നായകന്‍, വില്ലന്‍, പിന്നെ രണ്ടാംവരവ്....
നായകന്‍, വില്ലന്‍, പിന്നെ രണ്ടാംവരവ്....
യുവാക്കളുടെ ഹരമായിരുന്ന ജയന്റെ ആകസ്മിക മരണം സൃഷ്ടിച്ച ശൂന്യതയിലേക്ക് പല നായകനടന്മാരും കടന്നുവന്നു. അതിലൊരാളായിരുന്നു രതീഷ്. ഐ. വി. ശശിയുടെ ചിത്രങ്ങളിലൂടെ മലയാളത്തിലെ ഒന്നാം നിര നടനായി വിലസിയ രതീഷ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത് പെട്ടെന്നായിരുന്നു.
കെ. ജി. ജോര്‍ജിന്റെ ഉള്‍ക്കടലിലൂടെയാണ് രതീഷ് സിനിമാരംഗത്തെത്തുന്നത്. ഐ. വി. ശശിയുടെ തുഷാരം എന്ന ചിത്രത്തിലെ കഥാപാത്രം രതീഷിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. ഈ ചിത്രത്തോടെ മലയാള സിനിമകളിലെ സ്ഥിരം നായകന്മാരിലൊരാളായി രതീഷ് മാറി.
ഇടക്കാലത്ത് മലയാളത്തിലെ നമ്പര്‍ വണ്‍ നായകനായിരുന്നു രതീഷ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായകനായി രതീഷ് അഭിനയിച്ചു. ഇപ്പോഴത്തെ മെഗാസ്റാര്‍ മമ്മൂട്ടിയ്ക്ക് അക്കാലത്ത് രണ്ടാം സ്ഥാനമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ നമ്പര്‍ വണ്‍ നടനായി അധികകാലം തുടരാന്‍ എന്തുകൊണ്ടോ രതീഷിന് കഴിഞ്ഞില്ല. പതുക്കെ രതീഷിന്റെ കരിയര്‍ ഗ്രാഫ് താഴേക്ക് പോയി. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി വളര്‍ന്നതോടെ നായകപദവിയില്‍ നിന്നും വഴിയോരക്കാഴ്ചകള്‍ പോലുള്ള ചിത്രങ്ങളിലൂടെ ഉപനായക വേഷത്തിലേക്കും രാജാവിന്റെ മകന്‍ പോലുള്ള ചിത്രങ്ങളിലൂടെ പ്രധാനവില്ലന്‍വേഷത്തിലേക്കും രതീഷിന് കൂടുമാറേണ്ടിവന്നു.
ഏറെ കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന രതീഷ് ഷാജി കൈലാന്റെ കമ്മീഷണര്‍, രാജീവ് അഞ്ചലിന്റെ കാശ്മീരം എന്നീ ചിത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്. കമ്മീഷണറിലെ മോഹന്‍ തോമസ് എന്ന വില്ലന്‍ കഥാപാത്രം രതീഷിന്റെ തിരിച്ചുവരവ് ശ്രദ്ധേയമാക്കി. കാശ്മീരത്തിലും ഒരു പ്രധാന കഥാപാത്രത്തെയാണ് രതീഷ് അവതരിപ്പിച്ചത്.
രണ്ടാം വരവില്‍ ശ്രദ്ധേയമായ ചില വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ രതീഷിന് കഴിഞ്ഞു. രഞ്ജിത്തിന്റെ രാവണപ്രഭുവിലെ കഥാപാത്രം അതിലൊന്നാണ്.
സിനിമാഭിനയത്തിനിടയില്‍ രതീഷ് ചിത്രനിര്‍മാണവും നടത്തിയിരുന്നു. നടന്‍ സത്താറുമായി ചേര്‍ന്നാണ് രതീഷ് സിനിമ നിര്‍മിച്ചിരുന്നത്. ഒട്ടേറെ ചിത്രങ്ങള്‍ ഇവര്‍ ചേര്‍ന്ന് നിര്‍മിച്ചു. ഭദ്രന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ അയ്യര്‍ ദി ഗ്രേറ്റ് നിര്‍മിച്ചത് രതീഷാണ്.
ടെലിവിഷന്‍ സീരിലയലുകളിലും രതീഷ് അഭിനയിച്ചിരുന്നു. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് രതീഷ് അവതരിപ്പിച്ചത്. സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന വേനല്‍മഴയില്‍ രതീഷായിരുന്നു നായകന്‍.


Click it and Unblock the Notifications











