വിജയക്കുതിപ്പില്‍ ദിലീപ്

By Staff

വിജയക്കുതിപ്പില്‍ ദിലീപ്

ദിലീപ് കുതിപ്പിലാണ്. ഒന്നൊന്നായി വിജയത്തിലെത്തിയ ചിത്രങ്ങള്‍ ദിലീപിനെ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടനാക്കി തീര്‍ത്തിരിക്കുന്നു. ഒപ്പം നടനെന്ന നിലയില്‍ കൂടുതല്‍ പൂര്‍ണത കൈവരിക്കാനുള്ള ശ്രമങ്ങള്‍ ദിലീപിനെ വളര്‍ച്ചയുടെ പുതിയ വഴികളിലേക്കെത്തിക്കുകയാണ്.

ജോക്കറില്‍ നിന്നാണ് ദിലീപെന്ന നടന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടം ആരംഭിച്ചത്. തെങ്കാശിപട്ടണം, ദോസ്ത്, പറക്കുംതളിക, ഇഷ്ടം........ഹിറ്റ് ചിത്രങ്ങളുടെ ഒരു വിജയപ്പട്ടികയാണ് തുടര്‍ന്നങ്ങോട്ട് ദിലീപിന്റെ അഭിനയജീവിതം. മലയാളത്തില്‍ ഏറ്റവും ഗ്യാരന്റിയുള്ള നടനെന്ന സ്ഥാനം നിര്‍മാതാക്കള്‍ ദിലീപിന് പതിച്ചുനല്‍കികഴിഞ്ഞു.

സല്ലാപത്തിലാണ് ദിലീപിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. മഞ്ജുവാര്യരോടൊത്ത് അഭിനയിച്ച ആ ചിത്രം തന്നെ ദിലീപിനെ ഏറെ ശ്രദ്ധേയനാക്കി. നല്ലൊരു ഹാസ്യനടന്‍ എന്ന വിശേഷണം ആദ്യചിത്രം തന്നെ ദിലീപിന് നേടികൊടുത്തു. റാഫി-മെക്കാര്‍ട്ടിന്‍ ഹിറ്റ് മേക്കറായി മാറുന്ന പഞ്ചാബി ഹൗസിലെത്തുമ്പോഴേക്കും തന്റേതായ പൊടിക്കൈകളിലൂടെ പ്രേക്ഷകന്റെ മനസില്‍ സ്ഥാനം നേടാന്‍ കഴിയുന്ന മികച്ച നടനായി ദിലീപ് മാറികഴിഞ്ഞിരുന്നു.

ലോഹിതദാസിന്റെ ജോക്കറാണ് ടൈപ്പ് കോമഡി വേഷങ്ങളില്‍ നിന്ന് ദിലീപിന് ഒരു മോചനം നേടികൊടുത്തത്. ദു:ഖങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പുറമെ ചിരിച്ചു കാണിക്കേണ്ടിവരുന്ന ഒരു ജോക്കറുടെ നൊമ്പരങ്ങളും വേദനകളും ദിലീപ് തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ചു. ജോക്കറിന്റെ വിജയത്തിന് ശേഷം ദിലീപിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അഭിനയിച്ച ഓരോ ചിത്രവും ബോക്സോഫീസില്‍ വിജയം കൊയ്തതോടെ ദിലീപിന്റെ താരമൂല്യം വര്‍ധിക്കുകയായിരുന്നു.

മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടനെ തേടി മലയാളത്തിന് പുറത്തുനിന്നും ഓഫറുകളെത്തി. വിജയകാന്ത് അഭിനയിക്കുന്ന രാജ്യം എന്ന ചിത്രത്തില്‍ ഒരു ഊമയായ കഥാപാത്രത്തിന്റെ വേഷമാണ് ദിലീപിനെ തേടിയെത്തിയത്. മലയാളത്തിലെ തിരക്കിനിടയില്‍ വന്ന ഈ ഓഫര്‍ ഒഴിവാക്കാനായി ദിലീപ് തന്റെ റേറ്റ് കൂട്ടിപ്പറയുകയായിരുന്നു. എന്നാല്‍ ദിലീപ് ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തയ്യാറായത് ദിലീപിനെ തന്നെ ഞെട്ടിപ്പിച്ചുകൊണ്ടാണ്. അതോടെ വിലയേറി കൊണ്ടിരിക്കുന്ന ഈ താരം തമിഴ് ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റു.

തിരക്കിനിടയിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് പുതിയ പരീക്ഷണങ്ങള്‍ നടത്താനും ദിലീപ് ശ്രദ്ധാലുവാണ്. ക്രിസ്മസ് ചിത്രമായ ലോഹിതദാസിന്റെ സൂത്രധാരനില്‍ വൈദ്യവും അച്ചാര്‍ വില്പനയുമൊക്കെയായി ചില സൂത്രങ്ങളിലൂടെ ജീവിച്ചുപോകുന്ന ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ജോക്കറിന് ശേഷം ലോഹിതദാസ് ദിലീപിന് നല്‍കുന്ന മറ്റൊരു വ്യത്യസ്ത വേഷം.

ലാല്‍ ജോസിന്റെ പുതിയ ചിത്രമായ മീശ മാധവനില്‍ ടൈറ്റില്‍ റോള്‍ ചെയ്യുന്ന ദിലീപ് താന്തോന്നിയായ ഒരു ഗുണ്ടയുടെ വേഷമാണ് ചെയ്യുന്നത്. പുറമെ മറ്റുള്ളവരെ ഭയപ്പെടുത്തുന്ന തരത്തില്‍ പെരുമാറുന്നെങ്കിലും ഉള്ളില്‍ ഭീരുവായ ഈ കഥാപാത്രം ദിലീപിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷമായിരിക്കും.

ബെന്നി പി. നായരമ്പലത്തിന്റെ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുകയാണ് ദിലീപ്. നായകന്റെയും വില്ലന്റെയും വേഷങ്ങളാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ദിലീപിന് വിശ്രമമില്ല. അക്ബര്‍-എബി ജോസിന്റെ മഴത്തുള്ളികിലുക്കം പൂര്‍ത്തിയാക്കിയാല്‍ സുന്ദര്‍ദാസിന്റെ കുബേരന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ദിലീപ്. മീശ മാധവനും കുഞ്ഞികൂനനും തമിഴ്ചിത്രവുമൊക്കെ അതിനുശേഷം. പുതിയ വിജയങ്ങളിലേക്ക് ഉറ്റുനോക്കുന്ന ദിലീപിന് നടന്നുകയറാന്‍ ഇനിയും വളര്‍ച്ചയുടെ പടവുകളേറെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X