വ്യത്യസ്ത ഭാവങ്ങളില്‍ സിദ്ദിക്കിന്റെ വില്ലന്‍
വ്യത്യസ്ത ഭാവങ്ങളില്‍ സിദ്ദിക്കിന്റെ വില്ലന്‍
ചൂണ്ടയിലെ വില്ലന്‍വേഷം സിദ്ദിക്കിന് നീണ്ട കൈയടിയാണ് നേടിക്കൊടുത്തിരിക്കുന്നത്. വേണുഗോപന്റെ ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് നല്ല അഭിപ്രായമില്ലെങ്കിലും മൂന്ന് ഭാവങ്ങളിലെത്തുന്ന വില്ലന്‍വേഷത്തെ സിദ്ദിക്ക് അവിസ്മരണീയമാക്കുന്നത് പ്രേക്ഷകര്‍ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.
ചൂണ്ടയിലെ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിക്ക് അവതരിപ്പിക്കുന്നത്. പ്രായത്തിന്റെ മൂന്ന് ഘട്ടങ്ങളിലാണ് ഈ കഥാപാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളില്‍ ആസക്തിയുള്ള മധ്യവയസിന്റെ ആരംഭത്തില്‍ നില്‍ക്കുന്ന വര്‍ഗീസ് പഞ്ഞിക്കാരന്‍ അല്പം കൂടി പ്രായം ചെന്ന ഘട്ടത്തിലും എഴുപതാം വയസിലും ഉശിര് ശമിക്കാത്ത അവസ്ഥയിലും പ്രത്യക്ഷപ്പെടുന്നു. കഥാപാത്രത്തിന്റെ മൂന്ന് അവസ്ഥകളെയും സിദ്ദിക്ക് ഗംഭീരമാക്കിയിരിക്കുന്നു.
കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലാണ് സിദ്ദിക്കും പ്രത്യക്ഷപ്പെടുന്നത്. ശബ്ദവും വ്യത്യസ്തം. കഥാപാത്രത്തിന്റെ മൂന്ന് ഭാവങ്ങള്‍ അവതരിപ്പിക്കാന്‍ മൂന്ന് തരത്തിലുള്ള ശബ്ദമാണ് ഈ കഥാപാത്രത്തിന് സിദ്ദിക്ക് നല്‍കിയിരിക്കുന്നത്. അഭിനയജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ അനുഭവം പ്രേക്ഷകര്‍ക്ക് അനുഭവമാക്കി തീര്‍ക്കുന്നതില്‍ സിദ്ദിക്ക് വിജയിച്ചിരിക്കുന്നു. ചിത്രത്തിലെ നായകനേക്കാള്‍ ശ്രദ്ധ നേടുന്നത് സിദ്ദിക്കിന്റെ ഈ വില്ലന്‍ വേഷമാണ്.
തന്റെ രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടാനായ സിദ്ദിക്കിന്റെ നേട്ടങ്ങളുടെ തുടര്‍ച്ചയാണ് ചൂണ്ടയിലെ കഥാപാത്രം. വര്‍ഗീസ് പഞ്ഞിക്കാരന്‍ രണ്ടാം വരവില്‍ സിദ്ദിക്കിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണെന്നതില്‍ സംശയമില്ല.
കരിയറിലെ ആദ്യഘട്ടത്തില്‍ നായകവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സിദ്ദിക്കിന് തിരക്കുകളുടെ മധ്യത്തിലാണ് തിരിച്ചടികള്‍ നേരിട്ടത്. കുറച്ചുകാലം അവസരങ്ങള്‍ ലഭിക്കാതിരുന്ന സിദ്ദിക്ക് തിരിച്ചുവരവ് നടത്തുന്നത് ഷാജി കൈലാസിന്റെ അസുരവംശം എന്ന ചിത്രത്തിലൂടെയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ലേലത്തിലെ കഥാപാത്രവും ശ്രദ്ധേയമായി.
വിജി തമ്പിയുടെ സത്യമേവ ജയതേയിലെ വില്ലന്‍ വേഷം സിദ്ദിക്കിന് ഒരു ബ്രേക്കായിരുന്നു. ചിത്രത്തിലെ തമിഴ് സംസാരിക്കുന്ന വില്ലന്‍ വേഷത്തെ അവിസ്മരണീയമാക്കാന്‍ സിദ്ദിക്കിന് കഴിഞ്ഞു.
ചെറിയ കഥാപാത്രങ്ങളെ പോലും തന്റേതായ രീതിയില്‍ ശ്രദ്ധേയമാക്കാന്‍ സിദ്ദിക്കിന് ഇപ്പോള്‍ കഴിയുന്നുവെന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. അന്യരിലെ ജേര്‍ണലിസ്റ് കഥാപാത്രം തന്നെ ഏറ്റവും നല്ല ഉദാഹരണം.


Click it and Unblock the Notifications