിജീഷ് പ്രാധാന്യമുള്ള വേഷങ്ങള്‍അവതരിപ്പിക്കുന്നുണ്ട്. ഹാസ്യതാരങ്ങളുടെ മുന്‍നിരയിലേക്ക് പതുക്കെ ഉയരുകയാണ് ഈ നടന്‍.


Click it and Unblock the Notifications